ഇന്ത്യക്കാരിയായ ജോലിക്കാരി വ്യാജ പരിക്ക് അഭിനയിച്ച് പണം തട്ടാന്‍ ശ്രമിച്ചെന്ന് കുറിപ്പെഴുതി രണ്ടാം ദിവസം സിംഗപ്പൂര്‍ ബിസിനസ് യുവതി മരിച്ചു. അസ്വാഭാവിക മരണമെന്ന് പോലീസ്. 

സിംഗപ്പൂർ ബിസിനസ് ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു സുമോ സലാഡ് എന്ന ഭക്ഷണശാലയുടെ ഉടമയായിരുന്ന ജെയ്ൻ ലീ എന്ന ബിസിനസുകാരിയുടെ മരണം. തന്‍റെ ഇന്ത്യക്കാരിയായ ജോലിക്കാരി വ്യാജ പരിക്ക് അഭിനയിച്ച് പണം തട്ടാന്‍ ശ്രമിച്ചെന്ന എഫ്ബി കുറിപ്പിന് പിന്നാലെയായിരുന്നു ജെയ്ൻ ലീയുടെ മരണം. ഇതോടെ അസ്വാഭാവിക മരണത്തിനാണ് സിംഗപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ ടാര്‍ഗറ്റ് സ്റ്റോറില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്ന് കളയാന്‍ ശ്രമിച്ചതിന് പിടിയിലായ ഇന്ത്യന്‍ യുവതിക്ക് പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ യുവതിക്കെതിരെ വിദേശത്ത് നിന്നും പരാതി ഉയരുന്നത്.

ജൂലൈ 17 -നാണ് ജെയ്ൻ ലീ തന്‍റെ ജോലിക്കാരിയായ ഇന്ത്യന്‍ യുവതിക്കെതിരെ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പെഴുതിയത്. രണ്ട് ദിവസങ്ങൾക്ക് ശേഷം ജൂലൈ 19 ന് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ലീയുടെ മരണ കാരണം വ്യക്തമല്ലെന്ന് പറഞ്ഞ സിംഗപ്പൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സിംഗപ്പൂരിലെ ഹോളണ്ട് വില്ലേജിലുള്ള സുമോ സലാഡ് എന്ന ഭക്ഷണശാലയുടെ ഉടമയായിരുന്നു ജെയ്ൻ ലീ. മരണത്തിന് ഒരു ദിവസം മുമ്പ് തന്‍റെ റെസ്റ്റോറന്‍റിലെ ഇന്ത്യന്‍ ജീവനക്കാരി നഷ്ടപരിഹാരം തട്ടിയെടുക്കാനായി ജോലിക്കിടെ വീണ് പരിക്കേറ്റതായി അഭിനയിച്ചു. അതും അവരുടെ കോണ്‍ട്രാക്റ്റ് തീര്‍ന്ന ദിവസം.

ശ്രാന്‍ കിരൺജീത് കൗർ എന്ന ജീവനക്കാരിയ്ക്ക് യഥാര്‍ത്ഥത്തില്‍ പരിക്കില്ല. അതിന്‍റെ തെളിവുകൾ തന്‍റെ കൈയിലുണ്ടെന്നും ലീ കുറിപ്പില്‍ അവകാശപ്പെട്ടു. മറ്റ് സമയങ്ങളിലെല്ലാം ഒരു കുഴപ്പവുമില്ലാതെ നടക്കുന്ന യുവതി ഡോക്ടറെ കാണുമ്പോൾ തനിക്ക് ഗുരുതര പരിക്കുണ്ടെന്ന് അഭിനയിക്കുകയാണെന്നും ലീ ആരോപിക്കുന്നു. ശ്രാന്‍ കിരൺജീത് കൗറിന്‍റെ തൊഴില്‍ കരാര്‍ അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാലിന്യം നീക്കുന്നതിനിടെ എസ്കലേറ്ററിൽ നിന്നും വഴുതി വീണെന്നായിരുന്നു അവകാശപ്പെട്ടത്. എന്നാല്‍, പുറമേയ്ക്ക് യാതൊരു പരിക്കുമില്ലായിരുന്നു. ഇത് പണം തട്ടാനുള്ള ഒരു അടവാണെന്നും ആളുകൾക്ക് പണത്തിന് വേണ്ടി ഇത്രയും വഞ്ചന കാണിക്കാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ലീ തന്‍റെ കുറിപ്പിലെഴുതി.

തൊഴില്‍ സ്ഥാപനത്തില്‍ നിന്നും പരിക്കേറ്റെന്ന് വാദിച്ച് പണം തട്ടാനുള്ള ശ്രമമാണ് അവരുടെത്. ശ്രാന്‍ കിരൺജീത് കൗറും ഭര്‍ത്താവും മാമുവും മുമ്പും ബിസിനസുകളിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട ലീ, ഇവര്‍ക്ക് നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് നിയമ സ്ഥാപനങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും പരാതിപ്പെട്ടിരുന്നു. ചെറുകിട ബിസിനസ് ഉടമകളെ ലക്ഷ്യം വയ്ക്കുക എന്നതാണ് ശ്രാന്‍റെ തന്ത്രമെന്നും ലീ ആരോപിച്ചു. തന്‍റെ ജീവനക്കാരിക്കെതിരെ കുറിപ്പെഴുതി രണ്ടാം ദിവസമാണ് ലീ മരിച്ചത്. കുറിപ്പില്‍ അവര്‍ സിംഗപ്പൂർ മാൻപവർ മന്ത്രാലയത്തോടും പോലീസിനോടും കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മരണ കാരണം വ്യക്തമല്ലെന്നായിരുന്നു പോലീസ് അറിയിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും പോലീസ് പറഞ്ഞു.