രാജസ്ഥാനിലെ ബൻസ്വാരയിൽ നിന്ന് 16 സീറ്റുള്ള ജീപ്പിൽ 60 പേർ അപകടകരമായി യാത്ര ചെയ്യുന്ന വീഡിയോ വൈറലായി. ഈ സംഭവം പ്രദേശത്തെ പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയിലേക്കാണ് വിരൽ ചൂണ്ടുന്നത്, ഇത് കാരണം ആളുകൾ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു.

ടുത്ത കാലത്തായി ഗതാഗത സംവിധാനങ്ങളിൽ വലിയ കുതിച്ച് ചാട്ടമാണ് ലോകത്ത് സംഭവിച്ചത്. എന്നാൽ ഇന്ത്യയെ പോലെ വിശാലമായൊരു രാജ്യത്തിന്‍റെ പല ഭാഗങ്ങളും ഇന്നും ഇത്തരം പുതിയ കണ്ടെത്തലുകൾക്ക് പുറത്താണ്. ഇന്നും റോഡുകൾ പോലുമില്ലാത്ത ഗ്രാമങ്ങളെ കുറിച്ചും ഇതുവരെ ഒരു ബസ് പോലും ചെന്നെത്തിയിട്ടില്ലാത്ത മലയോര ഗ്രാമങ്ങളെ കുറിച്ചുമുള്ള വാർത്തകൾ കർണ്ണാടക മുതൽ മേഘാലയ വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരന്തരം പുറത്ത് വരുന്നു. ഏറ്റവും ഒടുവിലായി ആ ഗണത്തിൽപ്പെടുത്താവുന്ന ഒരു വീഡിയോ സമൂഹ മാധ്യമ ഉപഭോക്താക്കളെ അക്ഷരാര്‍ത്ഥത്തിൽ അമ്പരപ്പിച്ചു. വെറും 16 സീറ്റിംഗ് കപ്പാസിറ്റിയുള്ള ജീപ്പിൽ യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള 60 ഓളം പേരുടെ വീഡിയോയായിരുന്നു അത്.

വൈക്കോൽ കയറ്റിപ്പോകുന്ന ട്രക്ക് പോലെ

രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ആനന്ദപുരി പ്രദേശത്ത് നിന്നുമാണ് ഞെട്ടിക്കുന്ന ഒരു വീഡിയോ പുറത്തുവന്നത്. 16 സീറ്റുള്ള ഒരു ജീപ്പിൽ 60 ഓളം യാത്രക്കാർ ബോണറ്റിലും പിന്നിലും സൈഡിലും മുകളിലുമായി തിക്കിത്തിരക്കി യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു അത്. പ്രായമായവരും സ്ത്രീകളും കുട്ടികളും ജീവൻ പണയപ്പെടുത്തി ജീപ്പിൽ യാത്ര ചെയ്യുന്നത് കാണാം. യാത്രക്കാരായ കുട്ടികളും സ്ത്രീകളും പുരുഷന്മാരും ജീപ്പിന്‍റെ പുറത്തും ബോണറ്റിലും മേൽക്കൂരയിലും സ്റ്റെപ്നിയിലും ഡ്രൈവറുടെ വാതിലിന് മുന്നിൽ പോലും തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്നത് കാണാം. ഇത്രയേറെ ആളുകൾ അപകടകരമായ രീതിയിൽ ഇരിക്കുമ്പോഴും വാഹനം അത്യാവശ്യം വേഗത്തിലായിരുന്നു പോയത്. യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ഡ്രൈവ‍ർക്ക് ആശങ്കകൾ ഇല്ലെന്ന് വീഡിയോ കണ്ടാൽ വ്യക്തമാകും. ഡ്രൈവർക്ക് തന്‍റെ മുന്നിലെ ഗ്ലാസിൽ കൂടി മാത്രമേ പുറത്തുള്ളതെന്തെങ്കിലും കാണാൻ കഴിയൂ. മറ്റ് ഭാഗങ്ങളെല്ലാം ആളുകൾ നിറഞ്ഞ് നിൽക്കുകയാണ്.

Scroll to load tweet…

തകർന്ന പൊതുഗതാഗത സംവിധാനം

വീഡിയോ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ, പൊതുഗതാഗത സൗകര്യങ്ങൾ മോശമാണെന്ന പരാതി ഉയർന്നു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരോടും പോലീസിനോടും പ്രദേശത്ത് അമിതഭാരവും സീറ്റിംഗ് കപ്പാസിറ്റിയിലും കൂടുതൽ ആളെയും കയറ്റിപോകുന്ന വാഹനങ്ങൾ പിടികൂടാനും പിഴ ചുമത്താനും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. വീഡിയോ വൈറലായതിന് പിന്നാലെ സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അമിതഭാരം കയറ്റിപോകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ആ പ്രദേശത്തുകാരുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചില്ലെന്നും കാണാം. ആദിവാസികൾ കൂടുതലുള്ള ഈ പ്രദേശത്ത് ബസുകൾ അടക്കമുള്ള പൊതു ഗതാഗത സംവിധാനത്തിന്‍റെ അപര്യാപ്തയുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതിനാൽ ആളുകൾ നിരന്തരം ഇത്തരത്തിൽ അപകടകരമായി യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു.