5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡൗൺ സിൻഡ്രോം ബാധിച്ചിരുന്നവരെ അന്നത്തെ സമൂഹം വളരെ കരുതലോടെയാണ് പരിചരിച്ചിരുന്നതെന്നും ഗവേഷകര്‍. (ചിത്രം: ഡൗൺ സിൻഡ്രോം രോഗ ബാധിതനായ കുട്ടി / ഗെറ്റി)
അഡ്ലെയ്ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ 5,000 വർഷം പഴക്കമുള്ള ഡിഎൻഎകളിൽ ഡൗൺ സിൻഡ്രോമിന്‍റെ ആറ് കേസുകൾ കണ്ടെത്തി. ഒരു വ്യക്തിക്ക് ഒരു അധിക ക്രോമസോം അല്ലെങ്കിൽ ഒരു ക്രോമസോമിന്‍റെ ഒരു അധിക ഭാഗം ഉള്ള അവസ്ഥയാണ് ഡൗൺ സിൻഡ്രോം. ഏകദേശം 10,000 ആളുകളിൽ നിന്ന് ഡിഎൻഎ വിശകലനം ചെയ്തതിന് ശേഷമാണ് ഗവേഷകർ ആറ് കേസുകൾ കണ്ടെത്തിയത്. ഡിഎന്‍എ ശേഖരിച്ച വ്യക്തികളെല്ലാം പുരാതന സമൂഹങ്ങളിൽ നിന്നുള്ളവരായിരുന്നു.
നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേണലിൽ ഈ പഠനത്തിന്‍റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരിക്കുമ്പോൾ വ്യക്തികൾ ചെറുപ്പമായിരുന്നെന്നും അവരെ കരുതലോടെ വീടുകളിൽ സംസ്‌കരിച്ചെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു. ആരാധനാലയങ്ങളോടും മറ്റും ചേർന്നുള്ള പ്രത്യേക കെട്ടിടങ്ങളിലുമായാണ് അവരെ അടക്കം ചെയ്തിരുന്നതെന്ന് ഗവേഷകർ പറയുന്നു. ഡൗൺ സിൻഡ്രോം ബാധിച്ചവരോട് മുൻകാലങ്ങളിലെ സമൂഹങ്ങള്‍ വളരെയധികം കരുതലും സ്നേഹവും കാണിച്ചിരുന്നു എന്നതിന് തെളിവാണ് ഈ കരുതലോടെയുള്ള ശവസംസ്കാര രീതികളെന്നും ഗവേഷകർ ചൂണ്ടികാട്ടി.
ക്യാന്‍സര്‍ അതിജീവിച്ച ആളുടെ മൂക്കില്‍ നിന്നും രക്തം; പരിശോധനയില്‍ കണ്ടെത്തിയത് 150 ഓളം പുഴുക്കളെ!
രോഗബാധ കണ്ടെത്തിയ ആറ് പേരും യൂറോപ്പിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. ഫിൻലാൻഡിലെ ഹെൽസിങ്കിയിലെ ഒരു പള്ളി ശ്മശാനത്തിൽ നിന്നാണ് ആദ്യത്തെ കേസ്. മറ്റ് രണ്ടെണ്ണം ഗ്രീക്ക് ദ്വീപായ എജീനയിലും വെങ്കലയുഗ ബൾഗേറിയൻ ടെൽ സൈറ്റിലുമാണ് കണ്ടെത്തിയത്. ബാക്കിയുള്ള മൂന്ന് പേരെ സ്പെയിനിലെ രണ്ട് ഇരുമ്പ് യുഗ സൈറ്റുകളായ ആൾട്ടോ ഡി ലാ ക്രൂസ്, ലാസ് എറെറ്റാസ് എന്നിവിടങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. ഈ സൈറ്റുകൾ ഏകദേശം 2,500 മുതൽ 5,000 വർഷം വരെ പഴക്കമുള്ളവയാണ്. മരണസമയത്തെ അവരുടെ പ്രായം കണക്കാക്കിയതനുസരിച്ച്, ഈ കുഞ്ഞുങ്ങൾ ജനിച്ചയുടൻ തന്നെ മരണപ്പെട്ടവരാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ഡൗൺ സിൻഡ്രോം കേസുകൾക്ക് പുറമേ എഡ്വേർഡ് സിൻഡ്രോം ബാധിച്ച ഒരു ശിശുവിന്‍റെ അസ്ഥികൂടവും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എഡ്വേർഡ് സിൻഡ്രോം ഒരു കുഞ്ഞിന്‍റെ ആയുസ്സിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ അവസ്ഥയാണ്. ഈ അവസ്ഥ കാരണം, അസ്ഥികൂടം കണ്ടെത്തിയ ശിശു, 40-ആഴ്‌ച ഗർഭകാലം വരെ മാത്രമേ അതിജീവിച്ചിരിക്കാൻ സാധ്യതയുള്ളൂവെങ്കില്‍ കൂടിയും അന്നത്തെ സമൂഹം കുഞ്ഞിന് പ്രത്യേക സംസ്‌കാരം നടത്തിയിരുന്നതായും ഗവേഷകർ പറയുന്നു.
