അമേരിക്കയിലെ നെബ്രാസ്കയിൽ ആറുവയസ്സുകാരനായ ലിയോ യങ്ഡാൽ ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള അപൂർവ സമുദ്രജീവിയുടെ ഫോസിൽ കണ്ടെത്തി. കോണുലാരിഡ് എന്ന പുരാതന ജീവിയുടെ ഫോസിലാണിത്. അര നൂറ്റാണ്ടിനുശേഷമാണ് സംസ്ഥാനത്ത് ഇത്തരമൊരു ഫോസിൽ കണ്ടെത്തുന്നത്.

ഫോസിൽ തേടിയിറങ്ങിയ ആറുവയസ്സുകാരന് ലഭിച്ചത് പതിറ്റാണ്ടുകളായി സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ലാത്ത അപൂർവ സമുദ്രജീവിയുടെ ഫോസിൽ! അമേരിക്കയിലെ നെബ്രാസ്കയിലുള്ള ലിയോ യങ്ഡാൽ എന്ന ബാലനാണ് 200 ദശലക്ഷം മുതൽ 500 ദശലക്ഷം വർഷം വരെ പഴക്കമുള്ളതായി കണക്കാക്കുന്ന പുരാതന സമുദ്രജീവിയുടെ ഫോസിൽ കണ്ടെത്തിയത്.

കല്ലൊന്ന് മറിച്ചപ്പോൾ!

നെബ്രാസ്കയിലെ ഗ്രെറ്റ്നയ്ക്ക് സമീപമുള്ള ഷ്രാം പാർക്ക് സ്റ്റേറ്റ് റിക്രിയേഷൻ ഏരിയയിൽ വേനൽക്കാലത്തിന്‍റെ അവസാനഘട്ടത്തിൽ സംഘടിപ്പിച്ച ‘റാഫ്റ്റിങ് ആൻഡ് റോക്ക്സ്’ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ആറ് വയസുകാരന്‍റെ ഈ കണ്ടെത്തൽ. സാധാരണയായി സസ്യങ്ങളെപ്പോലെ തോന്നുന്ന ക്രിനോയിഡ് ഫോസിലുകൾ തിരയുകയായിരുന്നു ലിയോ. ഇതിനിടെ വലിയൊരു കല്ല് മറിച്ച് നോക്കിയപ്പോൾ അടിഭാഗത്ത് പാമ്പിന്‍റെ വയറിലെ ചെതുമ്പലുകളോട് സാമ്യമുള്ള വിചിത്രമായ അടയാളം അവന്‍റെ ശ്രദ്ധയിൽപ്പെട്ടു.

Scroll to load tweet…

ലിയോ ഈ കല്ല് ഷ്രാം വിദ്യാഭ്യാസ കേന്ദ്രത്തിലെ ഔട്ട്ഡോർ എജ്യുക്കേഷൻ സ്പെഷ്യലിസ്റ്റായ കെല്ലി എക്യൂവിനെ കാണിച്ചു. തുടർപരിശോധനയ്ക്കായി ചിത്രം വിദഗ്ധർക്ക് കൈമാറി. നെബ്രാസ്ക സർവകലാശാലാ സ്റ്റേറ്റ് മ്യൂസിയത്തിലെ പാലിയന്‍റോളജിസ്റ്റ് ഷെയ്ൻ ടക്കറും ജിയോളജിസ്റ്റ് ബോബ് ഡിഫെൻഡലും ഉൾപ്പെടെയുള്ള വിദഗ്ധർ പരിശോധിച്ചശേഷം ഇത് ‘കോണുലാരിഡ്’ എന്ന പുരാതന സമുദ്രജീവിയുടെ ഫോസിലാണെന്ന് തിരിച്ചറിഞ്ഞു.

തലകീഴായ പിരമിഡിന്‍റെ ആകൃതിയുള്ള ജീവി

ഏകദേശം 2.75 ഇഞ്ച് നീളമുള്ള ഫോസിലിൽ കാണുന്ന പ്രത്യേക ഹെറിങ്ബോൺ മാതൃകയിലുള്ള അടയാളങ്ങളാണ് ഫോസിലിനെ തിരിച്ചറിയാൻ സഹായിച്ചത്. ജെല്ലിഫിഷിനോട് സാമ്യമുള്ള ശരീരവും തലകീഴായ പിരമിഡിന്‍റെ ആകൃതിയുള്ള ജീവിയായിരുന്നു കോണുലാരിഡ്. മൃദുവായ ശരീരവും നേർത്ത അസ്ഥികൂടവും കാരണം ഇത്തരം ഫോസിലുകൾ അപൂർവമായാണ് സംരക്ഷിക്കപ്പെടുന്നതെന്ന് ഈ രംഗത്തെ വിദഗ്ദരും പറയുന്നു. നെബ്രാസ്കയിൽ ഇതിന് മുമ്പ് കണ്ടെത്തിയതായി അറിയപ്പെടുന്ന സമാന ഫോസിലുകൾ 55 വർഷത്തിലേറെ മുമ്പാണ് ലഭിച്ചത്. ലിയോയുടെ കണ്ടെത്തൽ ഷ്രാം പാർക്കിൽ വിദ്യാഭ്യാസ പരിപാടികൾക്കായി സൂക്ഷിക്കും. തന്‍റെ ആദ്യത്തെ സമ്പൂർണ ഫോസിൽ കണ്ടെത്തിയതിൽ ലിയോയും വളരെ ആവേശത്തിലാണ്.