പ്രദേശത്തെ ആളുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ടൂറിസത്തിന്റെ പുതിയൊരനുഭവം വിനോദസഞ്ചാരികൾക്ക് പ്രദാനം ചെയ്യുക എന്നത് കൂടിയാണ് ഈ ഹോട്ടലിന്റെ ലക്ഷ്യം.
ഇന്തോനേഷ്യയിലുള്ള ഒരു ഏഴുമുറിയുള്ള ഹോട്ടൽ, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും മെലിഞ്ഞ ഹോട്ടലായിരിക്കും. സെൻട്രൽ ജാവയിലെ സലാറ്റിഗയിലുള്ള ഈ ഹോട്ടൽ പണിതിരിക്കുന്നത് ആർക്കിടെക്റ്റ് ആരി ഇന്ദ്രനാണ്.
അഞ്ച് നിലകളുള്ള ഈ ഹോട്ടലിന്റെ വീതി വെറും 2.8 മീറ്റർ മാത്രമാണ്. പിറ്റുറൂംസ് എന്നാണ് ഈ ഹോട്ടലിന്റെ പേര്. പിറ്റു എന്നാൽ ഏഴ് എന്നാണ് അർത്ഥം. മെർബാബു പർവതത്തിന്റെ താഴ്വാരത്തായിട്ടാണ് ഈ ചെറുതെങ്കിലും മനോഹരമായ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിലെ മുറികളിലിരുന്ന് തന്നെ പർവതത്തിന്റെ ഭംഗി ആസ്വദിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഒരു ഡബിൾ ബെഡ്ഡ്, ഷവറുള്ള ചെറിയൊരു ബാത്ത്‍റൂം, ടോയ്‍ലെറ്റ് എന്നിവയെല്ലാം ചേർന്നതാണ് ഇതിലെ ഒരു മുറി. മുറി ചെറുതാണെങ്കിലും അത് പ്രാദേശികമായ കലാസൃഷ്ടികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അതുപോലെ ഹോട്ടലിന്റെ മുകൾ നിലയിൽ ഒരു ബാറും ഒരു റെസ്റ്റോറന്റുമുണ്ട്.
ആരി ഇന്ദ്രൻ തന്റെ ജന്മനാടിനോടുള്ള ആദരമായിട്ടാണ് ഈ ഹോട്ടൽ പണിതിരിക്കുന്നത്. വെറും ഒരു ഹോട്ടൽ എന്നതിലുപരിയായി ഒരു കുഞ്ഞുഗ്രാമം തുറന്ന ഹൃദയത്തോടെ ആളുകളെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവു കൂടിയായി ഈ ഹോട്ടൽ മാറും എന്നാണ് പറയുന്നത്.
പ്രദേശത്തെ ആളുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ടൂറിസത്തിന്റെ പുതിയൊരനുഭവം വിനോദസഞ്ചാരികൾക്ക് പ്രദാനം ചെയ്യുക എന്നത് കൂടിയാണ് ഈ ഹോട്ടലിന്റെ ലക്ഷ്യം. തന്റെ സ്വന്തം ടീമിനൊപ്പം ചേർന്നാണ് താനീ ഹോട്ടൽ പണിതത് എന്നാണ് ആരി ഇന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്.
വലിയ, ആഡംബരം കൂടിയ മുറികളും മറ്റുമാണ് നല്ലത് എന്ന സങ്കൽപ്പത്തെ കൂടി പൊളിച്ചെഴുതുക എന്ന ലക്ഷ്യം കൂടി ഈ ഹോട്ടലിനുണ്ട്. 2022 ഡിസംബറിലാണ് ഈ ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് ഇന്തോനേഷ്യയിൽ നിന്നാണെന്നും ആരി ഇന്ദ്രൻ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
