നിരന്തരം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അപ്പാര്‍ട്ട്മെന്‍റ് തങ്ങളുടെ അഴുക്ക് ചാലുകൾ വൃത്തിയാക്കാന്‍ തയ്യാറായാത്. പക്ഷേ വൃത്തിയാക്കിയപ്പോൾ കണ്ടത് തലയോട്ടിയും എല്ലുകളും

ജൂണ്‍ 16 ന് തെക്ക് കിഴക്കന്‍ ബെംഗളൂരുവിലെ എംഎന്‍ ക്രിഡന്‍റ്സ് ഫ്ലോറാ അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സിന്‍റെ അഴുക്ക് ചാല്‍ വൃത്തിയാക്കുന്നതിനിടെ ലഭിച്ച വസ്തുക്കൾ കണ്ട് തൊഴിലാളികൾ അമ്പരന്നു. മനുഷ്യന്‍റെ തലയോട്ടിക്ക് സമാനമായ തലയോട്ടികളും എല്ലുമായിരുന്നു അഴുക്കുചാലില്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്ക് ലഭിച്ചത്. ഉടന്‍തന്നെ തൊഴിലാളികൾ റെസിഡൻസ് അസോസിയേഷനെ വിവരം അറിയിക്കുകയും അവര്‍ പോലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

അപ്പാര്‍ട്ട്മെന്‍റിന്‍റെ കാര്‍പാര്‍ക്കിന് സമീപമുള്ള അഴുക്കുചാലില്‍ നിന്നുമാണ് മനുഷ്യാസ്ഥിക്ക് സമാനമായ അസ്ഥികളും മറ്റും കണ്ടെത്തിയത്. അതേസമയം ലഭിച്ച് അസ്ഥികൾ മനുഷ്യന്‍റെതാണോ മൃഗത്തിന്‍റെതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ലഭിച്ച എല്ലുകൾ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചെന്നും പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയപ്പോൾ, അപ്പാര്‍ട്ടമെന്‍റിലെ ചില താമസക്കാര്‍ നേരത്തെ ആ സ്ഥലം ഒരു ശ്മശാന ഭൂമിയായിരുന്നെന്നും അവിടെ നിന്നുള്ള അസ്ഥികളാകാമതെന്നും അറിയിച്ചു. എന്നാല്‍, ഫോറന്‍സിക് ഫലം വരുന്നത് വരെ ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്. അതേസമയം തദ്ദേശ സ്ഥാപനത്തില്‍ നിന്നും നിരവധി തവണ നോട്ടീസ് നല്‍കിയ ശേഷമാണ് അസോസിയേഷന്‍ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

അഴുക്കുചാലുകളുമായി ബന്ധപ്പെട്ട് അപ്പാർട്ട്മെന്‍റില്‍ ഏതാണ്ട് 16 ഓളം കുഴികളാണ് ഉള്ളത്. എന്നാല്‍ ഒരു കുഴിയില്‍ നിന്ന് മാത്രമാണ് അസ്ഥികൾ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്‍റില്‍ 45 ഓളം ഫ്ലാറ്റുകളാണ് ഉള്ളത്. ഇതില്‍ പലരും പത്ത് വര്‍ഷമായി ഇവിടെ താമസിക്കുന്നവരാണ്. അസാധാരണമായ കണ്ടെത്തല്‍ അന്തേവാസികളില്‍ ഭയം നിറച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതിയ നഗരിക് സുരക്ഷാ സംഹിത അനുസരിച്ച് സെക്ഷന്‍ 194(3)(iv) ന്‍റെ കീഴിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.