മനുഷ്യര്‍ക്ക് ഒരിക്കലും കടന്ന് പോകാന്‍ കഴിയുമെന്ന് കരുതാന്‍ പറ്റാത്ത അത്രയും ചെറിയ കൗണ്ടറിലെ വിടവിലൂടെ ഒരാൾ വളരെ വിദഗ്ധമായി അകത്തേക്ക് കടക്കുന്നു. 

മോഷ്ടിക്കുന്നതിനുള്ള കഷ്ടപ്പാട് ചില്ലറയല്ലെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ സാക്ഷ്യം പറയും. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ഒരു വിചിത്രമായ മോഷണം പോലീസിനെയും സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. ജൂൺ 5 ന് പുലർച്ചെ 1:28 ഓടെ ഒരു പ്രാദേശിക ബിയർ ഷോപ്പിലാണ് മോഷണം നടന്നത്. ഇതിന്‍റ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ബിയർ ഷോപ്പിന്‍റെ ഗ്രില്ലിന് ഇടയിലൂടെ ഒരു യുവാവ് നൂണ്ട് അകത്ത് കയറുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. കള്ളന്‍റെ മെയ്‍വഴക്കമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. കുപ്പികൾ കൈമാറാനായി ഇരുമ്പ് കൊണ്ട് പണിത ഗ്രില്ലില്‍ വച്ചിരുന്ന ചെറിയ ദ്വാരത്തിലൂടെയാണ് കള്ളന്‍ ബിയർ ഷോപ്പിനുള്ളില്‍ കടന്നത്. ഒരു മനുഷ്യന്‍ അത് വഴി കടക്കുമെന്ന വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. അത്രയും ചെറുതാണ് ആ ഗ്രില്ലിനിടയിലെ വിടവ്.'

Scroll to load tweet…

വിദഗ്ധമായി നൂണ്ട് അകത്ത് കയറിയ കള്ളന്‍ 25,000 രൂപയും എടുത്താണ് സ്ഥലം വിട്ടത്. അകത്തേക്കും പുറത്തേക്കും വലിയ പ്രശ്നങ്ങളില്ലാതെ കടക്കാന്‍ കഴിഞ്ഞെങ്കിലും സിസിടിവിയെ പറ്റിക്കാന്‍ കള്ളന് കഴിഞ്ഞില്ല. ജൂണ്‍ 13 -ാം തിയത് പോലീസ് കള്ളനെ പിടികൂടിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. സമാനമായ ഒരു വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

മുംബൈയിലെ മലബാർ ഹിൽ വാക്ക്‌വേയുടെ ഉദ്ഘാടനത്തിന് ദിവസങ്ങൾക്ക് മുമ്പ്, അതിന്‍റെ ഇടുങ്ങിയ ടിക്കറ്റ് കൗണ്ടറിലൂടെ ഒരു കള്ളൻ ചാടിക്കടന്നതായിരുന്നു അത്, കൗണ്ടിറിന്‍റെ ഇടയിലെ വിടവിലൂടെ മനുഷ്യന് കടക്കാന്‍ കഴിയുമെന്ന് ആര്‍ക്കും ആലോചിക്കാന്‍ പോലും കഴിയില്ല. എന്നിട്ടും ആ വിടവിലൂടെ ഒരാൾ നൂണ്ട് അകത്ത് കയറി. വെറും നാല് മിനിറ്റിനുള്ളിൽ കള്ളന്‍ കള്ളൻ ചെമ്പ് വയറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച് കടക്കുകയും ചെയ്തു. ഈ കേസില്‍ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.