നോട്ടീസിലെ വ്യവസ്ഥകൾ അമ്പരപ്പിക്കുന്നതായിരുന്നു. റീഫണ്ട് അംഗീകരിക്കണമെങ്കിൽ, അമ്മ കുട്ടിയെ തുടർച്ചയായി അഞ്ച് മിനിറ്റ് അടിക്കുന്ന വീഡിയോ സമർപ്പിക്കണം.

ചൈനയിലെ ഒരു ട്രേഡിം​ഗ് പ്ലാറ്റ്‍ഫോം റീഫണ്ടിനായി ചെയ്യാൻ ആവശ്യപ്പെട്ട ഒരു കാര്യത്തെ ചൊല്ലി വലിയ പ്രതിഷേധമാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്. റീഫണ്ട് ലഭിക്കുന്നതിനായി, അമ്മ സ്വന്തം കുട്ടിയെ അടിക്കുന്ന ദൃശ്യം റെക്കോർഡ് ചെയ്യണം എന്നതായിരുന്നു ഈ നിബന്ധന. ചിയാൻഡാവോ (Qiandao) എന്ന ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലാണ് ഈ സംഭവം നടന്നത്.

ലി യുൻ എന്ന സ്ത്രീയോടാണ് പണം തിരികെ നൽകാൻ അവരുടെ 11 വയസ്സുള്ള മകളെ തല്ലാൻ ട്രേഡിങ് ആപ്പ് ആവശ്യപ്പെട്ടത്. 500 യുവാന് (ഏകദേശം 6,152 രൂപ) മുകളിൽ വിലയുള്ള ട്രേഡിംഗ് കാർഡുകൾ രഹസ്യമായി ലി യുൻ്റെ മകൾ ചിയാൻഡാവോ ആപ്പ് വഴി വാങ്ങിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സാധനം വാങ്ങി രണ്ട് മണിക്കൂറിനുള്ളിൽത്തന്നെ ലി വിൽപ്പനക്കാരനെ സമീപിച്ച് റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ സാധാരണ റീഫണ്ട് നടപടിക്രമത്തിന് പകരം, വിൽപ്പനക്കാരൻ അവർക്ക് ഒരു റീഫണ്ട്നോട്ടീസ് നൽകി.

നോട്ടീസിലെ വ്യവസ്ഥകൾ അമ്പരപ്പിക്കുന്നതായിരുന്നു. റീഫണ്ട് അംഗീകരിക്കണമെങ്കിൽ, അമ്മ കുട്ടിയെ തുടർച്ചയായി അഞ്ച് മിനിറ്റ് അടിക്കുന്ന വീഡിയോ സമർപ്പിക്കണം. അടിക്കുന്ന ശബ്ദം വ്യക്തമായി കേൾക്കണം. ഇതിനുപുറമെ, കുട്ടിയെ മൂന്ന് മിനിറ്റ് ശകാരിക്കുന്ന ഒരു ക്ലിപ്പും നൽകണം. കുട്ടി കൈകൊണ്ട് എഴുതിയതും ഒപ്പിട്ട് വിരലടയാളം പതിപ്പിച്ചതുമായ, കുറഞ്ഞത് 1,000 ചൈനീസ് അക്ഷരങ്ങളുള്ള ഒരു ക്ഷമാപണ കത്ത് അമ്മയുടെ അരികിൽ വെച്ച് വായിക്കുന്ന ദൃശ്യവും ആവശ്യപ്പെട്ടു.

ചിയാൻഡാവോയുടെ കസ്റ്റമർ കെയർ ടീമിനെ ലി, സമീപിച്ചപ്പോൾ, പ്ലാറ്റ്‌ഫോമിന് നടപടിയെടുക്കാൻ കഴിയില്ലെന്നും വിൽപ്പനക്കാരനുമായി നേരിട്ട് ചർച്ച ചെയ്യണമെന്നും മറുപടി ലഭിച്ചു. ഒക്ടോബർ 20 -ന് കമ്പനി ഒരു പ്രസ്താവന പുറത്തിറക്കി. ഈ റീഫണ്ട് നോട്ടീസ് വിൽപ്പനക്കാരൻ വ്യക്തിപരമായി നൽകിയതാണെന്നും ഇത് പ്ലാറ്റ്‌ഫോം അംഗീകരിച്ച ഔദ്യോഗിക നയമല്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഇതിനെതിരെ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ട്രേഡിങ് കമ്പനിക്കെതിരെ വലിയ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്.