എന്നാൽ എന്തുകൊണ്ടായിരിക്കാം യുകെയിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നത്? അതിന് കാരണം പലരും പാമ്പുകളെ അതും വിഷമുള്ള ഇനങ്ങളെ വീടുകളിൽ പെറ്റായി വളർത്തുന്നു എന്നതാണ്.
അടുത്ത കാലത്തായി യുകെയിൽ പാമ്പുകടിയേറ്റവരുടെ എണ്ണം കുതിച്ചുയരുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ മുന്നൂറ് പേരാണ് പാമ്പ് കടിയേറ്റ് ചികിത്സ തേടിയിട്ടുള്ളത്. രോഗികളിൽ 72 പേർ കൗമാരക്കാരോ കുട്ടികളോ ആയിരുന്നു. അതിൽ തന്നെ 13 പേർ അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്. കടിയേറ്റവരിൽ ഭൂരിഭാഗവും സുഖം പ്രാപിച്ചുവെങ്കിലും, ചിലരുടെ നില ഗുരുതരമായി തീർന്നു.

രോഗികളിൽ ഒരാൾക്ക് തൻ്റെ വിരലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വന്നു. പാമ്പുകളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രയത്നിച്ച ഒരാളായിരുന്നു 47 -കാരനായ ലൂക്ക് യോമാൻസ്. എന്നാൽ, 2011 ജൂണിൽ നോട്ടിംഗ്ഹാമിലെ വീട്ടിൽ വച്ച് രാജവെമ്പാലയുടെ കടിയേറ്റ് അദ്ദേഹം മരണപ്പെട്ടു. ലോകത്തെ ഏറ്റവും നീളം കൂടിയ വിഷമുള്ള പാമ്പാണ് രാജവെമ്പാല. ഏകദേശം 13 അടി വരെ നീളം വയ്ക്കുന്ന അവയ്ക്ക് ഒരു മുതിർന്ന വ്യക്തിയുടെ കണ്ണിന് നേർക്ക് നേർ നിൽക്കാൻ സാധിക്കും.
എന്നാൽ എന്തുകൊണ്ടായിരിക്കാം യുകെയിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നത്? അതിന് കാരണം പലരും പാമ്പുകളെ അതും വിഷമുള്ള ഇനങ്ങളെ വീടുകളിൽ പെറ്റായി വളർത്തുന്നു എന്നതാണ്. ചികിത്സ തേടിയ ആളുകൾക്ക് കൂടുതലും വിരലുകൾ, കൈകൾ, കൈത്തണ്ട എന്നിവിടങ്ങളിലാണ് കടിയേറ്റിരിക്കുന്നത്. തീർത്തും വന്യമായ അവയെ വീട്ടിൽ പട്ടിയെയും, പൂച്ചയേയും വളർത്തുന്ന പോലെ വളർത്താൻ കഴിയില്ല. അതും അതിനെ കൈകാര്യം ചെയ്യാൻ ആവശ്യമായ പരിശീലനം ഒന്നും ഇല്ലാതെയാണ് പലരും അവയെ വീട്ടിൽ വളർത്താൻ ശ്രമിക്കുന്നത്. അതും വിദേശികളായ ഇനങ്ങളെയാണ് ആളുകൾ കൂടുതലും വളർത്തുമൃഗങ്ങളായി വീടുകളിൽ പോറ്റുന്നത്. കണക്കുകൾ പ്രകാരം ബ്രിട്ടനിലെ 100 വീടുകളിൽ ഒന്നിൽ വീതം പാമ്പുകളെ പെറ്റായി വളർത്തുന്നു. ഇത് തന്നെയാണ് ആളുകൾക്ക് പാമ്പുകടിയേൽക്കാൻ കാരണമാകുന്നത്. ഇത് ഇപ്പോൾ അവിടെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, പാമ്പുകളിൽ യുകെയുടെ സ്വന്തമെന്ന് പറയാവുന്ന മൂന്ന് ഇനങ്ങൾ മാത്രമേയുള്ളൂ. അഡർ, ഗ്രാസ് സ്നേക്, സ്മൂത്ത് സ്നേക് എന്നിയവയാണ് അവ. അതിൽ തന്നെ അഡറിന് മാത്രമാണ് വിഷമുള്ളത്. എന്നാൽ അതൊരിക്കലും അതിന്റെ വാസസ്ഥലത്തിന് പുറത്ത് വന്ന് ആരെയും കടിക്കാറില്ല. തന്നെ ഉപദ്രവിക്കുമെന്ന് തോന്നുമ്പോൾ മാത്രമാണ് ഒരു പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി അത് നമ്മളെ കടിക്കുന്നത്. അതും മിക്കവാറും കാലിലായിരിക്കും കടിയേൽക്കുന്നത്. എന്നാൽ ഇപ്പോൾ സംഭവിക്കുന്ന പരിക്കുകൾ കൂടുതലും അരയ്ക്ക് മുകളിലോട്ടാണ്. ജീവനുള്ള പാമ്പുകളെ എടുക്കാതിരിക്കുന്നതിലൂടെ ഇത് എളുപ്പത്തിൽ ഒഴിവാക്കാനാകും. യുകെയിൽ മാത്രമല്ല, ലോകത്താകമാനം 125,000 പേരെങ്കിലും പാമ്പുകടിയേറ്റ് ഓരോ വർഷവും കൊല്ലപ്പെടുന്നു. എന്നാൽ പല രാജ്യങ്ങളുടെയും പക്കൽ കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ, ഇത് യഥാർത്ഥ കണക്കായി കാണാൻ സാധിക്കില്ല. ശരിക്കുള്ള സംഖ്യ ഇതിലും വളരെ കൂടുതലായിരിക്കും.
