Asianet News MalayalamAsianet News Malayalam

കുട്ടികളെ തട്ടിക്കൊണ്ട് ഈന്തപ്പന മുകളിലേക്ക് കയറുന്ന 'വെവെ ഗോംബെല്‍'; ഇന്ത്യോനേഷ്യയിലെ ചില അന്ധവിശ്വാസങ്ങള്‍!

പൂതപ്പാട്ടിലെ പൂതവുമായി വെവെ ഗോംബെലിന് ഏറെ സാമ്യം കാണാം. വെവെ ഗോംബെല്‍ കുട്ടികളെ ഉപദ്രവിക്കില്ലത്രേ, പക്ഷേ തട്ടിക്കൊണ്ട് പോകും. 

Some Indonesian superstitions about ghosts haunting children bkg
Author
First Published Sep 21, 2023, 1:20 PM IST


ടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ഒരു കവിതയാണ് 'പൂതപ്പാട്ട്'. മകനെ കടത്തിക്കൊണ്ട് പോയ പൂതത്തെ മാതൃസ്നേഹം കൊണ്ട് കീഴടക്കുന്ന ഒരു അമ്മയുടെ കഥയാണ് ആ കവിതയില്‍ അദ്ദേഹം ചിത്രീകരിച്ചിരുന്നത്. വടക്കേ മലബാർ (വള്ളുവനാട്) പ്രദേശങ്ങളിൽ കണ്ടുവരുന്ന പൂതൻ എന്ന നാടോടി കലാരൂപവും അതിന്‍റെ മിത്തുമാണ് അദ്ദേഹത്തിന്‍റെ കവിതക്ക് ആധാരം. കേരളത്തിലെ പല തലമുറകള്‍ ആ കവിത സ്കൂള്‍ ക്ലാസുകളില്‍ പഠിച്ചിട്ടുണ്ട്. സമാനമായ ഒരു പൂതത്തിന്‍റെ കഥ ഇന്ത്യോനേഷ്യയിലും ഉണ്ട്. അതാണ് വെവെ ഗോംബെല്‍. പക്ഷേ കേരളത്തിലെ പൂത വിശ്വാസം പോലെയല്ല ഇന്ത്യോനേഷ്യയിലെ വെവെ ഗോംബെല്‍. അതിന് അല്പം കൂടി വീര്യം കൂടും. ആ കഥയെ കുറിച്ചാണ്. 

വിശ്വാസങ്ങള്‍ക്കും മിത്തിനും അസ്ഥിത്വമുണ്ടോയെന്നത് ലോകമെങ്ങും ഇന്നും നിലനില്‍ക്കുന്ന ഒരു തര്‍ക്ക വിഷയമാണ്. ആദിമ കാലം മുതല്‍ മനുഷ്യന്‍ തന്‍റെ കാഴ്ചയില്‍ നിന്നും അനുഭവത്തില്‍ രൂപപ്പെടുത്തിയവാണ് പിന്നീട് വിശ്വാസമായും മിത്തായും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാല്‍, ഇത്തരം വിശ്വാസങ്ങള്‍ക്കും മിത്തുകള്‍ക്കും ശാസ്ത്രത്തിന്‍റെ പിന്‍ബലം ഒരിക്കലും ലഭിച്ചിരുന്നില്ലെന്നതും ശ്രദ്ധേയം. ഈ വിശ്വാസധാരയില്‍ ഏറെ പ്രധാനപ്പെട്ടതാണ് മരിച്ചവരുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍. ലോകമെങ്ങുമുള്ള മനുഷ്യ സമൂഹങ്ങളില്‍ അതീന്ദ്രിയ ശക്തികളുമായുള്ള ഏറ്റുമുട്ടലിന്‍റെ യഥാർത്ഥ ജീവിതാനുഭവങ്ങൾ വിവരിച്ച നിരവധി ആളുകള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകതരം ആത്മാക്കളെയും ശക്തികളെയും കുറിച്ച് പ്രതിപാദിക്കുന്ന പുരാണങ്ങളും ഐതിഹ്യങ്ങളും പല സമൂഹങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ഇവ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇത്തരം കഥകളില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ അസ്വസ്ഥതയുളവാക്കുന്ന ആത്മാക്കളുടെ കെട്ടുകഥകൾ ഇന്തോനേഷ്യയില്‍ നിന്നുള്ളവയാണ്. 

കുന്തിലാനാക്ക്, പോണ്ടിയാക്, പോക്കോങ് എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ പുറത്തുവരുന്ന സ്ത്രീകളുടെ പ്രതികാരഭാവമാണ് അവയില്‍ കൂടുതലും. ഇന്തോനേഷ്യൻ പുരാണത്തിലെ ഏറ്റവും സാധാരണമായ പ്രേതമാണ് കുന്തിലനാക്ക്, എന്നാൽ രസകരവും വിചിത്രവുമായ ഒരു പ്രേതമാണ് വെവെ ഗോംബെൽ. ഏകദേശം അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് സെമാരംഗിലെ ബുക്കിറ്റ് ഗോംബലിൽ വിവാഹിതരായ ദമ്പതികൾ ഉൾപ്പെട്ട ഒരു സംഭവവുമായി ബന്ധപ്പെട്ട പ്രേതമാണ് വെവെ ഗോംബെൽ. വിവാഹം കഴിഞ്ഞ് വർഷങ്ങളോളം ദമ്പതികൾക്ക് കുട്ടി ഉണ്ടായില്ലെന്നാണ് ഐതിഹ്യം. കാലക്രമേണ, ഭാര്യ വന്ധ്യയാണെന്ന് മനസ്സിലാക്കിയ ഭർത്താവ് അവളോടുള്ള സ്നേഹ ബന്ധം നിര്‍ത്തി. ഭർത്താവ് മനപ്പൂർവ്വം വീട്ടിൽ നിന്ന് മാറിനിൽക്കുകയാണെന്ന് മനസിലാക്കിയ ഭാര്യ. അദ്ദേഹത്തിന് മറ്റ് സ്ത്രീകളോട് അടുപ്പമാണെന്ന് തെറ്റിദ്ധരിച്ചു. പിന്നാലെ ഭാര്യ, ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊലപാതകം അറിഞ്ഞ ഗ്രാമവാസികള്‍ അവരെ പിന്തുടര്‍ന്നു. ഗത്യന്തരമില്ലാതെ അവര്‍ ആത്മഹത്യ ചെയ്തു. 

മരണാനന്തരം പ്രതികാരദാഹിയായ വെവെ ഗോംബെൽ ആയി അവര്‍ പുനര്‍ജനിച്ചു. വെവെ ഗോംബെൽ, അരംഗ പിന്നാറ്റ എന്ന ഈന്തപ്പനയിലാണ് വസിക്കുന്നതെന്നാണ് സുന്ദനീസ് ഐതിഹ്യം. വെവെ ഗോംബെലിന്‍റെ പ്രധാന ഇരകള്‍ കുട്ടികളാണ്. കുട്ടികളെ തട്ടിയെടുത്ത് അരംഗ പിന്നാറ്റയിലാണ് അവള്‍ സൂക്ഷിച്ചിരുന്നത്. മാതാപിതാക്കളില്‍ നിന്ന് മോശമായ പെരുമാറ്റം നേരിടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന കുട്ടികളെയാണ് വെവെ ഗോംബെൽ തട്ടിക്കൊണ്ട് പോകുന്നതെന്ന് പ്രാദേശിക വിശ്വാസങ്ങള്‍ പറയുന്നു. പൂതപ്പാട്ടിലെ പൂതവുമായി ഇവിടെ വെവെ ഗോംബെലിന് ഏറെ സാമ്യം കാണാം. വെവെ ഗോംബെല്‍ കുട്ടികളെ ഉപദ്രവിക്കില്ലത്രേ. നീളമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ സ്തനങ്ങളുള്ള വികലമായ നഗ്നയായ സ്ത്രീയായാണ് വെവെ ഗോംബെൽ. 1988-ലെ വെവെ ഗോംബെൽ എന്ന സിനിമയിലും 2012-ൽ പുറത്തിറങ്ങിയ ലെജൻഡ വെവെ ഗോംബെൽ എന്ന ചിത്രത്തിലും ഈ പൂതത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നും ഈ പ്രേതത്തെ കുറിച്ചുള്ള വിശ്വാസങ്ങള്‍ക്കും കഥകള്‍ക്കും കുറവില്ല. ഇന്തോനേഷ്യയിലെ പല യഥാർത്ഥ കേസുകള്‍ പോലും ഇന്നും ഗോംബെൽ വിശ്വാസവുമായി പ്രാദേശകവാസികള്‍ കൂട്ടിച്ചേര്‍ക്കുന്നു. 2017 ല്‍ ഒരു കുട്ടിയെ കാണാതാവുകയും ഒരു ദിവസത്തിന് ശേഷം കണ്ടെത്തുകയും ചെയ്തു. പക്ഷേ, കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന ഓര്‍മ്മ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവം വെവെ ഗോംബെല്ലിന്‍റെ പ്രവര്‍ത്തിയാണെന്ന് ഇന്നും നിരവധി ഇന്ത്യോനേഷ്യക്കാര്‍ കരുതുന്നുവെന്നതാണ് കൗതുകം. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios