എന്നാൽ, എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് അതല്ല. എന്റെ പണം കൊണ്ട് ഞാൻ എന്റെ കുടുംബത്തെ ഒരു റെസ്റ്റോറന്റിൽ അത്താഴത്തിന് കൊണ്ട് പോയതായിരുന്നു എന്നെ കൂടുതൽ സന്തുഷ്ടനാക്കിയത്. അച്ഛനും അമ്മയും ആദ്യമായാണ് അങ്ങനെ ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കാൻ പോകുന്നത്.

ചിലരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ അത്ഭുതങ്ങൾ സംഭവിക്കും, ഭാഗ്യമെന്നും, ദൈവാധീനമെന്നും ഒക്കെ അതിനെ വിളിക്കാം. എന്നാൽ, മറ്റ് ചിലർ സ്വയം അത്ഭുതങ്ങൾ സൃഷ്‌ടിക്കും. തന്റെ വിയർപ്പിനെ, കണ്ണുനീരിനെ അധ്വാനത്താൽ ഉരുക്കി വൈരമാക്കുന്നവരാണവർ. ഒരു ഒറ്റമുറി കുടിലിൽ കുടുംബത്തോടൊപ്പം ജീവിച്ച ഒരാൾ എങ്ങനെയാണ് തനിയെ അധ്വാനിച്ച് നഗരത്തിൽ സ്വന്തമായൊരു വീട് സ്വന്തമാക്കിയതെന്ന് ഹ്യൂമൻസ് ഓഫ് ബോംബെ (humans of bombay) ഫേസ്ബുക്ക് പേജിൽ വിവരിക്കുന്നു. 

ഒരു പൂക്കാരിയുടെയും മെക്കാനിക്കിന്റെയും മകനാണ് താനെന്ന് പറയാൻ ലജ്ജ തോന്നിയ നാളുകളുണ്ടായിരുന്നു തനിക്കെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, വളർന്ന് വലുതായി ജീവിതം കണ്ട് തുടങ്ങിയപ്പോൾ അതേക്കുറിച്ചോർത്ത് അദ്ദേഹം പശ്ചാത്തപിച്ചു. മക്കളെ പഠിപ്പിക്കാൻ ഒഴിഞ്ഞ വയറുമായി രാപ്പകലില്ലാതെ ജോലി ചെയ്തവരാണവർ. അവരാണ് ഇന്ന് തന്റെ ഏറ്റവും വലിയ അഭിമാനമെന്ന് അദ്ദേഹം തുറന്നെഴുതുന്നു. അതിലും വലിയ തിരിച്ചറിവ് വേറെ എന്താണ്? അവരെ കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബയിലെ അദ്ദേഹം എഴുതിയ കുറിപ്പാണ് താഴെ.

എന്റെ അമ്മ ഒരു പൂക്കച്ചവടക്കാരിയാണ്. അച്ഛൻ ഒരു ടിവി മെക്കാനിക്കും. കൗമാരപ്രായത്തിൽ, അവരുടെ മകനാണ് ഞാനെന്ന് പറയാൻ എനിക്ക് നാണക്കേടായിരുന്നു. ഞങ്ങൾ ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടാൻ പാടുപെടുമായിരുന്നു. ആളുകൾ ഞങ്ങളെ കളിയാക്കും. ഒരിക്കൽ പ്ലാറ്റ്‌ഫോമിൽ പൂക്കൾ വിറ്റതിനാൽ അമ്മയെ ഇറക്കി വിട്ടു. എന്റെ സുഹൃത്തുക്കൾ ഒന്നും അത് അറിയാതിരിക്കാൻ ഞാൻ നുണകൾ പറഞ്ഞു. എന്റെ അവസ്ഥ മറ്റാരും അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ, ഞാൻ എങ്ങനെയൊക്കെ അവരോട് പെരുമാറിയാലും, അവർക്ക് എന്നോട് സ്നേഹം മാത്രമായിരുന്നു. എനിക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അവർ ഉറപ്പ് വരുത്തി. ഒരിക്കലും അവർ പുറത്തു പോവുകയോ, കറങ്ങുകയോ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയോ, ഷോപ്പിംഗ് നടത്തുകയോ ചെയ്തിട്ടില്ല. കൈയിൽ കിട്ടുന്ന ഓരോ പൈസയും അവർ ഞങ്ങൾക്കായി മാറ്റിവച്ചു. ‘നന്നായി പഠിക്ക്, കഠിനാധ്വാനം ചെയ്യ്. ഞങ്ങളുടെ അവസ്ഥ നിങ്ങൾക്ക് വരരുത്‘ അവർ എപ്പോഴും പറയുമായിരുന്നു. എന്തോ ആ വാക്കുകൾ എന്റെ ഉള്ളിൽ കൊണ്ടു. എന്റെ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റണമെന്ന് ഞാൻ ഉറപ്പിച്ചു.

ഞാൻ സ്‌കൂളിലും കോളേജിലും കഷ്ടപ്പെട്ട് പഠിക്കാൻ തുടങ്ങി. എന്റെ കുടുംബത്തെ പോറ്റാൻ ഞാൻ ഒരു പാർട്ട് ടൈം ഡെലിവറി ബോയ് ആയി ജോലി ചെയ്തു. ഞാൻ പകൽ ജോലി ചെയ്യുകയും രാത്രി പഠിക്കുകയും ചെയ്‌തു. അങ്ങനെ പഠിച്ച് ബിരുദം നേടി. തുടർന്ന് ഡിജിറ്റൽ മാർക്കറ്റിംഗിൽ പ്രവേശിച്ചു. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് സാധിച്ചു. ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ ഞാൻ എന്റെ അമ്മയ്ക്ക് സാരിയും അപ്പയ്ക്ക് ഷർട്ടും പാന്റും വാങ്ങി നൽകി. അന്ന് അവരുടെ മുഖത്ത് കണ്ട പുഞ്ചിരിയ്ക്ക് പത്തരമാറ്റായിരുന്നു. കുറേ വർഷങ്ങൾക്ക് ശേഷം അവർ മനസ്സ് തുറന്ന് ചിരിച്ചത് അന്നായിരുന്നു. ഒരു മാക്ബുക്ക് സ്വന്തമാക്കുക എന്നത് എന്റെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു. എന്റെ കൈയിൽ ചാവാറായ ഒരു പഴയ ലാപ്‌ടോപ്പായിരുന്നു ഉണ്ടായിരുന്നത്. എനിക്ക് ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കാൻ ചിലപ്പോൾ സാധിച്ചില്ല. ഒടുവിൽ കൈയിൽ ആവശ്യത്തിന് പണം വന്നപ്പോൾ ഞാൻ ഒരു മാക് സ്വന്തമാക്കി. അന്ന് എനിക്ക് എന്നോട് തന്നെ ഒരു മതിപ്പ് തോന്നി.

എന്നാൽ, എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് അതല്ല. എന്റെ പണം കൊണ്ട് ഞാൻ എന്റെ കുടുംബത്തെ ഒരു റെസ്റ്റോറന്റിൽ അത്താഴത്തിന് കൊണ്ട് പോയതായിരുന്നു എന്നെ കൂടുതൽ സന്തുഷ്ടനാക്കിയത്. അച്ഛനും അമ്മയും ആദ്യമായാണ് അങ്ങനെ ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കാൻ പോകുന്നത്. അവരുടെ സന്തോഷം കാണേണ്ടതായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഞങ്ങൾ ഒറ്റമുറി വീട്ടിൽ നിന്ന് ബെഡ്‌റൂമുള്ള ഒരു വീട്ടിലേയ്ക്ക് താമസം മാറി. ലോകം തന്നെ അവരുടെ കാല്കീഴിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കുട്ടിക്കാലത്ത് ഞാൻ അവരെയോർത്ത് ലജ്ജിച്ചിരുന്നു. എന്നാൽ, ഇന്ന് ഞാൻ ഒരു ടിവി മെക്കാനിക്കിന്റെയും പൂക്കാരിയുടെയും മകനാണ് എന്നതിൽ അഭിമാനിക്കുന്നു. 

വന്ന വഴി എന്നും നിങ്ങൾ ഓർക്കണം. കാരണം അപ്പോൾ മാത്രമേ നിങ്ങൾക്ക് ലഭിക്കുന്നതിനെ വിലമതിക്കാൻ നിങ്ങൾ പഠിക്കൂ, അതിനി നിങ്ങൾ സ്വന്തമാക്കിയ ആദ്യത്തെ ആഡംബര വസ്തുവായാലും, കുടുംബത്തിന്റെ ആദ്യത്തെ റെസ്റ്റോറന്റ് അത്താഴമായാലും. അതിന്റെ വില അപ്പോൾ മാത്രമേ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കൂ.