വാച്ചിന്റെ ഇനമായി എട്ടു വയസ്സുകാരൻ നൽകിയിരുന്നത് അച്ഛന്റെ വാച്ച് എന്നും, ബ്രാൻഡ് നെയിം ആയി നൽകിയിരുന്നത് നൈസ് എന്നുമായിരുന്നു. കൂടാതെ മിക്കി മൗസിന്റെ കയ്യിൽ വാച്ച് കെട്ടിയ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

ഓൺലൈനിന്റെ അനന്ത സാധ്യതകളെക്കുറിച്ച് ഇന്ന് മുതിർന്നവർക്കെന്ന പോലെ തന്നെ കുട്ടികൾക്കും അറിയാം. പലപ്പോഴും മാതാപിതാക്കൾ അറിയാതെ കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും ഓൺലൈൻ ആപ്പുകളുമൊക്കെ ഉപയോഗിക്കുന്നത് വലിയ അബദ്ധങ്ങൾക്ക് കാരണമാകാറുണ്ട്. ഓൺലൈൻ ആപ്പുകളിൽ മാതാപിതാക്കളറിയാതെ കുട്ടികൾ സാധനങ്ങൾ ഓർഡർ ചെയ്ത് വരുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

എന്നാൽ, ഇതിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടം പിടിച്ചിരിക്കുന്നത്. അച്ഛന്റെ വാച്ച് ഓൺലൈനിൽ വിറ്റ് തനിക്ക് ബൈക്ക് വാങ്ങാൻ പണം കണ്ടെത്താൻ ശ്രമിച്ച ഒരു എട്ടു വയസ്സുകാരനാണ് ഈ വാർത്തയിലെ താരം. സംഗതി വൈറലായതോടെ സോഷ്യൽ മീഡിയ ഈ ബാലന് ഒരു പേരും നൽകി, 'മിനി ഡെൽ ബോയ്'

കുട്ടിയുടെ അമ്മയായ ആഷ് കാപ്പലാണ് വാച്ച് വിൽക്കാനുള്ള ശ്രമം കണ്ടത്തിയത്. പഴയതും പുതിയതുമായ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉപയോഗിക്കുന്ന ലിത്വാനിയൻ ഓൺലൈൻ മാർക്കറ്റ് പ്ലേസ് ആയ വിന്റഡ് അക്കൗണ്ട് വഴിയാണ് ബാലൻ വാച്ച് വിൽക്കാൻ ശ്രമം നടത്തിയത്. അമ്മയുടെ പേരിലുള്ളതാണ് ഈ അക്കൗണ്ട്. അച്ഛന്റെ ഹ്യൂഗോ ബോസ് വാച്ച് വിന്റഡ് അക്കൗണ്ടിലൂടെ വിറ്റ് ഡർട്ട് ബൈക്ക് വാങ്ങാനായിരുന്നു എട്ടുവയസ്സുകാരന്റെ ശ്രമം

മകൻ തന്റെ വിന്റഡ് അക്കൗണ്ട് തുറന്ന് നോക്കിയിരിക്കുന്നത് ശ്രദ്ധയിൽപെട്ട ആഷ് കാപ്പൽ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഭർത്താവിന്റെ വാച്ച് 100 പൗണ്ടിന് വിൽക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഓൺലൈൻ റിപ്പോർട്ട് പ്രകാരം കണ്ടെത്തിയത്. വാച്ചിന്റെ ഇനമായി എട്ടു വയസ്സുകാരൻ നൽകിയിരുന്നത് അച്ഛന്റെ വാച്ച് എന്നും, ബ്രാൻഡ് നെയിം ആയി നൽകിയിരുന്നത് നൈസ് എന്നുമായിരുന്നു. കൂടാതെ മിക്കി മൗസിന്റെ കയ്യിൽ വാച്ച് കെട്ടിയ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

ഏതാനും ദിവസങ്ങൾ മുമ്പ് ആഷ് കാപ്പൽ തന്റെ പഴയ ബൂട്ടുകൾ ഓൺലൈനിൽ വിൽക്കാൻ ലിസ്റ്റ് ചെയ്യുന്നത് കുട്ടി കണ്ടിരുന്നു. ഇത് വിറ്റാൽ പണം കിട്ടുമെന്നും അത് സൂക്ഷിച്ചുവെക്കാമെന്നും താൻ അവനോട് പറഞ്ഞിരുന്നതായാണ് ആഷ് പറയുന്നത്. അത് മനസ്സിലുള്ളതുകൊണ്ടാകാം മകൻ ഇങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു. ഏതായാലും പരസ്യം രക്ഷിതാക്കൾ നീക്കം ചെയ്തു. കുട്ടിയുടെ കുസൃതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.