ചൈനീസ് കളിപ്പാട്ട വിപണിയിലെ സൂപ്പർസ്റ്റാറായ 'ലാബുബു' മോൺസ്റ്റർ ഡോളിനെ ആസ്പദമാക്കി ഒരു ഫീച്ചർ സിനിമ നിർമ്മിക്കാൻ സോണി പിക്ചേഴ്സ് ഒരുങ്ങുന്നതായി 'ദി ഹോളിവുഡ് റിപ്പോർട്ട്'.
കളിപ്പാട്ടങ്ങൾ വെറും കളിപ്പാട്ടങ്ങളല്ല… 'ബാർബി' ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസുകൾ തൂത്തുവാരിയതോടെ, ഹോളിവുഡ് സ്റ്റുഡിയോകൾക്ക് ഒരു കാര്യം മനസ്സിലായി, ഇനി സിനിമകൾക്ക് പ്രചോദനമാകുന്നത് കളിപ്പാട്ടങ്ങളാണ്. ഈ നിരയിലെ ഏറ്റവും പുതിയ താരമാണ് ചൈനീസ് കളിപ്പാട്ട വിപണിയിലെ സൂപ്പർതാരമായ ലബുബു. കുസൃതിക്കാരനായ, കൊമ്പുകളും വലിയ പല്ലുകളുമുള്ള ഈ 'ക്യൂട്ട്-അഗ്ലി' മോൺസ്റ്റർ ഡോളിനെ ആസ്പദമാക്കി ഒരു ഫീച്ചർ സിനിമ നിർമ്മിക്കാൻ സോണി പിക്ചേഴ്സ് ഒരുങ്ങുന്നതായി 'ദി ഹോളിവുഡ് റിപ്പോർട്ട്' ചെയ്തു.
എന്താണ് ലബുബു? എങ്ങനെയുണ്ടായി ഈ തരംഗം?
ഹോങ്കോങ് ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് 'കാസിങ് ലങ്' ആണ് ലബുബു എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. നോർഡിക് പുരാണങ്ങളിലെ കുസൃതിക്കാരായ, എന്നാൽ നല്ല മനസ്സുള്ള 'ട്രിക്കിസ്റ്റർ എൽഫ്' കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ലബുബുവിന്റെ രൂപകൽപ്പന. 2015-ൽ "ദി മോൺസ്റ്റേഴ്സ്" എന്ന പുസ്തകത്തിലുടെയാണ് കാസിങ് ലങ് ആദ്യമായി ലബുബുവിനെ അവതരിപ്പിച്ചത്.

ഈ പാവകൾക്ക് ലോകമെമ്പാടും ജനപ്രീതി നേടിക്കൊടുത്തത് ചൈനീസ് റീട്ടെയിൽ കളിപ്പാട്ട കമ്പനിയായ 'പോപ് മാർട്ടാണ്'. 2019 മുതൽ ലബുബുവിന്റെ നിർമ്മാണവും വിതരണവും ഏറ്റെടുത്ത പോപ് മാർട്ട്, ഈ പാവകളെ 'ബ്ലൈൻഡ് ബോക്സ്' രൂപത്തിൽ വിപണിയിലെത്തിച്ചു. അതായത്, ബോക്സ് തുറന്നുനോക്കുമ്പോൾ മാത്രമേ ഉപഭോക്താവിന് ഏത് മോഡലാണ് കിട്ടിയതെന്ന് അറിയാൻ സാധിക്കൂ. ഈ ആകാംഷയും അപൂർവ മോഡലുകൾക്കായുള്ള അന്വേഷണവുമാണ് ലബുബുവിനെ ഒരു തരംഗമാക്കി മാറ്റിയത്.
ബ്ലാക്ക്‌പിങ്ക് താരം ലിസ, ഗായിക റിയാന, നടി എമ്മ റോബർട്ട്സ് തുടങ്ങിയ ലോകപ്രശസ്ത സെലിബ്രിറ്റികൾ ലബുബുവിനെ തങ്ങളുടെ ആഡംബര ആക്സസറിയായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ലബുബു ക്രസ് അന്താരാഷ്ട്ര തലത്തിൽ അതിവേഗം വളർന്നു. ഒരു പരിധി വിട്ട് വിരളമായ ചില ലബുബു മോഡലുകൾക്ക് ലേലത്തിൽ ലക്ഷങ്ങൾ വരെ വില ലഭിച്ചിട്ടുണ്ട്. ലബുബു തരംഗം കാരണം പോപ് മാർട്ടിന്റെ ലാഭം 400% വരെ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലൈവ്-ആക്ഷനോ ആനിമേഷനോ?
നിലവിൽ ലബുബു ചിത്രം അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. 'ദി ഹോളിവുഡ് റിപ്പോർട്ട്' നൽകുന്ന വിവരമനുസരിച്ച്, പ്രോജക്റ്റിന്റെ തിരക്കഥാകൃത്തിനെയോ, സംവിധായകനെയോ ഇതുവരെ സോണി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിനിമ ലൈവ്-ആക്ഷൻ ആയിരിക്കുമോ അതോ ആനിമേഷൻ ആയിരിക്കുമോ എന്നതിലും ഒരു തീരുമാനമായിട്ടില്ല. 'ബാർബി', 'ദി ലെഗോ മൂവി' എന്നീ ചിത്രങ്ങളുടെ വൻ വിജയമാണ് സോണിയെ ലബുബുവിനെ ആസ്പതമാക്കി സിനിമ ചെയുവൻ പ്രേരിപ്പിച്ചത്. ലബുബുവിന് പുറമേ, മറ്റ് പ്രധാന കഥാപാത്രങ്ങളായ സിമോമോ, മൊകൊകൊ , ടൈകോക്കോ എന്നിവരും ചിത്രത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ചൈനീസ് കളിപ്പാട്ട വ്യവസായത്തിലെ ഈ കുഞ്ഞുഭീമൻ, ഹോളിവുഡിൽ എന്ത് മായജാലം കാണിക്കുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ.


