ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമ പ്രകാരം, സർക്കാർ വിരുദ്ധ സംഘടനകളെ പ്രശംസിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.
കവിതയിലൂടെ ഉത്തര കൊറിയയെ പ്രശംസിക്കുകയും കൊറിയന്‍ ഐക്യത്തിന് വേണ്ടി സംസാരിക്കുകയും ചെയ്ത 68 കാരന് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ദക്ഷിണ കൊറിയന്‍ കോടതി. കോടതി ഇടപെടലിന് കാരണമായ കവിത 2016 ല്‍ ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയയിലാണ് പ്രസിദ്ധീകരിച്ചത്. കവിതയില്‍ ലീ യൂൻ-സിയോപ്പ്, ഇരുകൊറിയകളുടെയും ഏകീകരണത്തിനായി വാദിച്ചെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്യോങ്യാങ്ങിന്‍റെ സോഷ്യലിസ്റ്റ് സമ്പ്രദായത്തിന് കീഴിൽ രണ്ട് കൊറിയകളും ഒന്നിച്ചാൽ ആളുകൾക്ക് സൗജന്യ വീടുകളും ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും ലഭിക്കുമെന്ന് അദ്ദേഹം എഴുതി. ഉത്തര കൊറിയയെ പരസ്യമായി പുകഴ്ത്തുന്നതിന് നിയമപ്രാകരം ദക്ഷിണ കൊറിയയില്‍ വിലക്കുണ്ട്. ഈ നിയമപ്രകാരമാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
'ഏകീകരണത്തിന്‍റെ മാർഗങ്ങൾ' (Means of Unification) എന്ന തലക്കെട്ടിൽ, ഒരു ഐക്യ കൊറിയയിൽ, കുറച്ച് ആളുകൾ സ്വന്തം ജീവൻ എടുക്കുകയോ കടക്കെണിയിൽ ജീവിക്കുകയോ ചെയ്യുമെന്നും ലീ എഴുതി. 2016 നവംബറിൽ ഉത്തര കൊറിയയില്‍ നടന്ന കവിതാരചനാ മത്സരത്തിൽ വിജയിച്ചവരിൽ ഒരാളായിരുന്നു കവിയും 68 കാരനുമായ ലീ. സമാനമായ മറ്റൊരു കുറ്റത്തിന് ലീ, മുമ്പ് 10 മാസം ജയിലില്‍ കിടന്നതായി കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. "ഉത്തര കൊറിയയെ മഹത്വപ്പെടുത്തുകയും പ്രശംസിക്കുകയും ചെയ്യുന്ന ലീ, വലിയ രീതിയില്‍ ഇതിന് വേണ്ടി പ്രചരണം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന്" സിയോൾ കോടതി നിരീക്ഷിച്ചതായി കൊറിയ ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്തു.
2013-ൽ ഉത്തര കൊറിയയുടെ സൈന്യത്തെ പുകഴ്ത്തി അദ്ദേഹം ഓൺലൈനിൽ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തിരുന്നു, തുടർന്നുള്ള വർഷങ്ങളിൽ ദക്ഷിണ കൊറിയൻ ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും ഇദ്ദേഹം രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍ പങ്കുവച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമ പ്രകാരം, സർക്കാർ വിരുദ്ധ സംഘടനകളെ പ്രശംസിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. 1945 ലാണ് കൊറിയന്‍ ഉപദ്വീപ്, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടത്. ദക്ഷിണ കൊറിയ അമേരിക്കന്‍ പക്ഷത്ത് നിലയുറപ്പിച്ചപ്പോള്‍ ഉത്തര കൊറിയ ചൈനയുടെ പക്ഷത്തുള്ള മറ്റൊരു സൈനിക രാഷ്ട്രമായി മാറി.
