സന്ദർശകരായി എത്തുന്നവർ മാന്യമായി പെരുമാറണമെന്നും അല്ലാത്തപക്ഷം വലിയ പിഴ നേരിടേണ്ടി വരുമെന്നുമാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
വിനോദ സഞ്ചാരികളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഗുരുതരമായ പരാതികളാണ് അടുത്ത കാലത്തായി പല വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. ഇതിനിടയിൽ വിനോദ സഞ്ചാരികൾക്കായി ഒരു പെരുമാറ്റച്ചാട്ടം പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ റിസോർട്ട് ദ്വീപായ ജെജു. വിദേശ സന്ദർശകർ മോശമായി പെരുമാറുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതോടെയാണ് ഇത്തരത്തിൽ ഒരു നീക്കത്തിലേക്ക് പ്രാദേശിക ഭരണാധികാരികൾ കടന്നത്. സന്ദർശകരായി എത്തുന്നവർ മാന്യമായി പെരുമാറണമെന്നും അല്ലാത്തപക്ഷം വലിയ പിഴ നേരിടേണ്ടി വരുമെന്നുമാണ് പോലീസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗ നിർദേശങ്ങളും പുറത്തിറക്കി.
ബീച്ചുകൾ, അഗ്നിപർവ്വത ദൃശ്യങ്ങൾ, ഹൈക്കിംഗ് പാതകൾ എന്നിവയ്ക്ക് പേരുകേട്ട ദ്വീപ് അന്താരാഷ്ട്ര ടൂറിസത്തിൽ വലിയ വളർച്ച കൈവരിക്കുന്നതിനിടയിലാണ് ഈ നീക്കം. വിദേശ വിനോദ സഞ്ചാരികൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മാർഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഗൈഡ് പുറത്തിറക്കാനാണ് ബന്ധപ്പെട്ട അധികാരികളുടെ തീരുമാനം. ചൈനീസ്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിൽ ആയിരിക്കും ഗൈഡ് അച്ചടിക്കുക.
വിദേശ സന്ദർശകർ നിരോധിത പ്രദേശങ്ങളിൽ മാലിന്യം തള്ളുക, പുകവലിക്കുക, കുട്ടികളെ പൊതുസ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്യാൻ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് പതിവായതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. പിഴ ചുമത്തുന്ന കുറ്റകൃത്യങ്ങൾ കൃത്യമായി ബുക്ക്ലെറ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ പൊതുസ്ഥലത്ത് മലമൂത്ര വിസർജ്ജനം ചെയ്യുക, മദ്യപിച്ച് ശല്യം ഉണ്ടാക്കുക, ഭക്ഷണ പദാർത്ഥങ്ങൾ വലിച്ചെറിയുക, വ്യാജ ഐഡികൾ ഉപയോഗിക്കൽ, അതിക്രമിച്ചു കടക്കൽ എന്നിവയും ഉൾപ്പെടുന്നു. ആദ്യം നിയമ ലംഘകർക്ക് മുന്നറിയിപ്പ് നൽകുകയും കുറ്റം ആവർത്തിച്ചാൽ 2,00,000 വോൺ (ഏതാണ്ട് 12,441 രൂപ) വരെ പിഴ ഈടാക്കുകയും ചെയ്യാനാണ് തീരുമാനം.
ഭാഷാപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന തെറ്റിദ്ധാരണകൾ തടയുന്നതിനും കൊറിയൻ സംസ്കാരത്തെയും നിയമങ്ങളെയും കുറിച്ചുള്ള വിദേശികളുടെ ധാരണ മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്തരത്തിൽ ഒരു പദ്ധതിയിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത്, ജെജു പോലീസ് ഏജൻസി മേധാവി കിം സു-യോങ് പറഞ്ഞു. ഈ വർഷം ഇതുവരെ ഏഴ് ദശലക്ഷത്തിലധികം സന്ദർശകർ ജെജുവിൽ സന്ദർശനം നടത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം സഞ്ചാരികളുമെത്തുന്നത് ചൈനയില്‍ നിന്നാണ്.


