പാർലമെന്റ് സമ്മേളനത്തിന് ഇറക്കം അല്പം കുറഞ്ഞ, വർണ്ണപ്പകിട്ടുള്ള ഒരു വസ്ത്രമണിഞ്ഞ് വന്നെത്തിയ ദക്ഷിണ കൊറിയയിലെ വനിതാ എംപി റിയൂ ഹോ ജിയാങിനെതിരെ ആക്രമണം അഴിച്ചുവിട്ട് സോഷ്യൽ മീഡിയ. 'മിനി ഡ്രസ്' എന്ന വിശേഷണത്തോടെ ഈ ചുവപ്പു നിറത്തിലുള്ള വസ്ത്രമണിഞ്ഞ റിയുവിന്റെ ചിത്രം മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അതിരൂക്ഷമായ ആക്രമണം തുടങ്ങിയത്. 

"ഇങ്ങനെ വൾഗർ ആയി വസ്ത്രധാരണം നടത്തുന്ന ഒരു സ്ത്രീക്ക് പാർലമെന്റിന്റെ പടി ചവിട്ടാനുള്ള യോഗ്യതയില്ല" എന്ന് മറ്റൊരാൾ. "ഇന്ന് മിനി സ്കർട്ട് ഇട്ടുവന്നു, നാളെ ബിക്കിനി ഇട്ടുവന്നാലോ?" എന്നായിരുന്നു ഒരാളുടെ പ്രതികരണം. "ഇത് പാർലമെന്റോ അതോ നൈറ്റ് ക്ലബ്ബോ?" എന്ന് വേറെ ഒരാൾ ചോദിച്ചു. 

"സാധാരണ പ്ലീനറി സമ്മേളനങ്ങളിൽ കോട്ടും സ്യൂട്ടും ടൈയും ധരിച്ചാണ് എംപിമാർ വരാറുള്ളത്. ആ ഒരു പൊതുബോധം. അത് മാത്രമാണ് നോർമൽ എന്ന മിഥ്യാ ധാരണ. അത് തകർത്തെറിയാൻ വേണ്ടി മനഃപൂർവം തന്നെയാണ് ഞാൻ ഇങ്ങനെ ഒരു വസ്ത്രം ധരിച്ചെത്തിയത്" എന്നായിരുന്നു ആക്ഷേപങ്ങൾക്കുളള റിയുവിന്റെ മറുപടി. റിയുവിന്റെ വസ്ത്രധാരണം വെച്ച് അവരുടെ യോഗ്യത ആരും അളക്കേണ്ട, പാർലമെന്റിലെ പ്രകടനം മാത്രമാണ് ഒരു എംപിയുടെ യോഗ്യതക്കുള്ള മാനദണ്ഡം എന്ന് റിയൂ അംഗമായ ജസ്റ്റിസ് പാർട്ടിയും അവരെ പിന്തുണച്ചുകൊണ്ട് പ്രസ്താവനയിറക്കി. 

ഇതിനു മുമ്പ്, കഴിഞ്ഞ വർഷം ഇതുപോലെ തന്നെ ബ്രസീലിലെ പാർലമെന്റംഗമായ പൗളിനയും തന്റെ ഇറക്കം കൂടിയ ക്ളീവേജിന്റെ പേരിൽ ഏറെ വിമർശനങ്ങൾക്കും, ബലാത്സംഗ-വധ ഭീഷണികൾക്കും ഇരയായിരുന്നു. " സ്ത്രീകളുടെ ശരീരത്തിന്റെ ഒരു സ്വാഭാവികമായ ഭാഗം മാത്രമാണ് മാറിടങ്ങൾ. എനിക്ക് എന്നും വലിപ്പമുള്ള സ്തനങ്ങളാണ് ഉണ്ടായിരുന്നത്.

 

 

ചുവന്ന ഫ്രോക്കിട്ടപ്പോൾ ആളുകൾ ചുവപ്പുനിറത്തെപ്പറ്റി പറയുമായിരിക്കും എന്നാണ് ഞാൻ കരുതിയത്.  ഫ്രോക്കിനുപകരം എന്റെ ക്ലീവേജിൽ ആണ് ആളുകളുടെ ശ്രദ്ധ. സ്ത്രീകൾ രാഷ്ട്രീയത്തിൽ വന്നുതുടങ്ങി. അത് എല്ലാവരും അംഗീകരിക്കുന്നതാണ് നല്ലത്. അതിനോടുള്ള എതിർപ്പിന് ഞങ്ങളുടെ വസ്ത്രത്തെയും, ശരീരഭാഗങ്ങളെയും ആരും ആയുധമാക്കേണ്ട. അത് നടക്കില്ല..." എന്നായിരുന്നു അന്ന് പൗളിന അന്ന് വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞത്.