സ്പെയിനിൽ 70 വർഷമായി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും 87-കാരിയായ മാരികാർമെൻ അബാസ്കലിനെ അമിത വാടകയുടെ പേരിൽ പുറത്താക്കി. ഈ ക്രൂരമായ നടപടി രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും വഴിവെച്ചു. ഭവനപ്രതിസന്ധി രൂക്ഷമായതോടെ സ്പെയിൻ മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.
ഇന്ത്യ ഇന്ന് വലിയൊരു സമരമുഖത്താണ്. സ്വന്തം ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശത്തിൽ നിന്നും ഒരു ജനതയെ പുറത്താക്കാൻ ചരട് വലിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടാണ് ആ സമരമുഖം തുറന്നത്. എന്നാൽ, ഇതിനിടെ സ്പെനിൽ വലിയൊരു സമരം മുഖം തുറക്കപ്പെട്ടിരുന്നു. രാജ്യത്ത് വർദ്ധിച്ച് വരുന്ന വീട്ടു വാടകയാണ് അവിടെ പ്രതിസ്ഥാനത്ത്. അതും ഒരു 87 -കാരിയെ അവർ 70 വർഷത്തിലേറെയായി താമസിച്ചിരുന്ന വീട്ടിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയായിരുന്നു ആ സമരം രാജ്യത്തെ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് വളർന്നത്.
വാടക വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട 87 -കാരി
മാരികാർമെൻ അബാസ്കലിന് വയസ് 87. പ്രായാധിക്യത്തിന്‍റെ അവശകളിലായിരുന്നു മാരികാർമെൻ. 500 യൂറോയായിരുന്ന വാടക ഒരു സുപ്രഭാതത്തിൽ 2,650 യൂറോയായി ഉയർന്നു. പിന്നാലെ സെപ്റ്റംബർ 23 -ന് മാരികാർമെനെ സ്ട്രെച്ചറിൽ ബലമായി വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. പിന്നാലെ സ്പെയിനെ പിടിച്ച് കുലുക്കിയ പ്രതിഷേധം കലാപ സമാനമായി. ഒടുവിൽ കഴിഞ്ഞ 7 -ാം തിയതി മാരികാർമെൻ അബാസ്കൽ ഈ ലോകത്ത് നിന്നും വാടകയില്ലാത്തൊരു ലോകത്തേക്ക് യാത്രയായതായി മാഡ്രിഡ് വാടകക്കാരുടെ യൂണിയനാണ് മരണവിവരം അറിയിച്ചു. ജനങ്ങൾ, മാരികാർമെനായി തെരുവുകളിൽ മെഴുകുതിരികൾ തെളിയിച്ചു.
1956 -ൽ മാരികാർമെന്‍റെ പിതാവാണ് മാഡ്രിഡിലെ റെറ്റിറോ മേഖലയിൽ വീട് വാടകയ്ക്കെടുത്തത്. മാതാപിതാക്കളുടെ മരണശേഷം മാരികാർമെൻ അതേ വീട്ടിൽ തന്നെ തുടർന്നു. മാതാപിതാക്കൾ മരിച്ചതിനാൽ വാടക നിയന്ത്രണത്തിന്‍റെ ആനുകൂല്യം മാരികാർമെന് ലഭിച്ചിരുന്നു. എന്നാൽ, 2018 -ൽ കെട്ടിടം വാങ്ങിയ ഉർബജെസ്റ്റിയോൺ എന്ന കമ്പനി പ്രതിമാസ വാടക 500 യൂറോയിൽനിന്ന് 2,650 യൂറോയായി ഉയർത്തി. പിന്നീട് വാടക 1,650 യൂറോയായി കുറയ്ക്കാൻ കമ്പനി തയ്യാറായെങ്കിലും, ഈ തുക മാരികാർമെന്‍റെ പ്രതിമാസ പെൻഷനേക്കാൾ 300 യൂറോ അധികമായിരുന്നു.

കോടതി ഇടപെടൽ, ആശുപത്രി...
മാരികാർമെനെ ഒഴിപ്പിക്കാനുള്ള ഉർബജെസ്റ്റിയോണിന്‍റെ ശ്രമങ്ങളെ കോടതി മൂന്ന് തവണയാണ് തടഞ്ഞത്. എന്നാൽ സെപ്റ്റംബറിലെ നടപടിക്കുശേഷം ആരോഗ്യനില മോശമായതിനെ തുടർന്ന് മാരികാർമെനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറഞ്ഞ വാടകയ്ക്ക് തിരിച്ചെത്താൻ കമ്പനി മാരികാർമെന് വാഗ്ദാനം നൽകിയെങ്കിലും ആശുപത്രിയിലായതിനാൽ കരാറിൽ ഒപ്പിടാൻ അവർക്ക് കഴിഞ്ഞില്ല. ആശുപത്രിയിൽ നിന്നും അവർ തിരികെ തന്‍റെ വാടക വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും കമ്പനി അവരെ സ്ട്രക്ച്ചറിലാക്കി വീടിന് പുറത്താക്കി. ഒരു 87 -കാരി അധിക വാടകയുടെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത് ജനത്തിന് വലിയ ആശങ്കയാണ് സമ്മാനിച്ചത്. പിന്നാലെ ജനം തെരുവിലിറങ്ങി. ഇതോടെ സ്പെനിൽ കലാപ സമാനമായ അന്തരീക്ഷമാണ് ഉടലെടുത്തത്.
തെരുവിലിറങ്ങി ജനം
മാഡ്രിഡിലെ പുവേർട്ട ഡെൽ സോൾ ചത്വരത്തിൽ ആയിരങ്ങൾ തമ്പടിച്ചു. അവർ ഒരൊറ്റ ആവശ്യമാണ് പ്രധാനമായും ഉന്നയിച്ചത്. വാടക താങ്ങാവുന്ന നിലയിലേക്ക് താഴ്ത്തണം. പക്ഷേ, ഭവനപ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കൊണ്ടുവന്ന അടിയന്തര നടപടികൾ പാർലമെന്റിൽ പരാജയപ്പെട്ടു. പിന്നാലെ നവംബർ 29 -ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി പതിനായിരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തതോടൊപ്പം യൂണിയനുകൾ നവംബർ 11 -ന് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു.
'അവർക്ക് ഞാൻ പ്രചോദനമായി'
'എന്‍റെ വീട് സംരക്ഷിക്കാനായില്ലെങ്കിലും മറ്റുള്ളവർക്ക് അവരുടെ അവകാശങ്ങൾക്കായി പോരാടാൻ പ്രചോദനമാകാൻ ഞാൻ പോരാടി' എന്നായിരുന്നു ആശുപത്രിക്കിടക്കയിൽനിന്ന് മാരികാർമെൻ പങ്കുവെച്ച സന്ദേശം. ഏതാനും ആഴ്ചകൾ കൊണ്ട് സ്പെയിനിലെ ഭവനപ്രതിസന്ധിയുടെയും രാഷ്ട്രീയ ഭിന്നതകളുടെയും പ്രതീകമായി അവരുടെ ജീവിതവും മരണവും മാറി. സ്പെയിൻ മറ്റൊരു തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. ഭവനരഹിതരും അമിത വാടകയുമാകും വരാൻ പോകുന്ന തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നതിൽ സംശയമില്ല.


