അണ്ണാനെ പിന്നീട് അവർ മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ റോയൽ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസിന് കൈമാറി. അവിടെ വച്ച് ഒരു മൃഗഡോക്ടർ അതിനെ ദയാവധത്തിന് വിധേയമാക്കി.

വെൽഷിലെ ഒരു ചെറിയ പട്ടണത്തിലെ താമസക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു അണ്ണാനെ(Squirrel) പിടികൂടി ദയാവധത്തിന് വിധേയമാക്കി. അതിന്റെ 48 മണിക്കൂർ നീണ്ട അക്രമണ പരമ്പരയിൽ 18 പേർക്കാണ് പരിക്കേറ്റത്. ഓടി നടന്ന് ആളുകളെ കടിച്ചുകൊണ്ടിരുന്ന അതിനെ ഒടുവിൽ താമസക്കാരിൽ ഒരാൾ തന്നെ പിടികൂടി. തുടർന്ന് മൃഗക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അതിനെ ദയാവധത്തിന്(euthanised) വിധേയമാക്കി. കഴിഞ്ഞയാഴ്ച ഫ്ലിന്റ്ഷെയറിലെ ബക്ക്ലിയിലുള്ള ആളുകളെയാണ് ഒരു കാരണവും കൂടാതെ ഇത് ആക്രമിച്ചത്. ഗ്രെംലിൻസ് എന്ന ചിത്രത്തിലെ ദുഷ്ട കഥാപാത്രത്തിന്റെ പേരാണ് ഈ അണ്ണാനും, സ്ട്രൈപ്പ്(Stripe).

ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് 65 -കാരിയായ കൊറിൻ റെയ്‌നോൾഡ്‌സിനാണ്. കാരണം അവരാണ് മാർച്ച് മുതൽ ഇതിന് ഭക്ഷണം നൽകി പരിപാലിച്ചിരുന്നത്. സ്ട്രൈപ്പ് അവരുടെ പൂന്തോട്ടത്തിലെ പതിവ് സന്ദർശകനായിരുന്നു. തുടക്കത്തിൽ പക്ഷികളുടെ ഭക്ഷണം മോഷ്ടിക്കാനാണ് അവൻ വന്നിരുന്നത്. "എന്നാൽ ആ മാസങ്ങളിലെല്ലാം അവൻ സൗമ്യനായിരുന്നു. അവൻ എന്റെ അടുത്ത് വന്ന്, എന്റെ കൈയിലുള്ള നട്ട്സ് എടുത്തുകൊണ്ട് പോകുമായിരുന്നു" കൊറിൻ പറഞ്ഞു. എന്നാൽ, കഴിഞ്ഞയാഴ്ച പൂന്തോട്ടത്തിൽ വന്ന അവന് കൊറിൻ ഭക്ഷണം നൽകാൻ ശ്രമിച്ചപ്പോൾ, ഭക്ഷണം സ്വീകരിക്കുന്നതിന് പകരം അവരെ അവൻ കടിക്കുകയായിരുന്നു.

തുടർന്ന് ടൗൺ ഫെയ്‌സ്ബുക്ക് പേജിൽ നോക്കിയപ്പോഴാണ് തന്നെ കൂടാതെ നിരവധി പേരെ അത് കടിച്ചതായി കൊറിൻ അറിഞ്ഞത്. ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ കണ്ട അവർ ഞെട്ടിപ്പോയി. "ആളുകൾ പോസ്റ്റ് ചെയ്ത മുറിവുകളുടെ ചിത്രങ്ങൾ എല്ലാം കണ്ടപ്പോൾ, ഞാൻ അതിശയിച്ച് പോയി. ഇവനിതെന്ത് പറ്റിയെന്ന് ഞാൻ ചിന്തിച്ചു?" അവർ പറഞ്ഞു. എന്നാലും, ഉടനെ തന്നെ എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന് അവർ ഉള്ളിൽ കരുതി. അങ്ങനെ അവനെ കെണിയിൽ വീഴ്ത്താൻ അവർ തീരുമാനിച്ചു. "അവന് ഭക്ഷണം നൽകുന്ന സ്ഥലത്ത് ഞാൻ കെണി ഒരുക്കി വച്ചു. 20 മിനിറ്റ് അകഴിഞ്ഞപ്പോൾ, അവൻ കെണിയിൽ വീണു. അവൻ എന്നെ വിശ്വസിച്ചു വന്നതാണെങ്കിലും, ഞാൻ അവനെ ഒറ്റിക്കൊടുത്തു" അവർ പറഞ്ഞു.

കൊറിൻ പലപ്പോഴും മുറിവേറ്റ പക്ഷികളെ വീട്ടിൽ കൊണ്ടുവന്ന് ചികിത്സിച്ച് ഭേദമാക്കാറുണ്ട്. താൻ ഒരു മൃഗസ്നേഹിയാണെന്നാണ് അവർ സ്വയം പറയുന്നത്. "എന്റെ പൂന്തോട്ടം ഒരു പക്ഷിസങ്കേതം പോലെയാണ്. എനിക്ക് അവനെ പിടികൂടാതെ വേറെ വഴിയില്ലായിരുന്നു. എനിക്ക് രണ്ട് വയസ്സുള്ള ഒരു ചെറുമകനുണ്ട്, അവന്റെ വിരലിലായിരുന്നു കടിച്ചിരുന്നതെങ്കിൽ, എന്ത് ചെയ്യുമായിരുന്നു" അവർ പറഞ്ഞു.

അണ്ണാനെ പിന്നീട് അവർ മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ റോയൽ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസിന് കൈമാറി. അവിടെ വച്ച് ഒരു മൃഗഡോക്ടർ അതിനെ ദയാവധത്തിന് വിധേയമാക്കി. "അണ്ണാനെ കൊല്ലേണ്ടി വന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. പക്ഷേ, 2019 -ലെ നിയമ മാറ്റങ്ങൾ കാരണം ചാരനിറത്തിലുള്ള അണ്ണാനെ കാട്ടിലേക്ക് തിരികെ വിടുന്നത് നിയമവിരുദ്ധമാണ്" സംഘടനയുടെ ഒരു വക്താവ് പറഞ്ഞു. ഈ നിയമത്തോട് യോജിക്കുന്നില്ലെങ്കിലും, നിയമപരമായി അത് പാലിക്കേണ്ടത് തങ്ങളുടെ കർത്തവ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ചാരനിറത്തിലുള്ള അണ്ണാനെ കെണിയിൽ വച്ച് പിടിക്കരുതെന്ന് അദ്ദേഹം ആളുകളോട് അഭ്യർത്ഥിക്കുന്നു. കാരണം പിടികൂടിയാൽ അതിനെ കാട്ടിലേക്കും വിടുന്നത് ഇപ്പോൾ നിയമവിരുദ്ധമാണ്. പകരം കൊല്ലുക മാത്രമാണ് ഏക പോംവഴി.