സ്റ്റാൻഡ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ ബുധനാഴ്ച രാവിലെ ഡെപ്യൂട്ടി അസൈൻമെന്റ് ഡയറക്ടർ റോൺസൺ ചാന്റെ വാതിൽക്കൽ ഒന്നിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതായി കാണാമായിരുന്നു. 

രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരു സ്വതന്ത്ര വാർത്താ വെബ്‌സൈറ്റിൽ നിന്ന് ആറ് പേരെ ഹോങ്കോങ് പൊലീസ്(Hong Kong police) അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 'സ്റ്റാൻഡ് ന്യൂസി'(Stand News)ലെ ഇപ്പോള്‍ ജോലി ചെയ്യുന്നവരും മുൻ ജീവനക്കാരും ഉള്‍പ്പെടുന്നു. പ്രസിദ്ധീകരണത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്യാൻ 200 -ലധികം പൊലീസ് ഉദ്യോഗസ്ഥരെയും അയച്ചിട്ടുണ്ട്. 

മാധ്യമസ്ഥാപനത്തിലെ വാർത്താസാമ​ഗ്രികൾ പരിശോധിച്ച് പിടിച്ചെടുക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സ്റ്റാൻഡ് ന്യൂസിന്റെ നിലവിലെ ചീഫ് എഡിറ്റർമാരും മുൻ ചീഫ് എഡിറ്റർമാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കൂടാതെ മുൻ ബോർഡ് അംഗമായിരുന്ന, പോപ്പ് താരവും പിന്നീട് ഡെമോക്രസി ഐക്കണുമായി മാറിയ ഡെനിസ് ഹോയും ഉൾപ്പെടുന്നു. ഇതേ കുറ്റത്തിന് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വെസ്റ്റേൺ ഡിസ്ട്രിക്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ സ്ഥിരീകരിച്ചു. 34 -നും 73 -നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 

സ്റ്റാൻഡ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ ബുധനാഴ്ച രാവിലെ ഡെപ്യൂട്ടി അസൈൻമെന്റ് ഡയറക്ടർ റോൺസൺ ചാന്റെ വാതിൽക്കൽ ഒന്നിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതായി കാണാമായിരുന്നു. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിലും അദ്ദേഹത്തെ ചോദ്യം ചെയ്‍തു. തലേദിവസം രാത്രി, താൻ ചെയർപേഴ്‌സണായ ഹോങ്കോംഗ് ജേണലിസ്റ്റ് അസോസിയേഷന്റെ (HKJA) വാർഷിക അത്താഴത്തിന് ചാൻ ആതിഥേയത്വം വഹിച്ചിരുന്നു. ഒരു പ്രസംഗത്തിൽ, ആപ്പിൾ ഡെയ്‌ലി അടച്ചുപൂട്ടിയതിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു. 'സംഭവം ഹോങ്കോങ്ങിനെ പിടിച്ചുകുലുക്കി' എന്നാണ് അദ്ദേഹം പറഞ്ഞത്. 

Scroll to load tweet…

'നഗരത്തിന് എല്ലായ്‌പ്പോഴും സത്യം ആവശ്യമാണ്, എല്ലായ്‌പ്പോഴും പത്രപ്രവർത്തകരെ ആവശ്യമുണ്ട്. മുന്നോട്ടുള്ള പാത എത്ര ദുഷ്‌കരമായാലും ഹോങ്കോങ് ജേണലിസ്റ്റ് അസോസിയേഷൻ വീഴില്ല' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ഈ വർഷമാദ്യം, ഇപ്പോൾ പ്രവർത്തനരഹിതമായ ആപ്പിൾ ഡെയ്‌ലിയുടെ പരിസരത്ത് നൂറുകണക്കിന് പൊലീസ് എത്തി റെയ്ഡ് നടത്തിയിരുന്നു. ഹോങ്കോങ്ങിന്റെയും ചൈനീസ് നേതൃത്വത്തിന്റെയും കടുത്ത വിമർശകരായി അറിയപ്പെട്ടിരുന്ന പ്രസിദ്ധീകരണമായിരുന്നു ആപ്പിള്‍ ഡെയ്‍ലി. 

ആപ്പിൾ ഡെയ്‍ലിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു, എക്സിക്യൂട്ടീവുകളെ തടഞ്ഞുവയ്ക്കുകയും പത്രം ഉടൻതന്നെ പൂട്ടുകയും ചെയ്തു. ഈ അടച്ചുപൂട്ടൽ നഗരത്തിലെ അവസാനത്തെ, പരസ്യമായ ജനാധിപത്യ അനുകൂല പ്രസിദ്ധീകരണങ്ങളിലൊന്നാക്കി സ്റ്റാൻഡ് ന്യൂസിനെ മാറ്റി. 2019 -ലെ ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ പ്രാധാന്യം നേടിയ താരതമ്യേന പുതിയതായി പ്രവര്‍ത്തനം തുടങ്ങിയ ഒരുപിടി ഓൺലൈൻ വാർത്താ പോർട്ടലുകളിൽ ഒന്നാണിത്. 

ആപ്പിൾ ഡെയ്‌ലിയുടെ സ്ഥാപകനായ മാധ്യമ വ്യവസായി ജിമ്മി ലായ്‌ പ്രത്യേക കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്. ബുധനാഴ്‌ചത്തെ സംഭവത്തിൽ തങ്ങൾ അതീവ ഉത്കണ്ഠാകുലരാണെന്നും ബേസിക് ലോ അനുസരിച്ച് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചുവെന്നും എച്ച്‌കെജെഎ പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടനിൽ നിന്ന് ഹോങ്കോങ് ചൈനയ്ക്ക് തിരികെ നൽകിയപ്പോൾ പ്രാബല്യത്തിൽ വന്ന ബേസിക് ലോ, കൂടിച്ചേരലുകള്‍ക്കുള്ള സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ സംരക്ഷിക്കുന്നു. 

ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഹോങ്കോങ് അധികാരികൾ നഗരത്തിലെ വിയോജിപ്പുകളെ കൂടുതൽ അടിച്ചമർത്തുകയാണ്. ഈ വിവാദ നിയമം വിഭജനം, അട്ടിമറി, വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ ക്രിമിനൽ കുറ്റമാക്കുന്നു, കൂടാതെ പരമാവധി ജീവപര്യന്തം തടവുശിക്ഷയും ലഭിക്കും. ഇത് പ്രകാരം പ്രതിഷേധിക്കുന്നവരെയും ആക്ടിവിസ്റ്റുകളെയും ശിക്ഷിക്കുന്നത് എളുപ്പമാക്കുകയും ചെയ്തതായി വിമർശകർ പറയുന്നു.