റോഡ് പണി നടക്കുന്നിടത്ത് മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അമിതവേഗതയിലെത്തിയ വാഹനം 30 അടി താഴ്ചയുള്ള ഡ്രൈനേജിലേക്ക് മറിയുകയായിരുന്നു. 

ലോകം തന്നെ ഇന്ന് കൈവെള്ളയിലാണ്. ഒരു മൊബൈലും ഇന്‍റർനെറ്റ് കണക്റ്റിവിറ്റിയും ഉണ്ടെങ്കില്‍ ഭൂമിയിലെവിടെയും സഞ്ചരിക്കാം എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. എന്നാല്‍ സാങ്കേതിക വിദ്യയെ അമിതമായി അശ്രയിക്കുന്നത് വലിയ അപകടങ്ങൾക്കും വഴിവയ്ക്കുന്നു. പ്രത്യേകിച്ചും ഗൂഗിൾ മാപ്പ് ചതിക്കുന്നത് ഇന്നൊരു നിത്യസംഭവം ആയിരിക്കുന്നുവെന്ന് വേണം പറയാന്‍.

ഗ്രേറ്റര്‍ നോയിഡയില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ വേണ്ടി പോവുകയായിരുന്ന 31 -കാരനായ സ്റ്റേഷന്‍ മാസ്റ്റർ 30 താഴ്ചയുള്ള ഡ്രൈനേജിലേക്ക് വീണ് മരിച്ചു. ദില്ലി സ്വദേശിയായ ഭരത് സിംഗ് ഗ്രേറ്റര്‍ നോയിഡയില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാനായി എത്തിയതായിരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ പി4 സെക്റ്ററിലെ 30 അടി താഴ്ചയുള്ള ഡ്രൈനേജിലേക്ക് കാർ മറിഞ്ഞാണ് അപകടമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പോലീസിന് ഇതുവരെ അദ്ദേഹത്തിന്‍റ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പ്രദേശവാസികൾ. തെറ്റായ വഴിയിലൂടെയാണ് അദ്ദേഹം വന്നതെന്ന് പറഞ്ഞു.

Read More:അച്ഛൻ 65 -കാരനായ ഫിസിക്സ് അധ്യാപകൻ, ജോലി സ്ഥലത്ത് മോശം പെരുമാറ്റം നേരിടുന്നു; മകന്‍റെ വൈകാരികമായ കുറിപ്പ് വൈറൽ

കേന്ദ്രീയ വിഹാർ ഏരിയയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം നടന്നത്. ഫോണ്‍ സന്ദേശം ലഭിച്ച് സ്ഥലത്തെത്തുമ്പോൾ കാറിനുള്ളില്‍ അദ്ദേഹത്തിന്‍റെ മൃതദേഹം കിടക്കുകയായിരുന്നെന്നും ക്രൈന്‍ ഉപയോഗിച്ചാണ് കാര്‍ ഡ്രൈനേജില്‍ നിന്നും പുറത്തെടുത്തതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. അമിത വേഗത്തിലെത്തിയ കാര്‍ ഡ്രൈനേജിലേക്ക് വീഴുന്നത് ഒരു ഡെലിവറി ഏജന്‍റ് കണ്ടിരുന്നു. പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അതിനകം കാര്‍ മുങ്ങിപ്പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഭരത് സിംഗ് സഞ്ചരിച്ചിരുന്ന റോഡ് അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരുന്നെങ്കിലും അവിടെ ദിശാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. അമിത വേഗതയിലെത്തിയ കാര്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് ഡ്രൈനേജിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റോഡ് പണിയുടെ മുന്നറിയിപ്പ് ബോർഡുകളില്ലാത്തിരുന്നതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികളും ആരോപിച്ചു. 

Read More:  വിനോദ സഞ്ചാര കേന്ദ്രത്തില്‍ വച്ച് മകൾ മരിച്ചു; 1.08 കോടി നഷ്ടപരിഹാരം വേണമെന്ന് മാതാപിതാക്കൾ; പക്ഷേ...