ശിക്ഷ പൂർത്തിയായതിന് പിന്നാലെ അയാൾ കുട്ടിയെ കെട്ടിപ്പിടിക്കുന്നതും കാണാം. അമ്മ ഇതിലൊന്നും ഇടപെടുന്നില്ല. ഡസ്റ്റിനുമായി കുട്ടിക്ക് നല്ല അടുപ്പമുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.
9 വയസുകാരനായ മകന് ശിക്ഷയായി പുഷ് അപ്പുകളും സ്ക്വാട്ടും ചെയ്യിച്ച് മാതാപിതാക്കൾ. വീഡിയോയെ അനുകൂലിച്ചും വിമർശിച്ചും നെറ്റിസൺസ്. ഒറിഗോണിൽ നിന്നുള്ള ദമ്പതികളായ കാറ്റിയും ഡസ്റ്റിൻ മാലെച്ചിനുമാണ് കുട്ടിക്ക് ഇത്തരത്തിൽ ഒരു ശിക്ഷ നൽകിയത്.
ഡസ്റ്റിൻ ഈ ഒമ്പതു വയസുകാരന്റെ രണ്ടാനച്ഛനാണ്. മകൻ ടോമിക്കാണ് ഡസ്റ്റിൻ ഇത്തരത്തിൽ ഒരു ശിക്ഷ നൽകിയത്. അമ്മയോട് ധിക്കാരപൂർവം സംസാരിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ രണ്ടാനച്ഛനായ ഡസ്റ്റിൻ അവനെ ശിക്ഷിച്ചത് എന്നാണ് പറയുന്നത്. ജയിൽ കറക്ഷൻ ഓഫീസറായി ജോലി ചെയ്യുകയാണ് ഡസ്റ്റിൻ.
ഇയാൾ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നതും. 'ഇങ്ങനെയാണ് നല്ല അച്ഛൻ നല്ലൊരു പുരുഷനെ വളർത്തിയെടുക്കുന്നത്' എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്. വീഡിയോയിൽ കുട്ടിയെ അടുത്ത് വിളിച്ച് ഡസ്റ്റിൻ അവനെ കൊണ്ട് പുഷ് അപ്പ് ചെയ്യിപ്പിക്കുന്നത് കാണാം. പിന്നാലെ സ്ക്വാട്ടും ചെയ്യിപ്പിക്കുന്നുണ്ട്. കുട്ടി ഇതെല്ലാം ചെയ്യുന്നു. അവന്റെ സഹോദരി ഇതെല്ലാം നോക്കി തൊട്ടടുത്തുണ്ട്.
ശിക്ഷ പൂർത്തിയായതിന് പിന്നാലെ അയാൾ കുട്ടിയെ കെട്ടിപ്പിടിക്കുന്നതും കാണാം. അമ്മ ഇതിലൊന്നും ഇടപെടുന്നില്ല. ഡസ്റ്റിനുമായി കുട്ടിക്ക് നല്ല അടുപ്പമുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. നിരവധിപ്പേർ ഡസ്റ്റിന്റെ പാരന്റിംഗിനെ പുകഴ്ത്തിക്കൊണ്ട് കമന്റുകൾ നൽകി. 'ഇങ്ങനെയാവണം നല്ലൊരു അച്ഛൻ' എന്നായിരുന്നു അവരുടെയെല്ലാം അഭിപ്രായം.
എന്നാൽ, അതേസമയം തന്നെ ഇത് ക്രൂരമാണ് എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഒരു ശിക്ഷയല്ല കുട്ടിക്ക് നൽകേണ്ടത്. ഇത് അവനിൽ ട്രോമയുണ്ടാക്കാനേ ഉപകരിക്കൂ എന്നായിരുന്നു അവരുടെ അഭിപ്രായം.
അതേസമയം, എജ്യുക്കേഷണൽ സൈക്കോളജിസ്റ്റായ ഡോ. മിഷേൽ ബോർബ രണ്ടാനച്ഛൻ ചെയ്തതിനെ ന്യായീകരിച്ചു. അതിൽ കുഴപ്പമില്ല എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ, വീഡിയോ പരസ്യമായി പങ്കുവച്ചതിന്റെ പ്രത്യാഘാതങ്ങൾ നല്ലതാവില്ല എന്നും അവർ പറഞ്ഞതായി എൻഡിടിവി എഴുതുന്നു.
