തുടക്കത്തിൽ, തന്റെ ജോലി സുഗമമാക്കാൻ അദ്ദേഹം ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനോ ട്രസ്റ്റോ സ്ഥാപിച്ചില്ല. എന്നാൽ ഒരു അഭിഭാഷകനെന്ന നിലയിൽ തന്റെ ജോലിയ്‌ക്കൊപ്പം ഒഴിവുസമയങ്ങളിൽ സ്വമേധയാ പ്രവർത്തിച്ചു. നോയിഡയിൽ നിന്ന് ബീഹാറിലേക്ക് എവിടെ പോയാലും ഹെൽമെറ്റ് ധരിക്കാതെ റോഡിൽ ഒരാളെ കണ്ടാൽ ആ വ്യക്തിക്ക് സൗജന്യ ഹെൽമറ്റ് നല്‍കും. 

ഏഴ് വർഷം മുമ്പ് ദില്ലിയിൽ വാഹനാപകടത്തെ തുടർന്ന് സുഹൃത്തും കൂടെത്താമസിക്കുന്നതുമായ കൃഷ്ണകുമാർ താക്കൂർ മരിച്ചതോടെയാണ് രാഘവേന്ദ്ര കുമാറി(Raghvendra Kumar)ന്റെ ജീവിതം മാറിമറിഞ്ഞത്. 2014 ഏപ്രിലിലെ ആ നിർഭാഗ്യകരമായ ദിനത്തിൽ അവന്റെ സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്ന ഒരേയൊരു കാര്യം ഒരു ഹെൽമറ്റ്(Helmet) ആയിരുന്നു. 

കൈമൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള രാഘവേന്ദ്രയും ബിഹാറിലെ മധുബാനിയിൽ താമസിക്കുന്ന കൃഷ്ണകുമാറും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും വലിയ കാര്യം ചെയ്യണമെന്ന സ്വപ്നവുമായാണ് ഡൽഹി-എൻസിആറിൽ എത്തിയത്. രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന് രണ്ടുപേരും ഒരുപോലെ സ്വപ്നം കണ്ടു. കൃഷ്ണകുമാർ എഞ്ചിനീയറിംഗ് കോഴ്‌സ് പഠിക്കുമ്പോൾ, ഗ്രേറ്റർ നോയിഡയിലെ ലോയ്ഡ് ലോ കോളേജിൽ അഭിഭാഷകനാകാൻ പഠിക്കുകയായിരുന്നു രാഘവേന്ദ്ര. ഒരുമിച്ച് എന്തെങ്കിലും ചെയ്യണമെന്ന സ്വപ്നം നടന്നില്ല. പക്ഷേ, സുഹൃത്തിന് സംഭവിച്ച അപകടത്തോടെ രാഘവേന്ദ്രയ്ക്ക് സമൂഹത്തെ സേവിക്കണം എന്ന ആഗ്രഹം ദൃഢമായി. 

2014 ഒക്‌ടോബർ മുതൽ 22 സംസ്ഥാനങ്ങളിലായി 50,000 ഹെൽമെറ്റുകൾ സൗജന്യമായി വിതരണം ചെയ്‌ത അദ്ദേഹം റോഡ് സുരക്ഷയ്‌ക്കായി വിപുലമായ പ്രചരണം തന്നെ നടത്തി. കൂടാതെ 8.5 ലക്ഷം നിരാലംബരായ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ പുസ്തകങ്ങളും വിതരണം ചെയ്തു. 

'എന്റെ കാറിൽ പോലും ഞാൻ ഹെൽമറ്റ് ധരിക്കുന്നത് റോഡ് സുരക്ഷയുടെ കാര്യത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കാനാണ്. ഹെൽമെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അവ സൗജന്യമായി വിതരണം ചെയ്യുന്നതിനും റോഡ് സുരക്ഷയോടുള്ള ആളുകളുടെ മനോഭാവം മാറ്റുന്നതിനുമായി എന്റെ ജീവിതം പൂർണമായും സമർപ്പിക്കപ്പെട്ടിരിക്കുന്നു. 2016 അവസാനത്തോടെ, ഈ സംരംഭം തുടരുന്നതിനായി ഞാൻ അഭിഭാഷകന്റെ ജോലി ഉപേക്ഷിച്ചു. അന്നുമുതൽ എനിക്ക് സ്ഥിരമായി ജോലിയൊന്നുമില്ല. ഞാൻ ഈ സംരംഭം ആരംഭിച്ചിട്ട് ഏകദേശം എട്ട് വർഷമായി' എന്ന് അദ്ദേഹം ദി ബെറ്റർ ഇന്ത്യയോട് പറഞ്ഞു. 

'ഹെല്‍മെറ്റ് മാന്‍ ഓഫ് ഇന്ത്യ' എന്നാണ് രാഘവേന്ദ്ര അറിയപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകന്‍റെ കുടുംബത്തില്‍ നിന്നുള്ളതാണ് അദ്ദേഹം. അതിനാല്‍ തന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് നിയമം പഠിക്കുന്ന അവസ്ഥയിലേക്കെത്തിയത്. പഠനം നടത്താന്‍ ഇടവേളകളെടുക്കുകയും പല ജോലികളും ചെയ്യേണ്ടി വന്ന ആളെന്ന നിലയിലും എപ്പോഴും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ സുഹൃത്തുമായി ആ സ്വപ്നം പങ്കുവച്ചിരിക്കവേയാണ് 2014 -ല്‍ ആ അപകടം നടന്നത്. സുഹൃത്തിന്‍റെ ജീവന്‍ അപകടത്തില്‍ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്‍റെ അച്ഛന്‍റെയും അമ്മയുടെയും വേദന രാഘവേന്ദ്രയ്ക്ക് സഹിക്കാനായില്ല. അങ്ങനെയാണ് രാഘവേന്ദ്ര സൗജന്യമായി ഹെല്‍മെറ്റ് വിതരണം ചെയ്‍തു തുടങ്ങിയത്. 

തുടക്കത്തിൽ, തന്റെ ജോലി സുഗമമാക്കാൻ അദ്ദേഹം ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനോ ട്രസ്റ്റോ സ്ഥാപിച്ചില്ല. എന്നാൽ ഒരു അഭിഭാഷകനെന്ന നിലയിൽ തന്റെ ജോലിയ്‌ക്കൊപ്പം ഒഴിവുസമയങ്ങളിൽ സ്വമേധയാ പ്രവർത്തിച്ചു. നോയിഡയിൽ നിന്ന് ബീഹാറിലേക്ക് എവിടെ പോയാലും ഹെൽമെറ്റ് ധരിക്കാതെ റോഡിൽ ഒരാളെ കണ്ടാൽ ആ വ്യക്തിക്ക് സൗജന്യ ഹെൽമറ്റ് നല്‍കും. ഇത് ഏകദേശം രണ്ട് വർഷത്തോളം തുടർന്നു, 2016 അവസാനത്തോടെ, റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും പാവപ്പെട്ട വിദ്യാർത്ഥികള്‍ക്ക് പുസ്തകം നല്‍കി സഹായിക്കുന്നതിനുമായി ജോലി ഉപേക്ഷിച്ചു. 

ഏതാനും മാസങ്ങൾക്ക് ശേഷം സുഹൃത്ത് കൃഷ്ണകുമാറിന്റെ വീട് സന്ദർശിച്ചപ്പോൾ അവിടെ കുറച്ച് പുസ്തകങ്ങള്‍ പൊടിപിടിച്ച് കിടക്കുന്നത് കണ്ടു. പുസ്തകങ്ങൾ വാങ്ങാൻ കഴിയാത്ത വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് അങ്ങനെയാണ്. അനുമതി ലഭിച്ചതിന് ശേഷം, രാഘവേന്ദ്ര ഈ പുസ്തകങ്ങൾ തന്റെ യാത്രയിൽ കണ്ടുമുട്ടിയ പാറ്റ്നയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നുള്ള ഒരു ആൺകുട്ടിക്ക് നൽകി.

രണ്ട് മാസങ്ങൾക്ക് ശേഷം, കുട്ടിയുടെ അച്ഛൻ രാഘവേന്ദ്രയെ വിളിച്ച് നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ കോളേജിൽ ഇന്റർമീഡിയറ്റ് പരീക്ഷയിൽ ജില്ലയിൽ ഒന്നാമതെത്തി. അതിന് ആ പുസ്തകമാണ് സഹായിച്ചത് എന്നാണ് പറഞ്ഞത്. ആ പിതാവിന്റെ നല്ല വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഹെല്‍മറ്റിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനിടയില്‍ കണ്ടുമുട്ടുന്ന ആളുകളോട് അവരുടെ ഉപയോഗിക്കാത്ത പുസ്തകങ്ങള്‍ സംഭാവന ചെയ്യുമോ എന്ന് അന്വേഷിച്ചു. ആ പുസ്തകങ്ങള്‍ അത് വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് നല്‍കി. 

ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ പ്രചാരണം നടത്തുമ്പോഴാവും, പഴയതും ഉപയോഗിച്ചതുമായ പുസ്തകങ്ങൾ എവിടെ നിക്ഷേപിക്കുമെന്ന് ആളുകൾ അദ്ദേഹത്തോട് ചോദിക്കുന്നത്. അങ്ങനെ, 2016 -ൽ ഗ്രേറ്റർ നോയിഡയിൽ ബുക്ക് ബോക്സുകള്‍ നിർമ്മിച്ച് അവരുടെ ആദ്യത്തെ ബുക്ക് ബാങ്കിന്റെ നിർമ്മാണം ആരംഭിച്ചു. ഈ സംരംഭത്തോട് പൊതുജനങ്ങളുടെ വലിയ പ്രതികരണമുണ്ടായി, പുസ്തകങ്ങൾ ഇവിടേക്ക് ഒഴുകാൻ തുടങ്ങി. ബീഹാർ, ഉത്തർപ്രദേശ്, ദില്ലി എന്നിവിടങ്ങളിലേക്കും പുസ്തക ബാങ്ക് വ്യാപിപ്പിച്ചു.

“ഈ ബുക്ക് ബാങ്കുകൾ വൈറലായി. ഓരോ ബുക്ക് ബാങ്കിന്റെയും മുകളിൽ, പുസ്തകങ്ങൾ ഇവിടെ നിക്ഷേപിക്കുന്ന രക്ഷിതാക്കളെ സഹായിക്കാൻ ഞാൻ ഒരു ഹെൽമറ്റ് വയ്ക്കും. അതേസമയം, ഈ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുമ്പോൾ, അവന്റെ അച്ഛനോ അമ്മയോ അവരെ സ്കൂളിലേക്കോ കോച്ചിംഗ് സെന്ററിലേക്കോ കൊണ്ടുപോകുമ്പോൾ ധരിക്കേണ്ട ഹെൽമെറ്റും ഞാൻ സംഭാവന ചെയ്യും. ഏകദേശം 1,200 ഗ്രാമങ്ങളിൽ, മിനി ലൈബ്രറികൾ സ്ഥാപിക്കാൻ സഹായിക്കാൻ ഒരുപാടാളുകളുണ്ടായി” 35 -കാരനായ രാഘവേന്ദ്ര അവകാശപ്പെടുന്നു. 

നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിക്കണമെന്നും അദ്ദേഹം സുപ്രീം കോടതിയിൽ ഹർജി നൽകി. എന്നാൽ, രാഘവേന്ദ്ര എങ്ങനെയാണ് അതിന് പണം നൽകിയതെന്ന് ചോദ്യമുയര്‍ന്നു. ഗ്രേറ്റർ നോയിഡയിലെ തന്റെ വീട് 40 ലക്ഷം രൂപയ്ക്ക് വിറ്റു, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ബിറ്റ്കോയിൻ വഴിയുള്ള വരുമാനം, ഭാര്യയുടെ ആഭരണങ്ങൾ ഈടായി ബാങ്ക് വായ്പയെടുത്തു, കൊവിഡ് -19 കാലത്ത് തന്റെ ഗ്രാമത്തിലെ കുടുംബ ഭൂമി പോലും വിറ്റുവെന്നതായിരുന്നു രാഘവേന്ദ്രയുടെ മറുപടി. “ഇതുവരെ, ഞാൻ ഏകദേശം 2.5 കോടി രൂപ ചെലവഴിച്ചു” അദ്ദേഹം അവകാശപ്പെടുന്നു.

2020 -ൽ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ മതിപ്പുളവായ ഒരു കേന്ദ്രമന്ത്രിയുടെ ഉപദേശപ്രകാരം, രാഘവേന്ദ്ര നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായി ഹെൽമറ്റ് മാൻ ഓഫ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപിച്ചു. “രണ്ടാം തരംഗത്തിൽ, ഞങ്ങൾ ഏകദേശം 9,000 പേർക്ക് ഹെൽമറ്റുകൾ വിതരണം ചെയ്തു, അതിൽ 1,000-2,000 പേർക്ക് അപകട ഇൻഷുറൻസ് സജ്ജീകരിച്ചു. ഹെൽമറ്റ് ഉണ്ടായിരുന്നിട്ടും, ഇന്നും ഭൂരിഭാഗം ആളുകളും അത് ധരിക്കാത്തതിനാൽ ഗുരുതരമായ അപകടങ്ങൾക്ക് സാധ്യതയുണ്ട്'' അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഏതായാലും ഹെല്‍മറ്റ് ബാങ്ക് അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി രാഘവേന്ദ്ര തന്‍റെ യാത്ര തുടരുകയാണ്.