പലരും പലപ്പോഴും നിറം വര്‍ധിപ്പിക്കുന്ന ക്രീമുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവാറുണ്ട്. അതിന് കാരണമായിത്തീരുന്നതാകട്ടെ സമൂഹത്തിന്‍റെ 'വെളുപ്പാണ് സൗന്ദര്യം' എന്ന മിഥ്യാധാരണയും. 'കാക്ക കുളിച്ചാല്‍ കൊക്കാകില്ല' എന്നാണ് കേട്ടു ശീലം. പക്ഷെ, 'കാക്ക കുളിക്കുന്നത് കൊക്കാകാനാണോ?' എന്ന് അധികമാരും തിരിച്ച് ചോദിക്കില്ല.

ഏതായാലും അടുത്തിടെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ വെളുപ്പാണ് മികച്ചതെന്ന തെറ്റിദ്ധാരണകള്‍ തകര്‍ത്തെറിയാനുള്ള ശ്രമങ്ങളും പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. ഛത്തീസ്‌ഗഢില്‍ നിന്നുള്ള റെനീ കുജൂര്‍ കറുത്ത നിറമായതിന്‍റെ പേരില്‍ ഒരുപാട് പരിഹാസങ്ങളും അവഗണനകളും സഹിക്കേണ്ടി വന്നൊരാളാണ്. മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നിട്ടുപോലും റെനിക്ക് നേരിടേണ്ടി വന്ന അവഗണന ഭീകരമായിരുന്നു.

മൂന്നാമത്തെ വയസ്സ് മുതല്‍ റെനി ഈ അവഗണനയും പരിഹാസവും കേള്‍ക്കുന്നുണ്ട്. മൂന്നാമത്തെ വയസ്സിലാണ്, ഫാന്‍സി ഡ്രസ് മത്സരത്തില്‍ പങ്കെടുത്ത് വളരെ മനോഹരമായൊരു ചിറകുള്ള ഉടുപ്പൊക്കെയായി ഒരു മാലാഖയെപ്പോലെ അവള്‍ സ്റ്റേജിലേക്ക് കയറിവന്നു... പക്ഷെ, സ്റ്റേജില്‍ കയറിയതും കണ്ടിരിക്കുന്നവരുടെ ഇടയില്‍ നിന്നും 'നോക്കൂ, കറുത്ത മാലാഖ, കറുത്ത മാലാഖ...' എന്ന മുറുമുറുപ്പുകളാണുണ്ടായത്. അവളാകെ തകര്‍ന്നുപോയി. നിറത്തിന്‍റെ പേരില്‍ അവള്‍ പരിഹസിക്കപ്പെട്ട അനേകം സന്ദര്‍ഭങ്ങളില്‍ ഒന്നു മാത്രമാണിത്. 

മോഡലാവാന്‍ ആഗ്രഹിച്ചിരുന്ന റെനി ഒരുപാട് വര്‍ഷക്കാലം ജോലിയില്ലാതെ അലഞ്ഞു നടന്നു. അവളുടെ നിറമായിരുന്നു കാരണം. അതവളെ വിഷാദിയാക്കി. കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ട് തയ്യാറാക്കിച്ച പോര്‍ട്ട്ഫോളിയോയുമായി അവള്‍ അവസരത്തിന് വേണ്ടി അലഞ്ഞു. പക്ഷെ, വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു. മൂക്കിന്‍റെ ആകൃതിയും ഇരുണ്ട നിറവും പറഞ്ഞ് പലരും അവളെ പരിഹസിച്ചു. എല്ലാവര്‍ക്കും വേണ്ടിയിരുന്നത് വെളുത്ത മോഡലുകളെയായിരുന്നു. കാലം കടന്നുപോയി. അപ്പോഴേക്കും ചെറുപ്പക്കാരികളായ മോഡലുകളെയാണ് വേണ്ടതെന്ന് പല കമ്പനികളും ആവശ്യപ്പെട്ടു തുടങ്ങി. അതോടെ റെനിക്ക് തന്‍റെ പ്രായം കുറച്ച് പറയേണ്ടി വന്നു. 

നേരില്‍ കാണുന്നതിന് മുമ്പ് തന്നെ വയസ്സ് അധികമാണ് എന്ന് പറഞ്ഞ് പലരും അവളെ ഒഴിവാക്കിയിരുന്നു. ഇതിലൊന്നും തീര്‍ന്നില്ല, കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും ഒരുപാടുണ്ടായി റെനിക്ക്. 'എല്ലാ മോഡലുകളും ഇങ്ങനെയൊക്കെത്തന്നെയാണ്. തൃപ്തിപ്പെടുത്തേണ്ടവരെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ അവസരങ്ങളുണ്ടാകൂ. അല്ലെങ്കിലേ ഇരുണ്ടിട്ടായതിനാല്‍ അവസരം കിട്ടില്ല. സഹകരിച്ചില്ലെങ്കില്‍ ഒട്ടും കിട്ടില്ല...' എന്നായിരുന്നു പലരുടേയും ഭീഷണി. അതിനൊന്നും തയ്യാറാകാത്തതിന്‍റെ പേരില്‍ അവള്‍ അവഗണിക്കപ്പെട്ടുകൊണ്ടേയിരുന്നു.അങ്ങനെ ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് റെനി മോഡലിംഗ് തുടങ്ങുന്നത്.  

ഒരിക്കല്‍ മോഡലാകാന്‍ ഒരു അവസരം കിട്ടിയതാണ്. അന്നാകട്ടെ ഫോട്ടോഗ്രാഫര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കൊണ്ട് ഒരുപാട് തവണ ആവര്‍ത്തിച്ച് അവളുടെ മുഖത്ത് മേക്കപ്പിടീച്ചു. മാത്രമല്ല, എഡിറ്റ് ചെയ്ത് നിറം വര്‍ധിപ്പിക്കുകയും ചെയ്തു. അതിനിടയില്‍ ഒരു സുഹൃത്താണ് റെനിയും പോപ് സ്റ്റാര്‍ റോബിന്‍ റിഹാന ഫെന്‍റിയും തമ്മിലുള്ള സാമ്യം കണ്ടു പിടിച്ചത്. അന്ന് പ്രതീക്ഷകളൊരുപാട് വെക്കേണ്ടതില്ലെന്ന് ചിന്തിച്ച റെനി ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, പിന്നാലെ ഒരുപാട് പേര്‍ ഈ സാമ്യത്തെ കുറിച്ച് റെനിയോട് പറഞ്ഞു. സാമ്യം തിരിച്ചറിഞ്ഞതോടെ ഗ്ലാമര്‍ ലോകം റെനിയെ ശ്രദ്ധിച്ചു തുടങ്ങി. 

റെനീ കുജൂര്‍, റിഹാന

ഫാഷന്‍ രംഗത്ത് റെനിക്ക് അതോടെ അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. ഫോട്ടോഗ്രാഫര്‍മാര്‍ തേടിയെത്തുന്നവരോട് റിഹാനയെപ്പോലെ ഒരു മോഡലുണ്ട് എന്ന് പറഞ്ഞു തുടങ്ങി. അപ്പോഴും റെനിക്ക് ബോധ്യമുണ്ടായിരുന്നു താന്‍ നിലനില്‍ക്കുന്നത് റിഹാനയെപ്പോലെ എന്നതിലാണെന്ന്. റിഹാനയില്ലായിരുന്നുവെങ്കില്‍ തന്‍റെ മോഡലിംഗ് ജീവിതം എന്താണെന്നതിനെ കുറിച്ച്. 

ശരീരത്തിന്‍റെ, നിറത്തിന്‍റെ പേരില്‍ ഒരാള്‍ പഴികേട്ട് തുടങ്ങുന്നത് അവരുടെ ജനനത്തോടെ തന്നെയായിരിക്കാം. അത് തുടങ്ങിവെക്കുന്നത് പലപ്പോഴും ബന്ധുക്കളോ, സുഹൃത്തുക്കളോ ആകാം. ഒപ്പം തന്നെ നമ്മുടെ സിനിമ, പരസ്യം, മാഗസിനുകള്‍ തുടങ്ങി എല്ലാം വെളുത്ത നിറം മികച്ചതും ഇരുണ്ട നിറം എന്തോ കുറവുമാണെന്നുള്ള തെറ്റിദ്ധാരണ ഊട്ടിയുറപ്പിക്കുകയും ചെയ്യും. 

പക്ഷെ, റെനിയെപ്പോലെ നിരവധിപ്പേര്‍ അത്തരം തെറ്റായ വിശ്വാസങ്ങളെ തിരുത്താന്‍ മുന്നോട്ട് വരുന്നുണ്ട്. നമ്മുടെ രാജ്യം എല്ലായിടത്തും എല്ലാവരേയും ഒരുപോലെ സ്വീകരിക്കുന്ന ഒരു കാലത്തിനായാണ് അവരുടെ പ്രവര്‍ത്തനം. വിവേചനമില്ലാത്ത ഒരു ലോകമാണ് അവരെല്ലാം സ്വപ്നം കാണുന്നത്.