മാര്‍ത്ത പാറ്റി കാനണ്‍ അതായിരുന്നു അവളുടെ പേര്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ക്രിമിനല്‍സംഘത്തിന്‍റെ നേതാവ്. ചെയ്‍തിരുന്നതോ അടിമകളെ തട്ടിക്കൊണ്ടുപോയി തോട്ടം ഉടമകള്‍ക്ക് വില്‍ക്കലും. തീര്‍ന്നില്ല നാലുപേരെ കൊന്ന കുറ്റത്തിന് ജയിലില്‍ പോവുകയും അവിടെ വച്ച് മരിക്കുകയും ചെയ്‍ത സ്ത്രീയാണവര്‍. കാലാകാലങ്ങളായി കറുത്ത വര്‍ഗക്കാരോട് കാണിച്ചുവന്ന വിവേചനത്തിന‍്‍റെയും ക്രൂരതയുടെയും മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് മാര്‍ത്തയുടെ കഥ. 

ഇതൊരു കുടുംബ ബിസിനസ്

യു എസ്സിലെ ഡെലവെയറാണ് മാര്‍ത്തയുടെ സ്ഥലം. പ്രദേശത്തു തന്നെയുള്ള ജെസ്സേ കാനണ്‍ എന്നു പേരായ ഒരു കര്‍ഷകനെയാണ് മാര്‍ത്ത വിവാഹം ചെയ്‍തത്. 1826 -ല്‍ അയാള്‍ മരിച്ചു. മെരിലാന്‍ഡിലായിരുന്നു മാര്‍ത്ത താമസിച്ചത്. മാര്‍ത്തയ്ക്ക് ഒരു മകളാണുണ്ടായിരുന്നത്. അവള്‍ രണ്ട് തവണ വിവാഹിതയായി. അതില്‍ ആദ്യത്തെ ഭര്‍ത്താവ് അടിമകളെ തട്ടിക്കൊണ്ടുപോകുന്ന ഒരു ക്രിമിനലായിരുന്നു. ഹെന്‍‍റി ബ്രെര്‍ടോണ്‍ എന്ന് പേരുള്ള ഇരുമ്പുപണിക്കാരനായ അയാള്‍ കറുത്ത അടിമകളെ തട്ടിക്കൊണ്ടുവരികയും പണത്തിനായി വില്‍ക്കുകയും ചെയ്‍തുപോന്നു. 1811 -ല്‍ ഈ കുറ്റത്തിന് അയാള്‍ ജയിലിലായെങ്കിലും അവിടെനിന്നും രക്ഷപ്പെട്ടു. എന്നാല്‍, പിന്നീട് അയാള്‍ പിടിക്കപ്പെടുകയും കൂട്ടാളിയായ ജോസഫ് ഗ്രിഫിത്തിനെയും അയാളെയും തൂക്കിക്കൊല്ലുകയും ചെയ്‍തു. 

അതിനുശേഷമാണ് മാര്‍ത്തയുടെ മകള്‍, ജോ ജോണ്‍സണ്‍ എന്നയാളെ വിവാഹം ചെയ്യുന്നത്. അയാളായിരുന്നു മാര്‍ത്തയുടെ എല്ലാ ക്രൂരതകളുടെയും കയ്യാളായി ഒപ്പം നിന്നത്. സത്യത്തില്‍ ആളുകളെ കടത്തിക്കൊണ്ടുപോയി വില്‍ക്കുന്നത് ഒരു കുടുംബ ബിസിനസ് ആയിട്ടാണ് അവര്‍ കണ്ടിരുന്നത്. മരിക്കുന്നതുവരെ മാര്‍ത്തയുടെ ഭര്‍ത്താവ്, മകളുടെ ഭര്‍ക്കാന്മാര്‍, വെള്ളക്കാരായ ചില സുഹൃത്തുക്കള്‍ ഒക്കെ മാര്‍ത്തയ്ക്ക് കൂട്ടാളികളായി. മാര്‍ത്തയുടെ മകളുടെ ആദ്യഭര്‍ത്താവിന്‍റെ ഒരു ബന്ധു എത്രയോ കാലം ഈ കടത്തലിന് കൂട്ടായി അവര്‍ക്കൊപ്പം നിന്നു. 

1808 -ല്‍ യു എസ് കോണ്‍ഗ്രസ് അടിമകളെ കടത്തുന്നത് നിരോധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് അടിമകള്‍ക്ക് വില വളരെ കൂടി. ഇതാണ് ഈ കച്ചവടത്തിലേക്കിറങ്ങാന്‍ മാര്‍ത്തയ്ക്കും സംഘത്തിനും പ്രോത്സാഹനമായത്. മെരിലാന്‍ഡ്-ഡെലവയര്‍ പ്രദേശത്ത് നിരവധി കറുത്ത വര്‍ഗക്കാര്‍ താമസിച്ചിരുന്നു. ഇത് തട്ടിക്കൊണ്ടുപോകാനും വില്‍ക്കാനുമുള്ള മികച്ച അവസരങ്ങളായി മാര്‍ത്തയും സംഘവും കണ്ടു. അടിമകളായ കറുത്തവരെ തട്ടിക്കൊണ്ടുപോകുന്നത് അപകടകരമായിരുന്നു. കാരണം അവരുടെ വെളുത്ത ഉടമകൾ പ്രതിഷേധിക്കും. അതുപോലെ തന്നെ വെളുത്ത അടിമക്കച്ചവടക്കാരുടെ കൊലപാതകം ഗൗരവമായി എടുത്തിരുന്നു. എന്നിരുന്നാലും കറുത്ത വര്‍ഗക്കാരായ സ്വതന്ത്രരായി ജീവിക്കുന്ന മനുഷ്യരെ തട്ടിക്കൊണ്ടുപോവുക അന്ന് താരതമ്യേന എളുപ്പമായിരുന്നു. ഇങ്ങനെ തട്ടിക്കൊണ്ടുവരുന്ന അടിമകളെ മാര്‍ത്തയുടെ വീട്ടിലെ രഹസ്യ അറകളിലും ബേസ്മെന്‍റുകളിലും മറ്റുമാണ് ഒളിപ്പിച്ചിരുന്നത്. പിന്നീട് അവരെ മുഴുവനും മൂടി നദിയിലൂടെ വള്ളത്തിലും മറ്റും കടത്തിയാണ് തെക്കന്‍ അടിമച്ചന്തകളിലെത്തിച്ചിരുന്നത്. 

ഒരുപാട് വര്‍ഷങ്ങള്‍ പിടിക്കപ്പെടാതെ ഈ ഗൂഢസംഘം പ്രവര്‍ത്തിച്ചു. അന്ന് കറുത്ത വര്‍ഗക്കാരുടെ കാര്യത്തില്‍ അധികാരികള്‍ക്ക് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ താല്‍പര്യമോ ഇല്ലാതിരുന്നത് ഇവരുടെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കി. പലപ്പോഴും പൊലീസ് വരുന്നുണ്ട് എന്ന് അറിവ് കിട്ടുകയും മാര്‍ത്തയും സംഘവും രക്ഷപ്പെടുകയും ചെയ്‍തു. പലപ്പോഴും കടത്തിക്കൊണ്ടുവരുന്നവരെ ജോ ജോണ്‍സണ്‍ ചങ്ങലകളില്‍ ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ചമ്മട്ടിക്കൊണ്ട് അടിച്ചു. അപ്പോഴെല്ലാം അയാളുടെ ഭാര്യ, മാര്‍ത്തയുടെ മകള്‍ അയാളെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. 'ആ 'ബോയ്‍സി'നെ തല്ലുന്നത് കാണുന്നത് സുഖമുള്ള കാഴ്‍ചയാണ്' എന്നാണ് അവള്‍ പറഞ്ഞത്. ഏത് പ്രായത്തിലുമുള്ള കറുത്ത വര്‍ഗക്കാരെ അന്ന് തരംതാഴ്‍ത്താനുപയോഗിച്ചിരുന്ന വാക്കായിരുന്നു 'ബോയ്' എന്നത്. 

25 വയസുള്ള ലിഡിയ സ്‍മിത്ത് ഇങ്ങനെ കടത്തിക്കൊണ്ടുപോകപ്പെട്ട അടിമകളില്‍ ഒരാളായിരുന്നു. അവളെ വില്‍ക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് മാര്‍ത്തയുടെ വീട്ടിലാണ് അടച്ചിട്ടത്. അഞ്ചുമാസം അവിടെ താമസിപ്പിച്ചശേഷം അവളെ അടിമച്ചന്തയില്‍ വില്‍ക്കുകയായിരുന്നു. ഏതായാലും 1822 മെയ് മാസത്തില്‍ മാര്‍ത്തയുടെ നേതൃത്വത്തിലുള്ള സംഘം പിടിക്കപ്പെട്ടു. ജോണ്‍സണ് ചാട്ടയടിയടക്കം ശിക്ഷ വിധിച്ചു. മാര്‍ത്തയും മറ്റുള്ളവരും ശിക്ഷിക്കപ്പെട്ടില്ല. ജോണ്‍സണ് ശിക്ഷ വിധിച്ചുവെങ്കിലും അയാളും പിന്നീട് രക്ഷപ്പെടുകയായിരുന്നു. 

പിന്നീട്, 1829 -ല്‍ ഡെലവെയറിലെ മാര്‍ത്തയുടെ ഉടമസ്ഥതയിലുള്ള ഫാം പ്രദേശത്ത് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. കൊലപാതകം നടത്തിയത് മാര്‍ത്തയുടെ നേതൃത്വത്തിലാണെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ 1829 ഏപ്രിലിൽ, 24 വെള്ളക്കാരായ പുരുഷന്മാരടങ്ങിയ ജൂറി അവള്‍ക്ക് ശിക്ഷ വിധിച്ചു. ഒരു നവജാതശിശു, ഒരു ആൺകുട്ടി, പ്രായപൂർത്തിയായ ഒരു പുരുഷൻ, ഒരു കറുത്ത വര്‍ഗക്കാരന്‍ എന്നിവരെയായിരുന്നു പല വര്‍ഷങ്ങളിലായി അവള്‍ കൊന്നത്. ഡെലവെയർ അറ്റോർണി ജനറൽ ജെയിംസ് റോജേഴ്‍സാണ് അന്ന് കുറ്റപത്രത്തിൽ ഒപ്പിട്ടത്. 

ഏതായാലും മാര്‍ത്ത ശിക്ഷിക്കപ്പെട്ടു. 1829 മേയ് 11 -ന് അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളപ്പോഴാണ് സെല്ലില്‍ അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവികമരണം ആയിരിക്കാമെന്നും അല്ല ആത്മഹത്യ ആണെന്നും പറയപ്പെടുന്നുണ്ട്. ജയിലിലെ ശവപ്പറമ്പില്‍ തന്നെയാണ് അവരുടെ ശരീരം അടക്കിയത്. പിന്നീട്, ഇരുപതാം നൂറ്റാണ്ടില്‍ ആ സ്ഥലം ഒരു പാര്‍ക്കിംഗ് ഏരിയ ആക്കിയപ്പോള്‍ അവരുടെയും മറ്റ് രണ്ട് സ്ത്രീകളുടെയും അസ്ഥികള്‍ എടുക്കുകയും മാറ്റി അടക്കുകയും ചെയ്‍തു. 

ഏതായാലും കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ മാര്‍ത്തയ്ക്ക് വലിയ സ്ഥാനമുണ്ട്. അവരുടെ വീടും മറ്റും പീന്നീട് ചരിത്രപ്രാധാന്യത്തോടെ സൂക്ഷിച്ചിരുന്നു. വല്ലാത്തൊരുതരം ധൈര്യമുള്ള സ്ത്രീയെന്നാണ് ചരിത്രത്തില്‍ പലരും മാര്‍ത്തയെ വിശേഷിപ്പിച്ചത്. കണ്ണില്ലാത്ത ക്രൂരതയാണ് അവര്‍ കറുത്ത വര്‍ഗക്കാരായ മനുഷ്യരോട് ചെയ്‍തത് എന്നതില്‍ സംശയമേതുമില്ല.