കൊലപാതകങ്ങൾ രണ്ടു തരത്തിലുണ്ട്. ഒന്ന്, ഒരു നിമിഷത്തെ ദേഷ്യത്തിന്റെ പുറത്ത് വേണ്ടത്ര ആലോചനയോടെയോ അല്ലാതെയോ മറ്റൊരാളെ കൊന്നുകളയുക. രണ്ട്, ഉള്ളിൽ നിന്ന് ഉണരുന്ന വല്ലാത്തൊരു ചോദനയുടെ പുറത്ത്, കൊല്ലാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ പുറത്ത് ആലോചിച്ചുറപ്പിച്ച്, പിടിക്കപ്പെടാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും എടുത്തുകൊണ്ട് തുടർച്ചയായ കൊലകൾ നടത്തുക. രണ്ടാമത് പറഞ്ഞതിന് ഫോറൻസിക് സൈക്യാട്രിയിൽ പറയുന്ന പേരാണ് സീരിയൽ കില്ലിംഗ് അഥവാ കൊലപാതക പരമ്പര. ഇങ്ങനെ ചെയ്യുന്നവരിൽ പലരും ഒരു സൈക്കോപാത്ത് സ്വഭാവമുള്ളവർ ആയിരിക്കും. തങ്ങളുടെ പ്രവൃത്തിക്ക് അവരവരുടേതായ ഒരു കാരണം അവർക്കുണ്ടാകും പറയാൻ. ചുറ്റികയുമായി കറങ്ങിനടന്നുകൊണ്ട് ലണ്ടനിലെ തെരുവുകളെ കിടുകിടാ വിറപ്പിച്ച ജാക്ക് ദ റിപ്പറും, തന്റെ കൊലപാതകങ്ങൾ കൊണ്ട് ഫാൻസിനെ വരെ ഉണ്ടാക്കിയ അമേരിക്കൻ കൊലയാളി ടെഡ് ബണ്ടിയും, നമ്മുടെ സ്വന്തം രാമൻ രാഘവനും, ഓട്ടോ ശങ്കറും ഒക്കെ ആ കൂട്ടത്തിൽ പെടുന്നവരാണ്.

അക്കൂട്ടത്തിലേക്ക് എന്തുകൊണ്ടും പേരുചേർക്കാവുന്ന ഒരാളെപ്പറ്റിയാണ് ഇനി. ആളുടെ പേര് സദാശിവ് സാഹു. ഇന്ത്യൻ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ അയാൾ അറിയപ്പെടുന്നത് 'ഗോന്തുളി കില്ലർ'  എന്ന പേരിലാണ്. ഗോന്തുളി എന്ന വാക്കിന്റെയർത്ഥം രാത്രി എന്നാണ്. അയാളുടെ കൊലകൾ അത്രയും രാത്രിയുടെ കട്ടയിരുട്ടിലാണ് നടത്തപ്പെട്ടിട്ടുള്ളത്. അങ്ങനെ അയാൾ ചുട്ടുതള്ളിയിട്ടുള്ളത് ഒന്നും രണ്ടും പേരെയല്ല, 22 പേരെയാണ്!

2002 - ഫുർസത്ഗഞ്ച്. ഉത്തർപ്രദേശിലെ റായ് ബറേലി ജില്ലയിലെ പ്രശാന്തമായ ഒരു പട്ടണം. നേരം ഏറെ ഇരുട്ടി. പകൽ മുഴുവൻ പാടത്ത് പണിയെടുത്ത് ക്ഷീണിച്ച മധ്യവയസ്കനായൊരു കർഷകൻ അയാളുടെ കൃഷിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങിപ്പോവുകയാണ്. ഇന്ന് പാടത്ത് വേറെയും കുറെ പണികൾ ഉണ്ടായിരുന്നതിനാൽ തിരിച്ചു പോരാൻ ഒരുപാട് വൈകി. ആ ദേഹം ഏറെ പരിക്ഷീണമാണ്. എങ്ങനെയും ഒന്ന് വീടെത്തിക്കിട്ടിയാൽ മതി. കിടക്കപ്പായ കണ്ടാൽ അപ്പോൾ ഉറങ്ങിപ്പോകും എന്ന അവസ്ഥയാണ്. സ്ഥിരം നടന്നുപോകുന്ന വഴിയേ പോയാൽ ചിലപ്പോൾ നേരം കൂടുതലെടുത്തേക്കാം. അതുകൊണ്ട് അന്നൊരു എളുപ്പവഴിയെ പോകാൻ അയാൾ തീരുമാനിച്ചു. അധികമാരും പോകാത്തൊരു ഇടവഴിയായിരുന്നു അത്. റായ്ബറേലിയുടെ കാനനപ്രാന്തത്തിലുള്ള പട്ടണമായ ഫുർസത്ഗഞ്ചിന്റെ കാടിനോട് ചേർന്ന് കിടന്നിരുന്ന ഭാഗമായിരുന്നു അത്. വിജനമായ ആ ഊടുവഴിയിലൂടെ അയാൾ രാത്രിയുടെ ഇരുട്ടിലൂടെ വീട് ലക്ഷ്യമാക്കി ധൃതിപ്പെട്ടു നടന്നു.

പെട്ടെന്നാണ് അയാളുടെ മുന്നിലേക്ക് ഒരു മെലിഞ്ഞ രൂപം മരങ്ങൾക്കിടയിൽ നിന്ന് കടന്നുവന്നത്. വെളുത്ത മുടി. നെഞ്ചുവരെ നീണ്ടുകിടക്കുന്ന വെള്ളത്താടി. വെള്ള വസ്ത്രങ്ങൾ. പെട്ടെന്ന് തന്റെ നേരെ മുന്നിലേക്ക് ഇങ്ങനെയൊരു രൂപം വന്നു നിന്നപ്പോൾ അയാൾ ആകെ ഞെട്ടിവിറച്ചുപോയി. അയാളുടെ ഞെട്ടലിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ആ ശുഭ്രവസ്ത്രധാരിയുടെ കയ്യിലെ 12 എംഎം ബോർ പിസ്റ്റൾ. ആ പിസ്റ്റൾ ലോഡ് ചെയ്ത ട്രിഗർ അമർത്തിപ്പിടിച്ചു വെച്ച നിലയിലായിരുന്നു. ഒരു നിമിഷം... ഒരൊറ്റനിമിഷം കൊണ്ട് അത് ആ പാവപ്പെട്ട കർഷകന്റെ നെഞ്ചത്ത് അമരലും അതിൽ നിന്ന് തീയുണ്ടയുതിരലും ഒക്കെ കഴിഞ്ഞു. അതിനിടെ ആ പാവം ഒന്നുറക്കെ നിലവിളിക്കാൻ ആഞ്ഞെങ്കിലും അപ്പോഴേക്കും വെടി പൊട്ടിക്കഴിഞ്ഞിരുന്നു. പിസ്റ്റലിന്റെ ബാരൽ അയാളുടെ നെഞ്ചോട് അമർത്തിപ്പിടിച്ചായിരുന്നു വെടി പൊട്ടിച്ചത് എന്നതിനാൽ തന്നെ ശബ്ദം അധികമൊന്നും പുറത്തുവന്നിരുന്നില്ല. ഒരു മുരൾച്ച, അത്രമാത്രം. അടുത്ത നിമിഷം അയാളുടെ നെഞ്ചുംകൂട് പൊട്ടിത്തെറിച്ചു. അയാൾ പിന്നിലേക്ക് ചത്തുമലച്ചു. ഒരു നിമിഷമൊന്നു തിരിഞ്ഞു പോലും നോക്കാതെ വെള്ളവസ്ത്രധാരിയായ ആ കൊലപാതകി തിരികെ കാട്ടിനുള്ളിലേക്കുതന്നെ മറഞ്ഞു.

ഇനി നമുക്ക് ഡിസംബർ 2004 -ൽ ഇതേ ഫുർസത്ഗഞ്ചിൽ നടന്ന ഒരു പൊലീസ് റെയിഡിലേക്ക് കട്ട് ചെയ്തു കയറാം. സദാശിവ് സാഹു എന്നൊരാളുടെ വീട്ടിലായിരുന്നു പോലീസിന്റെ റെയിഡ്. അവിടെ അവരുടെ കയ്യിൽ തടഞ്ഞത് ഒട്ടിപ്പുതാടികളുടെ ഒരു വൻ ശേഖരമായിരുന്നു. അതുപോലെ മീശകളും, ആൾ ദൈവങ്ങൾ ധരിക്കുന്ന പോലുള്ള വെള്ള വസ്ത്രങ്ങളും, റബ്ബർ സോളുള്ള കാൻവാസ്‌ ഷൂസുകളും ഒക്കെ നിരവധിയെണ്ണം പൊലീസിന് അവിടെ നിന്ന് കണ്ടുകിട്ടി. അവർക്ക് അവരന്വേഷിച്ചുവന്ന മറ്റൊരു സുപ്രധാന തെളിവും അവിടെനിന്ന് കിട്ടി. ഒരു 12 എംഎം ബോർ പിസ്റ്റൾ. എന്നാൽ, അതിന്റെ പിൻ മാറ്റി സാഹു ഒരു നാടൻ തോക്കിന്റെ പിൻ ആണ് ഘടിപ്പിച്ചിരുന്നത് എന്ന് പൊലീസിന് മനസ്സിലായി. അത് ഫോറൻസിക് പരിശോധകരെ മനഃപൂർവം വഴിതെറ്റിക്കാൻ ഉദ്ദേശിച്ചു ചെയ്ത ഒരു അതിബുദ്ധിയായിരുന്നു. എന്നാൽ ഇതേ തോക്കുപയോഗിച്ചാണ് സദാശിവ് സാഹു എന്ന അമ്പത്തേഴുകാരനായ തുണിക്കച്ചവടക്കാരൻ തുടർച്ചയായ 22 കൊലപാതകങ്ങൾ നടത്തിയത് എന്ന കാര്യത്തിൽ പൊലീസിന് യാതൊരു സംശയവും അവശേഷിച്ചിരുന്നില്ല.

സാഹുവും തന്റെ കുറ്റങ്ങൾ പൊലീസിനോട് സമ്മതിച്ചുകൊണ്ട് പറഞ്ഞത്, "എന്റെ ഉള്ളിൽ വല്ലാത്ത ഒരു ത്വര ഉണ്ടാകുമായിരുന്നു ആരെയെങ്കിലും കൊല്ലാൻ." മധ്യവയസ്സുപിന്നിട്ടവരെ തെരഞ്ഞുപിടിച്ച് അവരെ പിന്തുടരുമായിരുന്നു. രാത്രിയുടെ ഇരുട്ടിൽ ആരും അടുത്തില്ലാത്ത അവസരം വരുമ്പോൾ തൊട്ടടുത്ത് ചെല്ലും, തോക്കിന്റെ ബാരൽ അവരുടെ നെഞ്ചിൽ ചേർത്തുപിടിക്കും. ഒറ്റ വെടി. ആൾ കാലി. ശബ്ദവുമില്ല. അങ്ങനെ ഒരേ രീതിയിൽ കൊന്നിരുന്നതുകൊണ്ട് അയാൾ പിടിക്കപ്പെട്ടില്ല. 22 പേരെ കൊന്നു കഴിയും വരെയും പിടിക്കപ്പെട്ടില്ല. ഓരോ കൊലയ്ക്കും ശേഷം വല്ലാത്തൊരു ശാന്തി മനസ്സിൽ വന്നു നിറയുമായിരുന്നു എന്ന് സാഹു പറഞ്ഞിരുന്നു.

അമ്പത് പിന്നിട്ട ഒരു ശരാശരി മധ്യവയസ്കനായിരുന്നു സാഹുവും. മെല്ലിച്ച ശരീരം. നരച്ച മുടി. രണ്ടാമതൊരിക്കൽ ആരും നോക്കുക പോലുമില്ല അയാളെ. ഫുർസത്ഗഞ്ചിൽ ഒരു തുണിക്കട നടത്തുകയായിരുന്നു പണി. സോണിയ ഗാന്ധിയുടെ മണ്ഡലമാണ് റായ് ബറേലി. റായ്ബറേലിയെ രണ്ടായി പിളർന്നുകൊണ്ടാണ് റായ് ബറേലി സുൽത്താൻപൂർ ഹൈവേ കടന്നുപോകുന്നത്. ഹൈവേയുടെ ഇരുപുറവും കാടാണ്. ആ കാട്ടിനുള്ളിലായിരുന്നു ഉത്തർപ്രദേശിലെ ആദ്യത്തെ സൈക്കോപാതിക് സീരിയൽ കില്ലർമാരിൽ ഒരാളായ സാഹുവിന്റെ വിളയാട്ടം.  

വിചിത്രമായ കൊലപാതക രീതി

ഒരാളെ കൊല്ലുന്നതിനു മുമ്പ് അയാളുടെ വീടിനോ, അയാൾ കൃഷി ചെയ്യുന്ന ധാന്യത്തിനോ, അല്ലെങ്കിൽ വീടിനോട് ചേർന്നുകിടക്കുന്ന കാടിന്റെ ഒരു ഭാഗത്തിനോ ഒക്കെ തീയിടും സാഹു. ഈ തീവെപ്പിനോട് ചേർന്നാണ് കൊലപാതകം നടക്കുക. സ്ഥിരമായി അയാൾ കൊന്നുകൊണ്ടിരുന്നത് വെള്ളിയാഴ്ച അല്ലെങ്കിൽ ശനിയാഴ്ച മാത്രമായിരുന്നു. അതും പറ്റുമെങ്കിൽ അർധരാത്രി പന്ത്രണ്ടിനും രണ്ടിനും ഇടയിൽ. ഒരൊറ്റ വെടിയുണ്ട മാത്രം നിറച്ച ഒരു നാടൻ തോക്ക്. ലൈസൻസുള്ള തന്റെ തോക്കിന്റെ പിൻ മാറ്റി ഒരു നാടൻ തോക്കിന്റെ പിൻ ഘടിപ്പിച്ച് പ്രത്യേകം തയ്യാർ ചെയ്തെടുത്തതായിരുന്നു ആ ആയുധം. പിടിക്കപ്പെടാതിരിക്കാനുള്ള ഒരു മുൻകരുതൽ. പാവപ്പെട്ട വീടുകളിലെ, മധ്യവയസ്സു പിന്നിട്ട, തിരിച്ച് എതിർക്കാൻ ശേഷിയുണ്ടാവില്ല എന്നുറപ്പുള്ളവരെയായിരുന്നു സാഹു തന്റെ ഇരകളായി തെരഞ്ഞെടുത്തിരുന്നത്.

ആദ്യത്തെ കൊലകൾക്കു ശേഷം അതിൽ ഒരു സീരിയൽ കില്ലറുടെ പാറ്റേൺ പൊലീസ് തിരിച്ചറിഞ്ഞതോടെ ഫുർസത്ഗഞ്ചിലെ ജനങ്ങൾക്ക് സ്വൈര്യമായി കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയായി. ആദ്യ കൊല 2002 -ൽ, അവസാനത്തെ, ഇരുപത്തിരണ്ടാമത്തെ കൊല 2004 നവംബറിലും. അറുപതുവയസ്സുള്ള ഒരു കർഷകനായിരുന്നു അവസാനത്തെ ഇര.

കൊല്ലുക സാഹുവിന് ഒരു ഹരമായിരുന്നു. "എവിടെനിന്നാണ് എന്റെയുള്ളിൽ അത് ആവേശിച്ചിരുന്നത് എന്നറിയില്ല, അങ്ങനെ വന്നു കഴിഞ്ഞാൽ ഒരു ഇരയെയെങ്കിലും കണ്ടെത്തി കൊന്നില്ലെങ്കിൽ പിന്നെ അന്ന് കിടന്നാൽ ഉറക്കം വരില്ല. അതുകൊണ്ട് ഞാൻ ആളെ തപ്പിയെടുത്തു കൊല്ലും. എന്നിട്ട് തിരിച്ചു വീട്ടിൽ വന്നു സുഖമായി ഉറങ്ങും..." സാഹുവിന്റെ എട്ടുപേജുള്ള കുറ്റസമ്മത മൊഴിയിൽ ഇങ്ങനെ പറയുന്നു.

വിചിത്രമായ വിശദീകരണം

എന്തിന് കൊന്നു? എന്ന ചോദ്യത്തിന് സാഹു ആദ്യം പറഞ്ഞ കാരണം, അവനവന്റെ ഉള്ളിൽ നിന്ന് വന്നിരുന്ന ആ കൊല്ലാനുള്ള ത്വരയായിരുന്നു. അതിനു കാരണം, കൊല്ലാതെ കിടന്നുറങ്ങാൻ പറ്റാത്ത വല്ലാത്തൊരു തരം അസ്വസ്ഥതയും. അതിനു കാരണമായി അയാൾ പറഞ്ഞത് താൻ കഴിച്ചുകൊണ്ടിരുന്ന ഒരു ഹോമിയോപ്പതി മരുന്നിന്റെ പാർശ്വഫലമായി തന്നെ ബാധിച്ചിരുന്ന ഇൻസോംനിയയും (ഉറക്കമില്ലായ്‍മ). എന്തോ അസുഖത്തിന് കഴിക്കേണ്ടി വന്ന ആ ഹോമിയോ മരുന്ന് അയാളെ നയിച്ചത് നിദ്രാവിഹീനമായ രാത്രികളിലേക്കായിരുന്നു. ഉറക്കം കിട്ടാതെ വന്നപ്പോൾ ആദ്യമൊക്കെ ഗ്രാമത്തിലെ നിരത്തുകളിലൂടെ രാത്രി ഇറങ്ങി നടന്നു കൊണ്ടിരുന്നു സാഹു.

കൊലയ്ക്ക് കാരണം ചെയ്യാത്ത കുറ്റത്തിന് കിട്ടിയ ശിക്ഷയോ?

ഇങ്ങനെ ഉറക്കം കിട്ടാതെ ഇറങ്ങി നടന്ന, 1999 -ലെ ഒരു രാത്രിയിൽ ഏതോ ഗ്രാമത്തിന്റെ പ്രാന്തത്തിലെ നിരത്തുകളിൽ ഒന്നിൽ വെച്ച് അവിടെ രാത്രി കാത്തിരുന്ന ഒരു കൂട്ടം ഗ്രാമീണർ അയാളെ പിടികൂടി. അവരുടെ ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ രാത്രി ഇരുട്ടിന്റെ മറവിൽ വെച്ച് പിടികൂടി ബലാത്സംഗം ചെയ്ത കുറ്റവാളിയെ പിടിക്കാൻ ഉറക്കമിളച്ചു നിന്ന ആ ആൾക്കൂട്ടത്തിന്റെ മുന്നിലേക്കായിരുന്നു നിർഭാഗ്യവശാൽ അന്ന് സാഹു ചെന്നുപെട്ടത്. അവർ അന്നുരാത്രി അയാളെ കെട്ടിയിട്ട് തലങ്ങും വിലങ്ങും തല്ലി. നേരം പുലർന്നപ്പോൾ, വലയിൽ വീണ ബലാത്സംഗിയെക്കാണാൻ അയാളുടെ ഗ്രാമത്തിൽ നിന്നും ആളുകളെത്തി. അയാളുടെ ഭാര്യ അടക്കമുള്ളവരുടെ മുന്നിലിട്ട് അയാളെ അവർ ഉടുതുണിയുരിഞ്ഞ് തല്ലി. അന്ന് അയാളെ വിട്ടോടിപ്പോയതാണ് ക്ഷയരോഗിയായ അയാളുടെ ഭാര്യ. ഭാഗ്യവശാൽ പൊലീസ് സ്ഥലത്തെത്തി അയാളുടെ ജീവൻ കെടാതെ കാത്തു, പിന്നീട് ഗ്രാമവാസികൾക്ക് യഥാർത്ഥ പ്രതിയെ പിടികിട്ടുകയും, അവർക്ക് പറ്റിയ അബദ്ധം അവർ തിരിച്ചറിയുകയും ഒക്കെ ചെയ്തു എങ്കിലും അപ്പോഴേക്കും അവരുടെ ആ പ്രവൃത്തി സാഹുവിന്റെ ജീവിതത്തിൽ തിരുത്താൻ പറ്റാത്തത്ര വലിയ താളപ്പിഴകൾ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. എന്നെന്നേക്കുമായി കെട്ടുപോയ തന്റെ ജീവിതത്തിനു മുന്നിൽ നിസഹായനായി ഇരുന്ന അയാളുടെ മനസ്സിൽ പൊടിച്ചത് അടങ്ങാത്ത പകയുടെ വിത്തുകളായിരുന്നു. തങ്ങളെ തിരഞ്ഞു വരാൻ പോകുന്ന സാഹുവിന്റെ പ്രതികാരത്തെപ്പറ്റി അവർക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ സാഹു ആദ്യം ഏറ്റവും അവസാനത്തെ കൊലയ്ക്കു മാത്രമാണ് ഉത്തരവാദിത്തമേറ്റത്. "എനിക്ക് നല്ലൊരു വക്കീലിനെ സംഘടിപ്പിച്ചു തരൂ..." എന്ന് മാത്രമായിരുന്നു അയാൾ അപ്പോൾ ആവശ്യപ്പെട്ടത്. എന്നാൽ പൊലീസ് അയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത മറ്റു തെളിവുകൾ അവിടെ നടന്ന 22 കൊലകൾക്കും പിന്നിൽ സാഹു തന്നെയാണ് എന്ന് നിസ്സംശയം തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു. സാഹുവിന്റെ അറസ്റ്റോടെ ആ കൊലപാതകങ്ങൾക്ക് ഒരു അറുതി വന്നതും കൊന്നത് അയാൾ തന്നെ എന്നത് അടിവരയിടുന്നതായി. കോടതിയിൽ വിചാരണ പൂർത്തിയാക്കി ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുകയാണ് സദാശിവ് സാഹു ഇപ്പോൾ.