Asianet News MalayalamAsianet News Malayalam

നാലു തവണ മരിച്ചുജീവിച്ച  ഒരുവള്‍

ഇത്തവണ, അവര്‍ ശരിക്കും  മരിച്ചു!...റഹീമ ശൈഖ് മുബാറക്ക് എഴുതുന്നു

strange story of life and death by Raheema Sheikh Mubarak
Author
thiruvananthapuram, First Published Mar 8, 2021, 6:40 PM IST

എന്റെ അറിവില്‍ ഒരു നാലുതവണയോളം അവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആദ്യം കുത്തൊഴുക്ക് കുറഞ്ഞ പുഴയിലേക്ക് പാലത്തിന് മുകളില്‍ നിന്നവര്‍ എടുത്ത് ചാടി. അവര്‍ മരിച്ചില്ല. അന്നവര്‍ക്ക് എഴുപത് വയസ്സ് കാണും. കാലൊടിഞ്ഞു, ഇടുപ്പും. കിടന്നിടത്ത് കിടന്നവര്‍ പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിച്ചു. അകന്ന ബന്ധത്തില്‍ ആരോ അവരെ വിറക്പുരയില്‍ കിടത്തി, കിടന്ന കിടപ്പില്‍ അവര്‍ വിളിച്ചു പറഞ്ഞു. 'എന്റെ എല്ലാം വിറ്റ് നിങ്ങക്കൊക്കെ അല്ലേ തന്നത് എന്നെ നോക്കിനടി നന്ദിയില്ലാത്ത മക്കളെ.'

 

strange story of life and death by Raheema Sheikh Mubarak

 

ജീവിതം എത്രയെത്ര പുതിയ മനുഷ്യരെയാണ് നമുക്ക് പരിചയപ്പെടുത്തിയത്! 

ദിനങ്ങള്‍ കൊഴിഞ്ഞു പോകുന്ന വേഗത്തില്‍ ആ മനുഷ്യരില്‍ പലരും കണ്‍ മുന്നില്‍ നിന്നും പഴമയിലേക്ക് അടര്‍ന്നുപോയി. കണ്ടുമറന്നവരെന്നോ ഓര്‍മ്മകളില്‍ ജീവിക്കുന്നവരെന്നോ അങ്ങനെ അങ്ങനെ ചില അടയാളങ്ങള്‍ മാത്രമായി അവര്‍ ശേഷിച്ചു.

റോമന്‍യോദ്ധാവായ ആഫ്രിക്കാനസിന് തന്റെ സൈന്യത്തിലെ 35000 പേരെയും പേരെടുത്ത് വിളിക്കാന്‍ കഴിയുമായിരുന്നെന്ന ഒരു ഐതിഹ്യം കേട്ടിട്ടില്ലേ. എന്നാല്‍ ഓര്‍മകളില്‍ നിന്നും നൂറ് മനുഷ്യരെ എടുത്ത് പുറത്തേക്കിടുമ്പോഴേക്കും നമ്മള്‍ കിതക്കും. ആയിരം തികയ്ക്കാന്‍ പാട് പെടും.

എങ്കിലും കൂട്ടത്തില്‍, ചിലര്‍  കാണും. ആഫ്രിക്കാനസിനെയും കവച്ചു വക്കുന്ന ഓര്‍മ്മശക്തിയിലേക്ക് നമ്മളെ വരവ് വയ്ക്കാന്‍ പാകപ്പെട്ട മനുഷ്യര്‍.

അക്കൂട്ടത്തിലായിരുന്നു ആ സ്ത്രീയും. എവിടെയോ ചെറിയ അടയാളം മാത്രമായി എന്റെയുള്ളില്‍ അവര്‍ ഇടക്കിടെ ഓര്‍മ്മകളുടെ ശബ്ദകോലാഹലങ്ങളുണ്ടാക്കി. ഞാന്‍ നിശ്ശബ്ദം അവരെ കേട്ടിരിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ സമയം പറയാറുള്ളത്
അത് ആവശ്യക്കാര്‍ക്ക് മാത്രം വിലപ്പെട്ട ഒന്നാണെന്നാണ്.

അവര്‍ക്കും എനിക്കുമിടയില്‍ സമയമിപ്പോള്‍ രണ്ട് ലോകമാണ്. അവര്‍ക്കിപ്പോള്‍ എന്നോട് സംസാരിക്കാന്‍ സമയമില്ലല്ലോ.

എന്റെ അറിവില്‍ ഏറ്റവും കൂടുതല്‍ തവണ മരിച്ചു ജീവിച്ച മനുഷ്യജീവി കൂടിയാണവര്‍. അതുകൊണ്ടാവണം,
അവര്‍ മരിച്ച ദിവസം,  മരണം ഉറപ്പിക്കാന്‍ ആളുകള്‍ക്ക് വല്ലാത്ത പ്രയാസം നേരിട്ടത്. കുറച്ച് കഴിഞ്ഞാല്‍ അവര്‍ ഉണരുമെന്നും പഴയതിലും ഉച്ചത്തില്‍ പച്ചത്തെറികള്‍ വിളിക്കുകയും ചെയ്യുമെന്നാണ് ചിലരൊക്കെ വിശ്വസിച്ചത്. 

പക്ഷേ ഞാന്‍ ഉറച്ചു വിശ്വസിച്ചത് അവര്‍ മരിച്ചുവെന്ന് തന്നെയാണ്. ഇനി അഥവാ മരിച്ചില്ലെങ്കിലും, മരിച്ചെന്നു അഭിനയിച്ചു കൊണ്ടെങ്കിലും അവര്‍ മരിച്ചു പോകണമെന്ന് ഞാന്‍ കഠിനമായി ആഗ്രഹിച്ചു. എല്ലാ ആട്ടിപ്പായിക്കലുകളില്‍ നിന്നും അവഗണനകളില്‍ നിന്നും അവര്‍ മരിച്ചു പോകണം.

കൃത്യമായി പറഞ്ഞാല്‍ ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവരെ ഞാന്‍ ആദ്യമായി കാണുന്നത്.

സാരി ചുറ്റി, വലിയ കണ്ണട വച്ച്, വളരെ പതുക്കെമാത്രം നടക്കുന്ന ഒരു സ്ത്രീ.

സംസാരത്തില്‍ തമിഴ് ചുവയുണ്ടായിരുന്നു. വളരെ വേഗത്തില്‍ സംസാരിക്കുമായിരുന്നു. പക്ഷേ അവരെ ശ്രദ്ധയോടെ കേള്‍ക്കുന്ന ആരും തന്നെ അവര്‍ക്ക് അരികിലോ, ആ നാട്ടിലോ ഉണ്ടായിരുന്നില്ല.

ഞാനും ആ കൂട്ടത്തിലായിരുന്നെന്ന് തോന്നുന്നു.  എങ്കിലും ശ്രദ്ധയോടെ ഞാനുമവരെ കേട്ട് നിന്നിട്ടില്ല.

ആ സ്ത്രീ പലപ്പോഴും എന്റെ തിരക്കുകളിലേക്ക് കയറി വരും. എന്തെങ്കിലും ആവശ്യം കാണും.

'മാളെ ഈ മരുന്ന് എപ്പഴ്ക്ക നോക്കി താ?'

ഞാന്‍ നോക്കും, കൃത്യമായ മരുന്നുകള്‍ പറഞ്ഞുകൊടുക്കും. അവര്‍ പോകില്ല, വീണ്ടും തുടരും. എന്റെ ഗതികേട് കണ്ടോ, എനിക്ക് വയ്യാ, മൗത് (മരണം) എങ്കിലും വന്നാല്‍... അവര്‍ കരയും. ആരേയും ആശ്വാസിപ്പിക്കാനുള്ള കഴിവ് പോരാ.

എനിക്കും സങ്കടം വരും.

മരുന്ന് കഴിക്ക് എല്ലാം ശരിയാകുമെന്ന് പറഞ്ഞു ഞാന്‍ തിരക്ക് അഭിനയിക്കും.

അവര്‍ പിന്നെയും വരും, 'വിക്‌സ് ഉണ്ടോ മാളെ?'

'മാളെ എനിക്ക് ഒരു വണ്ടി വിളിച്ചു തരോ?'

'മാളെ ഒരു അമ്പത് രൂപയുണ്ടെങ്കി തരോ?'

ആവശ്യങ്ങള്‍ എന്നും കാണും.

ഒരുപാട് വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ കൊട്ടിയടക്കാറുണ്ട്. അതുകൊണ്ടാകും ഇല്ലെന്ന് പറയാന്‍ മനസ്സ് വരില്ല. ചെയ്തു കൊടുക്കും. അപ്പോഴൊന്നും അവരെ കേള്‍ക്കാന്‍ ഞാന്‍ സമയം കളഞ്ഞില്ല.

എന്റെ അറിവില്‍ ഒരു നാലുതവണയോളം അവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആദ്യം കുത്തൊഴുക്ക് കുറഞ്ഞ പുഴയിലേക്ക് പാലത്തിന് മുകളില്‍ നിന്നവര്‍ എടുത്ത് ചാടി. അവര്‍ മരിച്ചില്ല. അന്നവര്‍ക്ക് എഴുപത് വയസ്സ് കാണും. കാലൊടിഞ്ഞു, ഇടുപ്പും. കിടന്നിടത്ത് കിടന്നവര്‍ പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിച്ചു. അകന്ന ബന്ധത്തില്‍ ആരോ അവരെ വിറക്പുരയില്‍ കിടത്തി, കിടന്ന കിടപ്പില്‍ അവര്‍ വിളിച്ചു പറഞ്ഞു. 'എന്റെ എല്ലാം വിറ്റ് നിങ്ങക്കൊക്കെ അല്ലേ തന്നത് എന്നെ നോക്കിനടി നന്ദിയില്ലാത്ത മക്കളെ.'

ഇടുപ്പിന്റെ വേദന കുറഞ്ഞപ്പോള്‍, അവര്‍ റോഡില്‍ ഇഴഞ്ഞുനടന്നു. ഇടക്ക് ഗേറ്റിന് ഉമ്മറം വന്ന് വിളിക്കും, 'മാളെ മാളെ എന്നെയൊന്നു താങ്ങി വീടിനകം കയറ്റി തരോ.'

വീടെന്ന് പറയുന്നത് മാസം 300 രൂപ വാടക ഉള്ളതാണ്.

ആദ്യം അവരുടെ സ്വന്തമായിരുന്നത് ശേഷം വിറ്റത് ഇപ്പോള്‍ അന്യന് വാടകപണം നല്‍കി ജീവിച്ചു പോകുന്നത്.

വീണ്ടും അവര്‍ ആത്മഹത്യക്ക് ശ്രമിച്ചത് അഞ്ചുമാസങ്ങള്‍ക്കു ശേഷമാണ്. അന്നവര്‍ക്ക് കുറേശ്ശെ എഴുന്നേറ്റു നില്‍ക്കാം. മഞ്ഞരളി കായ അരച്ച് കുടിച്ചതാണ്. ഇത്തവണയും മരിച്ചില്ല.

അവര്‍ കുറെ ഛര്‍ദിച്ചു. ഇരുന്നിടത്ത് ഇരുന്ന് വിസര്‍ജിച്ചു. വീണ്ടും അകന്ന ബന്ധത്തില്‍പ്പെട്ട ആരോ അവരെ വിറക്പുരയില്‍ കിടത്തി. ഇത്തവണ വിറക്പുര മഴയത്ത് ചോര്‍ന്നു ഒലിച്ചു. അവിടെ കിടന്നു കൊണ്ടവര്‍ വിളിച്ചു പറഞ്ഞു, 'എന്റേം എല്ലാം വിറ്റ് തൊലച്ചത് നിങ്ങള്‍ക്ക് വേണ്ടി അല്ലിയോ,  എന്നെ ഒന്ന് നോക്ക് നന്ദിയില്ലാത്ത മക്കളെ..'

വീണ്ടും രണ്ട് തവണയോളം അവര്‍ വിഷം കഴിച്ചു. മരിച്ചില്ല. 

ജീര്‍ണ്ണിച്ച വിറക്പുരയുടെ ഓരം പറ്റി ഒരു മെലിഞ്ഞ സ്ത്രീരൂപം കിടന്നു.

ഒരുകാലത്ത്, അമ്മയുടെ മുലപ്പാല്‍ കുടിച്ചവള്‍ അച്ഛന്റെ സ്‌നേഹം ആസ്വദിച്ചവള്‍. ഒരു പുരുഷന് ചൂട് പകര്‍ന്നവള്‍. ഉദരത്തില്‍ ചുമക്കാത്ത കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തിയവള്‍.

ഒരല്‍പ്പം ദീര്‍ഘമായ ദത്തിന്റെ കഥയാണത്.

ചുരുക്കി പറയാം: മക്കളില്ലാതിരുന്ന മൂന്ന് അമ്മമാരായിരുന്നു, അയല്പക്കക്കാരും സഹോദരികളുമായിരുന്ന ഊച്ചിയമ്മയും കാച്ചിയമ്മയും പിന്നെ അവരും. ഇവര്‍ ദരിദ്രരായ മാതാപിതാക്കളില്‍ നിന്നും മൂന്ന് പെണ്മക്കളെ എടുത്ത് വളര്‍ത്തുന്നു. ഊച്ചിയും കാച്ചിയും എന്റെ കഥാപാത്രങ്ങള്‍ അല്ലാത്തതുകൊണ്ട് അവരെ ഇവിടെ ഉപേക്ഷിക്കുന്നു.

ഒരു നാട് മുഴുവന്‍ വെറുക്കുന്ന സ്ത്രീ. അനുകമ്പയുടെ ഒരു കരങ്ങളും അവര്‍ക്ക് മുന്നിലേക്ക് നീണ്ടില്ല. അവരെ കേള്‍ക്കാന്‍ സമയം കളയാത്ത എനിക്ക് എങ്ങനെയാണ് ഒരു സ്ത്രീയുടെ ഇത്രമേല്‍ വെറുക്കപ്പെട്ട ഭൂതകാലം കണ്ടെത്താന്‍ കഴിയുന്നത്.

എങ്കിലും പൊടിപ്പും തൊങ്ങലും വച്ച് ഒരു നാട് കഥകള്‍ പറഞ്ഞു. സത്യത്തിന്റെ മേമ്പൊടി ചേര്‍ത്ത ഒരു കള്ളക്കഥയായി മാത്രം ഞാന്‍ ആ കഥകള്‍ കേട്ടിരുന്നു.

അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നൂല്‍കെട്ടിനകത്ത് നിന്നും മുക്തരാകാത്ത കുറെ മനുഷ്യര്‍ ജീവിക്കുന്ന ഒരു തമിഴ്നാടന്‍ അതിര്‍ത്തി ഗ്രാമം. അവിടെയാണ് ആ സ്ത്രീ ജനിച്ചത് ജീവിച്ചത്. അവരുടെ വീടിനകത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഏഴ് സര്‍പ്പപ്പുറ്റുകള്‍ ഉണ്ടായിരുന്നു. ആ പുറ്റുകള്‍ ഏഴ് നാഗകന്യകകളാണെന്നായിരുന്നു അവിടത്തുകാരുടെ വിശ്വാസം.

ആ സര്‍പ്പപ്പുറ്റുകളെ വര്‍ഷങ്ങളോളം ആ സ്ത്രീ സേവിച്ചു പോന്നു. പലയിടത്ത് നിന്നും ആളുകള്‍ അവരെ കാണാന്‍ വന്നു. വിഷമതകള്‍ക്കും രോഗങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും എല്ലാത്തിനും പ്രതിവിധി തേടിയാണ് ആളുകള്‍ വരാറ്.

അങ്ങനെ കാലം കഴിഞ്ഞു പോയി. ദത്തെടുത്ത മകള്‍ വളര്‍ന്നു. വിവാഹിതയായി.

വിവാഹിതരായ സ്ത്രീപുരഷന്‍മാര്‍ക്ക് ആ വീട്ടില്‍ താമസിക്കാന്‍ കഴിയില്ലെന്ന് അന്ധവിശ്വാസങ്ങള്‍ സംസാരിച്ചു തുടങ്ങി.

പ്രിയപ്പെട്ട മകളുടെ വരവ് നിലക്കുമെന്ന് ഭയന്ന് തുടങ്ങിയ ഒരു രാത്രി ആ വളര്‍ത്തമ്മ ഏഴ് സര്‍പ്പപ്പുറ്റുകളെ നശിപ്പിക്കുന്നു.

അതിന് ശേഷം ശപിക്കപ്പെട്ടവള്‍ എന്ന് ഒരു സമൂഹം അവരെ വിളിച്ചു. ഉള്ളില്‍ പടര്‍ന്നു കയറി ഭയം നിരാശ അവരെ ഭ്രാന്തിന്റെ അരികിലേക്ക് വലിച്ചിഴച്ചു. പച്ചത്തെറികള്‍ വിളിച്ചു പറഞ്ഞ് അവര്‍ പാതയോരത്ത് അലഞ്ഞു.

അവരെ ബാധിച്ച ശാപം തങ്ങളെയും ബാധിക്കുമെന്ന് പേടിച്ച മനുഷ്യര്‍ ആരും അവരെ അടുപ്പിച്ചില്ല. പോറ്റി വളര്‍ത്തിയ മകളും അവരെ ഉപേക്ഷിച്ചു.

അസംബന്ധമായിരിക്കാം,  പക്ഷേ, മനുഷ്യന്‍ തന്റെ യുക്തിക്കതീതമായ വിശ്വാസങ്ങളെ ചുമക്കുന്നതിന്റെ ബലിയാട് മാത്രമാണ്. 


എല്ലാം നഷ്ടപ്പെട്ട്, കേള്‍ക്കാന്‍ സ്വന്തമായാരും ഇല്ലാതിരുന്ന, അന്ധവിശ്വാസങ്ങള്‍ക്ക് മുന്നില്‍ മാത്രം പാപിയായി ഗണിക്കപ്പെട്ട ഒരു മനുഷ്യസ്ത്രീ.

പലവട്ടം മരണത്തിലേക്ക് നടന്നടുക്കാന്‍ ശ്രമിച്ചു. ദൈവം ആട്ടിപ്പായിച്ചു.

ഒടുവില്‍ അവര്‍ മരിച്ചു കിടന്നപ്പോള്‍, ആളുകള്‍ പറഞ്ഞു, നോക്ക് അവള്‍ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ഉറങ്ങുന്നു. എല്ലാ തെറ്റുകള്‍ക്കുമുള്ള ശിക്ഷ അവര്‍ അനുഭവിച്ചു തീര്‍ത്തല്ലോ.

ഒന്ന് ശ്രദ്ധിച്ചു വായിച്ചാല്‍, എല്ലാ ജീവിതങ്ങളും ഒരു വലിയ നോവലിലും കനപ്പെട്ടതാണ്.

പക്ഷേ നഷ്ടം വന്നതിന് ശേഷം, കുറ്റബോധത്തോടെ അത് ഒന്ന് തുറന്നു വായിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്ന അവസ്ഥയുണ്ടല്ലോ അതിന് മറ്റെല്ലാത്തിനേക്കാളും കനമുണ്ട്. 

Follow Us:
Download App:
  • android
  • ios