കുതിച്ചെത്തിയ ട്രെയിനിന് മുന്നിൽ നിന്നും സ്വന്തം ജീവൻ പണയം വെച്ച് വയോധികയെ രക്ഷിച്ച ദേവി ഡി മാരിവിൽ എന്ന പെൺകുട്ടിയുടെ ധീരതയെ നാട് പ്രശംസിക്കുന്നു. കരുനാഗപ്പള്ളി സ്റ്റേഷനിൽ വെച്ചാണ് സംഭവം നടന്നത്.
ഒരേയൊരു നിമിഷം, ട്രെയിൻ കുതിച്ചെത്തുന്നതറിയാതെ ട്രാക്ക് മുറിച്ച് കടക്കുന്ന വയോധികയെ ട്രാക്കിലേക്ക് ഓടിച്ചെന്ന് പുറത്തേക്ക് വലിച്ചിടുന്ന പെൺകുട്ടി. മുന്നിൽ കുതിച്ച് പായുന്ന കോർബ എക്സ്പ്രസ്. ബാഗ്രൌണ്ടിൽ പ്ലാറ്റ്ഫോമിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന ജനക്കൂട്ടം….ഇതൊരു സിനിമയിലെ സീനല്ല. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി സ്റ്റേഷനിൽ നടന്നതാണ്. കുതിച്ചെത്തിയ ട്രെയിനിന് മുന്നിൽ നിന്നും സ്വന്തം ജീവൻ പോലും പണയം വെച്ച് വയോധികയെ രക്ഷിച്ച ആ സൂപ്പർ സ്റ്റാറാണ് ദേവി ഡി മാരിവിൽ. കൊല്ലം ഉളിയക്കോവിൽ ഇമേജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ കമ്മ്യുണിക്കേഷൻസിലെ പി ജി വിദ്യാർത്ഥിനി.
കഴിഞ്ഞ ഓഗസ്റ്റ് 11 ന് രാവിലെ പതിവ് പോലെ കോളേജിലേക്ക് പോകുന്നതിനായി ഇന്റർസിറ്റി ട്രെയിൻ കയറാനായി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു ദേവി. മൂന്ന് ട്രാക്കുകൾ കടന്നുപോകുന്നിടത്ത് നടുവിലുള്ള ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു വയസായ ഒരു അമ്മൂമ്മ. ആ സമയത്ത് ട്രെയിനിന്റെ ഹോൺ ശബ്ദം കേട്ടതോടെയാണ് അമ്മൂമ്മയെ ദേവി ശ്രദ്ധിക്കുന്നത്. പാളം കടക്കുന്ന അമ്മൂമ്മ ട്രെയിൻ വരുന്നത് കാണുന്നില്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ട്രെയിൻ അടുത്ത് വരുന്നത് കണ്ട് പ്ലാറ്റ്ഫോമിൽ നിൽക്കുന്നവർ ശബ്ദമുയർത്തി വിളിച്ച് പറയുന്നുണ്ടെങ്കിലും ഒന്നും അറിയുന്നുണ്ടായിരുന്നില്ല. പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ആളുകളുടെ വിളികളും ആക്രോശങ്ങളും അവരുടെ കാതുകളിൽ പതിഞ്ഞില്ല. ട്രെയിൻ വരുന്നതറിയാതെ ട്രാക്ക് മുറിച്ച് കടക്കുന്നതിൽ മാത്രമായിരുന്നു അമ്മൂമ്മയുടെ ശ്രദ്ധ. ട്രെയിൻ അടുത്തെത്തിയ ആ നിർണായക നിമിഷം, ദേവിക്ക് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. ഒരു നിമിഷം പോലും പാഴാക്കാതെ അവൾ പാളത്തിലേക്ക് ഓടി വൃദ്ധയെ ട്രാക്കിൽനിന്ന് പുറത്തേക്ക് വലിച്ചിട്ടു. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ, ട്രെയിൻ ചീറിപ്പാഞ്ഞ് കടന്നുപോയി. ആ നിമിഷം ദേവിയുടെയും ആ വയോധികയുടെയും ഇടയിലുള്ള ദൂരം കേവലം ഇഞ്ചുകൾ മാത്രമായിരുന്നു.
ആദ്യം അഭിനന്ദനം പിന്നെ ഓർമ്മപ്പെടുത്തലും...
ആദ്യമൊന്ന് ഞെട്ടിവിറച്ചെങ്കിലും, അമ്മൂമ്മയെ ദേവി ചേർത്ത് പിടിച്ചു. ട്രെയിൻ കടന്ന് പോയതിന് പിന്നാലെ ഓടിക്കൂടിയ ജനങ്ങളിൽ നിന്നും പ്രശംസക്ക് ഒപ്പം വഴക്കും കിട്ടി. ആദ്യം അഭിനന്ദനം പിന്നെ ഓർമ്മപ്പെടുത്തൽ. അതായിരുന്നു അവിടെ ദൃക്സാക്ഷികളായുണ്ടായിരുന്നവരിൽ നിന്നുണ്ടായ പ്രതികരണം. ഇങ്ങനെ എടുത്ത് ചാടാമോ സ്വന്തം ജീവനാണെന്ന് ഓർമ്മിക്കണ്ടേ എന്നായിരുന്നു പലരും അൽപ്പം ശാസനയോടെ ചോദിച്ചത്. പക്ഷേ ആ സമയത്ത് എന്റെ സ്വന്തം അമ്മൂമ്മയാണ് ട്രാക്കിൽ മരണത്തിനും ജീവിതത്തിനുമിടയിൽ നിൽക്കുന്നതെന്നാണ് തോന്നിയതെന്ന് ദേവി പറയുന്നു. എന്റെ അമ്മൂമ്മയെ ഞാനങ്ങനെ വിട്ട് കൊടുക്കുമോ എന്നാണ് ദേവിയുടെ മറു ചോദ്യം
''മരണത്തെ മുന്നിൽ കണ്ട ആ നിമിഷത്തിൽ കൈകൾ കൂപ്പിയാണ് അമ്മൂമ്മ സംസാരിച്ചത്. ഒരു തമിഴ് സ്ത്രീയായിരുന്നു. ഇപ്പോൾ എല്ലാവരും എന്നെ അഭിനന്ദിക്കുമ്പോഴും ഞാൻ ആഗ്രഹിക്കുന്ന ആ അമ്മൂമ്മയെ ഒരിക്കൽ കൂടി ഒന്ന് കാണണമെന്നാണ്. ഭിക്ഷയെടുത്ത് ജീവിക്കുന്നയാളാണെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്ങോട്ട് പോയെന്നോ എവിടെയാണുള്ളതെന്നോ അറിയില്ല''.
''ആ നിമിഷം അമ്മൂമ്മയുടെ കൈയ്യിൽ പിടിത്തം കിട്ടിയതാണ് രക്ഷയായത്. ട്രാക്കിൽ നിന്നും പുറത്തേക്ക് വലിച്ച് മാറ്റിയതിന് പിന്നാലെ ട്രെയിൻ അടുത്ത് കൂടി കടന്ന് പോകുമ്പോൾ അമ്മൂമ്മയുടെ ശരീരം ആകെ വിറക്കുകയായിരുന്നു. കേൾവി ശക്തിയില്ലാത്ത ആളാണ്. അതാണ് ട്രെയിനിന്റെ ശബ്ദം കേൾക്കാതെ പോയത്''.
പുള്ളിക്കാരി സ്റ്റാറാണ്
ദേവി ഇപ്പോൾ നാട്ടിലെയും കോളേജിലെയും സ്റ്റാറാണ്. സംഭവം അറിഞ്ഞെത്തി ഒരുപാട് പേരാണ് അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നത്. നാട്ടിൽ സ്വാതന്ത്ര്യ ദിനത്തിന് അനുമോദന ചടങ്ങുകളുണ്ടായിരുന്നു. കോളേജിൽ വെച്ചും അനുമോദനുണ്ടായി. ഫ്രണ്ട്സിനും ഫാമിലിക്കും ഇടയിൽ താനിപ്പോൾ ഒരു സ്റ്റാറാണെന്ന് ദേവി ചിരിയോടെ പറയുന്നു.
ഏക മകൾ - അമ്മ പറഞ്ഞത്…
വള്ളിക്കാവിലെ മാരിവിൽ സ്റ്റുഡിയോ ഉടമ ക്ലാപ്പന തുണ്ടത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെയും ദീപയുടെയും ഏക മകളാണ് ദേവി. ഒരു ജീവൻ രക്ഷിച്ച മകളെ അഭിനന്ദിക്കുന്നതിനൊപ്പം സ്നേഹപൂർവ്വം ഒരു ശാസനയും അമ്മയുടെ ഭാഗത്ത് നിന്നുമുണ്ട്. വീട്ടിൽ ഒറ്റമകളാണ് ദേവി. മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് പോയിരുന്നെങ്കിലോ എന്നാണ് അമ്മയുടെ കരുതലോടെയുള്ള ചോദ്യം. സ്കൂളിൽ സ്കൌട്ട് ആന്റ് ഗൈഡ്സ് കേഡറ്റായിരുന്നു ദേവി. ആ നിമിഷം എന്റെ ജീവനെ കുറിച്ച് ആലോചിക്കാൻ നിന്നിരുന്നെങ്കിൽ ഒരിക്കലും എനിക്ക് അമ്മൂമ്മയെ രക്ഷിക്കാനാകുമായിരുന്നില്ലെന്നും ദേവി പറയുന്നു.
അഭിനന്ദനങ്ങൾ കൊണ്ട് മൂടുമ്പോളും ദേവിക്ക് ഒരു ആഗ്രഹം ബാക്കിയാണ്. ആരാണെന്ന് പോലുമറിയാതെ ഞാൻ രക്ഷപ്പെടുത്തിയ ആ അമ്മൂമ്മയെ ഒരിക്കൽ കൂടി കാണണം. അത്ര മാത്രം….


