കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും മാത്രം വിളമ്പിയതിന്റെ പേരിൽ മാധ്യമശ്രദ്ധയാകർഷിച്ച യുപിയിലെ സിയൂർ പ്രൈമറി സ്‌കൂളിനെപ്പറ്റി ഒരു വാർത്ത കൂടി മാധ്യമങ്ങളിൽ നിറയുകയാണ്. സിയൂർ പ്രൈമറി സ്‌കൂളിലെ കുട്ടികൾ ഒന്നടങ്കം സ്‌കൂൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചു എന്നതാണ് അവിടെനിന്നുള്ള ഏറ്റവും പുതിയ വിശേഷം. ആ ബഹിഷ്കരണം ഒരു ഐക്യദാർഢ്യത്തിന്റെ പ്രകടനമാണ്. സ്‌കൂളിലെ ശോചനീയാവസ്ഥ വീഡിയോയിൽ പകർത്തി പുറംലോകത്തെ അറിയിച്ച പത്രപ്രവർത്തകനെതിരെ യോഗി സർക്കാർ കേസ് ചാർജ്ജ് ചെയ്തിരുന്നല്ലോ. തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടതിന്റെ, ഉച്ചഭക്ഷണവിതരണത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ പ്രയത്നിച്ചതിന്റെ പേരിൽ മാത്രം കേസിൽ കുടുങ്ങിയ ആ മാധ്യമപ്രവർത്തകനെ അനുകൂലിച്ചുകൊണ്ടാണ് കുട്ടികൾ ഇപ്പോൾ സ്‌കൂൾ ബഹിഷ്കരിച്ചിരിക്കുന്നത്.

സിയൂർ ഒരു നക്സൽബാധിത പ്രദേശമാണ്. ഗോത്രവർഗ്ഗക്കാരായ പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾ മാത്രമാണ് പ്രസ്തുത സ്‌കൂളിൽ  പഠിക്കുന്നത്. സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കിട്ടിയില്ലെങ്കിൽ പട്ടിണിയാണ്. എന്നാലും അവർക്കാർക്കും മനുഷ്യപ്പറ്റിന് ഒരു കുറവുമില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. അന്നുമുതൽ കുട്ടികൾ ഒന്നൊന്നായി സ്‌കൂൾ ബഹിഷ്കരിച്ച് പ്രതിഷേധം അറിയിച്ചുകൊണ്ടിരുന്നു. വ്യാഴാഴ്ച ആയപ്പോഴേക്കും 97  കുട്ടികളുള്ളതിൽ ആകെ ഒരു കുട്ടിമാത്രമായി സ്‌കൂളിൽ വരുന്നത്.

"അന്ന് സ്‌കൂൾ നിറഞ്ഞുകവിഞ്ഞ്‍ കുട്ടികളുണ്ടായിരുന്നപ്പോൾ കലവറയിൽ പാചകം ചെയ്യാൻ  യാതൊന്നുമുണ്ടായിരുന്നില്ല. ഇന്ന് കലവറയ്ക്കുള്ളിൽ വേണ്ടത്ര അരിയും ഗോതമ്പുമാവും പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഒക്കെയുണ്ട്. പക്ഷേ, ഒരൊറ്റക്കുട്ടി മാത്രമേ വന്നുള്ളൂ.." പാചകക്കാരി രുക്മിണീ ദേവി റിപ്പോർട്ടമാരോട് പറഞ്ഞു.

കുട്ടികൾ വരാതെയായതോടെ വിദ്യാഭ്യാസവകുപ്പ് ആകെ പരിഭ്രാന്തിയിലായി. അവർ കുട്ടികളുടെ വീടുകളിലേക്ക് പതിനഞ്ചുപേരടങ്ങുന്ന ഒരു സംഘത്തെ പറഞ്ഞുവിട്ടു. അനുനയസംഭാഷണങ്ങൾക്കു ശേഷം പത്തുമുപ്പതോളം കുട്ടികളെ അച്ഛനമ്മമാർ സ്‌കൂളിലായാക്കാൻ സമ്മതം അറിയിച്ചു. അവർക്കുണ്ടായിരുന്നത് ഒരേയൊരു നിബന്ധന മാത്രം. ആ പാവം ജേർണലിസ്റ്റിന്റെ മേൽ കള്ളക്കേസുകളൊന്നും തന്നെ ചുമത്താൻ പാടില്ല.

ചില്ലറക്കേസുകളൊന്നുമല്ല പവൻ കുമാർ ജയ്‌സ്വാൾ എന്ന പത്രപ്രവർത്തകനുമേൽ ചാർത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ക്രിമിനൽ ചട്ടത്തിന്റെ  സെക്ഷൻ 120B - ക്രിമിനൽ ഗൂഢാലോചന, സെക്ഷൻ 186 - സർക്കാർ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, സെക്ഷൻ 193-വ്യാജ തെളിവ് ചമയ്ക്കൽ, സെക്ഷൻ 420 - വഞ്ചന തുടങ്ങി ജാമ്യം പോലും കിട്ടാത്ത പല വകുപ്പുകളും ചുമത്തിയാണ് പ്രഥമവിവരറിപ്പോർട്ട്(FIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജയ്‌സ്വാൾ, കൗൺസിലർ രാജ്‌കുമാർ പാലുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്നും, ഇരുവരും ചേർന്ന് സംസ്ഥാനസർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പികാൻ വേണ്ടി, 'ഏറെ നികൃഷ്ടമായ' പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത് എന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സ്‌കൂളിൽ വെറും ചപ്പാത്തി മാത്രമാണ് പാചകം ചെയ്തിരിക്കുന്നത് എന്ന് അറിവുണ്ടായിട്ടും, രാജ്‌കുമാർ പാൽ എന്ന കൗൺസിലർ, പച്ചക്കറികൾ സംഘടിപ്പിക്കാൻ ശ്രമിക്കാതെ, പത്രക്കാരനായ ജയ്‌സ്വാളിനെ വിളിച്ചുവരുത്തി എന്നും സ്‌കൂളിന്റെ സൽപ്പേരിനു ക്ഷതം വരുത്തുന്ന തരത്തിൽ ഒരു മോശം വാർത്ത അച്ചടിക്കാനും ദൃശ്യമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്താനും ജയ്‌സ്വാളിനെ പ്രേരിപ്പിച്ചു എന്നുമാണ് ആരോപണം.

എന്നാൽ കേസെടുത്ത വിവരം പുറത്തുവന്ന അന്ന് തന്നെ സ്‌കൂളിലെ പാചകക്കാരിയും കുട്ടികളുടെ രക്ഷിതാക്കളടക്കമുള്ള മറ്റു ഗ്രാമീണരും വന്‍ കുമാര്‍ ജയ്സ്വാളിന് പിന്തുണയുമായെത്തിയിരുന്നു. ജയ്‌സ്വാൾ തെറ്റൊന്നും ചെയ്തിട്ടില്ല. അദ്ദേഹത്തെ കുടുക്കുകയായിരുന്നു, പ്രധാനാധ്യാപകന്‍ മുരളീലാലിന്‍റെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകനെ കുടുക്കിയത് എന്നാണ് അന്നവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കുട്ടികള്‍ക്ക് നല്ലതുവരാന്‍ വേണ്ടിയാണ് അദ്ദേഹം റൊട്ടിയും ഉപ്പും വിളമ്പുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞു. ഗ്രാമീണരും മാധ്യമപ്രവര്‍ത്തകനെ അനുകൂലിച്ച് രംഗത്തെത്തി. പല ദിവസങ്ങളിലും റൊട്ടിയുടെ പകുതി മാത്രമേ കുട്ടികള്‍ക്ക് നല്‍കാറുള്ളൂ. കുട്ടികള്‍ക്കായി കൊണ്ടുവരുന്ന പാലും പച്ചക്കറികളും ധാന്യങ്ങളും പ്രധാനാധ്യാപകന്‍ തട്ടിയെടുക്കുന്നതായും ഗ്രാമീണര്‍ ആരോപിച്ചു.കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കേണ്ട ഭക്ഷണത്തിന്‍റെ മുഴുവന്‍ ക്വാട്ടയും സ്കൂളില്‍ ലഭിക്കാറുണ്ട്. എന്നാല്‍ വിതരണം ചെയ്യാറില്ല. പലപ്പോഴും പാലില്‍ വെള്ളം ചേര്‍ത്താണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി പറഞ്ഞു. ഒരാഴ്ചക്ക് രണ്ടരക്കിലോ ഉരുളക്കിഴങ്ങും 250 ഗ്രാം എണ്ണയുമാണ് നല്‍കിയിരുന്നത്. ഒരുമാസത്തില്‍ രണ്ട് തവണയെങ്കിലും കുട്ടികള്‍ക്ക് വെറും ഉപ്പ് കൂട്ടിയാണ് റൊട്ടിയോ ചോറോ നല്‍കിയിരുന്നതെന്നും രുക്മിണീ ദേവി അന്ന് വെളിപ്പെടുത്തൽ നടത്തിയിരുന്നു.

ആദ്യമായി ഈ വിവരം ജയ്‌സ്വാൾ റിപ്പോർട്ട് ചെയ്‌തന്ന് വിഷയത്തിൽ തത്സമയം ഇടപെട്ടുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേൽ രണ്ടു സ്‌കൂൾ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണങ്ങൾ പ്രഖ്യാപിക്കുകയും ഒക്കെ ചെയ്‌തെങ്കിലും, ഒരാഴ്ചയ്ക്കുള്ളിൽ വാദി പ്രതിയാകുന്ന സാഹചര്യമുണ്ടാവുകയുമായിരുന്നു. അതേ ജില്ലാ മജിസ്‌ട്രേറ്റ് തന്നെ ജയ്‌സ്വാൾ സ്ഥലത്തെ കൗൺസിലറുമായി ചേർന്ന് സ്‌കൂളിനെയും യോഗി സർക്കാരിനെയും വിദ്യാഭ്യാസവകുപ്പിനെയും കരിവാരിത്തേക്കാണ് വേണ്ടി മനഃപൂർവം ക്രിമിനൽ ഗൂഢാലോചന നടത്തി എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ജയ്‌സ്വാളിനെതിരെ എഫ്‌ഐആറും ഇടുകയുണ്ടായി. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് ഗ്രാമീണർ സ്‌കൂൾ ബഹിഷ്കരണവുമായി മുന്നോട്ടുപോയിരിക്കുന്നത്.

എന്തായാലും പവൻ കുമാർ ജയ്‌സ്വാൾ നടത്തിയ ഇടപെടലോടെ അവഗണനയുടെ മകുടോദാഹരണമായിരുന്ന ആ സ്‌കൂളിലേക്ക് സൗകര്യങ്ങൾ ഒന്നൊന്നായി വന്നുതുടങ്ങിയിട്ടുണ്ട്. സ്‌കൂളിലെ കുട്ടികൾക്കായി ഒരു ടോയ്‌ലെറ്റ് പണിതു തുടങ്ങിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ കാരണമായ ജയ്‌സ്വാളിനെതിരെയുള്ള കേസുകൾ പിൻവലിക്കാതെ കുട്ടികളെ സ്‌കൂളിൽ വിടേണ്ട എന്നുതന്നെയാണ് ഗ്രാമീണരുടെ ഉറച്ച തീരുമാനം.