യാത്രകൾ മനുഷ്യരുടെ ജീവിതം തന്നെ ചിലപ്പോൾ മാറ്റി മറിച്ചേക്കും. യാത്രകളെന്നാൽ നമ്മുടെ കണ്ണുകളും കാതുകളും ലോകത്തിലേക്ക് തുറന്നുവയ്ക്കുക എന്ന് കൂടിയാണ്. അതുപോലെ യാത്ര ചെയ്യുന്ന ഒരാളാണ് ഈ ചെന്നൈ സ്വദേശിനി. ആറ് ഇന്ത്യന്‍ പാസ്പോര്‍ട്ടുകളുണ്ട് ഈ അറുപത്തിയൊമ്പതുകാരിക്ക്. ഇതുവരെ സഞ്ചരിച്ചത് 66 രാജ്യങ്ങളില്‍. ലോകത്തിലാകെയുള്ള യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് ഒരു വലിയ പ്രചോദനമാണ് സുധ മഹാലിംഗം. 

സുധയുടെ ഭര്‍ത്താവ് ഒരു ബ്യൂറോക്രാറ്റായിരുന്നു. 39 വര്‍ഷത്തിനിടയില്‍ 16 നിയമനങ്ങള്‍. അതില്‍ 14 ഇടങ്ങളിലേക്കും സുധയും അദ്ദേഹത്തെ അനുഗമിച്ചു. അവരിരുവരും ലണ്ടനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും താമസിച്ചിട്ടുണ്ട്. 1996 -ലാണ് തനിച്ചുള്ള യാത്രകള്‍ സുധ ആരംഭിക്കുന്നത്. അഞ്ച് വയസുള്ള മകനെ വീട്ടിലാക്കി കൈലാസ് മാനസസരോവറിലേക്ക് 32 ദിവസത്തെ ട്രെക്കിം​ഗ് ആയിരുന്നു അത്. പക്ഷേ, ആ യാത്രകൾ അവരുടെ അനേകം യാത്രകളിലേക്കുള്ള തുടക്കമായിരുന്നു. ആ യാത്ര അവരെ ഒരുപാട് പാഠം പഠിപ്പിച്ചു. എങ്കിലും പല യാത്രകളും ഫണ്ട് ലഭിച്ചതുകൊണ്ടാണ് എന്ന സത്യം സുധ അംഗീകരിക്കുന്നുണ്ട്. എങ്കില്‍പ്പോലും അല്ലാതെയും യാത്രകള്‍ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്ന് സുധ പറയുന്നു. മാധ്യമ പ്രവര്‍ത്തകയായിരുന്ന സുധ അത് വിട്ട ശേഷം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസില്‍ ഊര്‍ജ്ജവിഭാഗം അനലിസ്റ്റായി പ്രവര്‍ത്തിച്ചു. അങ്ങനെയാണ് തനിച്ചുള്ള യാത്രകള്‍ക്ക് തുടക്കമാകുന്നത്. പിന്നീട് ലോകമാകെ തനിച്ച് സഞ്ചരിക്കാന്‍ സുധ ബാഗൊരുക്കി തുടങ്ങി. 

ഇന്ന് യാത്രകൾ കുറച്ചുകൂടി എളുപ്പമാണ്. ഇന്റർനെറ്റും സോഷ്യൽ മീഡിയകളും എല്ലാം കൂട്ടിനുണ്ട്. എന്നാൽ, ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയുമൊന്നും ഇങ്ങനെയില്ലാത്ത കാലത്താണ് സുധ യാത്രകള്‍ തുടങ്ങിയത്. അന്ന് ഏതെങ്കിലും വിധത്തില്‍ ഈ സ്ഥലങ്ങളെ കുറിച്ച് കൂടുതലറിയണമെങ്കില്‍ വായിക്കുക, നേരില്‍ പോയി അവിടം സന്ദര്‍ശിക്കുക എന്നത് മാത്രമേ സാധ്യമായിരുന്നുള്ളൂ. സുധ നാഷണല്‍ ജ്യോഗ്രഫിക് മാഗസിനുകളും ട്രാവല്‍ ബുക്കുകളും ആർത്തിയോടെ വായിച്ചു, അവിടം പോയേ തീരൂവെന്ന് അപ്പോഴെല്ലാം ഉള്ളില്‍ കൂടുതല്‍ കൂടുതലായി തോന്നിത്തുടങ്ങി. ഇപ്പോഴും നാഷണല്‍ ജ്യോഗ്രഫിക്കിലോ ഡിസ്കവറി ചാനലിലോ ഒരു സ്ഥലം കണ്ടാല്‍ അവിടെ പോകണമെന്ന് അതിയായ മോഹമുണ്ടാവുകയും മാസങ്ങള്‍ക്കുള്ളില്‍ അവിടെ ചെല്ലുകയും ചെയ്യുന്നു സുധ. 

യാത്ര ഒരാളുടെ ജീവിതം മാറ്റിമറിക്കും. അത് തന്‍റെ വ്യക്തിത്വത്തില്‍ തുറന്ന സമീപനം, സ്നേഹം, ക്ഷമ എന്നിവയെല്ലാം ഉണ്ടാക്കിയിട്ടുണ്ട് എന്നും സുധ പറയുന്നു. യാത്രകളില്‍ കണ്ടുമുട്ടിയ ആളുകളില്‍ നിന്നും താന്‍ വിനയവും സ്നേഹവും പഠിച്ചെടുത്തുവെന്നും അവര്‍ പറയുന്നു. യാത്രകളില്‍ ബാഗുകളൊരുക്കുമ്പോഴും ശ്രദ്ധിക്കണമെന്നും സുധ പറയുന്നു. സുധ ഒരു മിനിമലിസ്റ്റാണ്. ബാഗില്‍ ക്യാമറ, നല്ല ഷൂസ്, ട്രൈപ്പോഡ് ഇവ എന്തായാലും ഉണ്ടാകും. ബാക്കിയൊന്നും അത്ര അത്യാവശ്യം അല്ല. വസ്ത്രങ്ങള്‍ അധികം എടുക്കേണ്ടതില്ല. രണ്ട് ദിവസവും നിങ്ങളൊരേ വസ്ത്രമാണോ ധരിച്ചതെന്നതൊന്നും ആരും ശ്രദ്ധിക്കാന്‍ പോലും പോകുന്നില്ല എന്നും സുധ പറയുന്നു. 

'ദ ട്രാവല്‍ ഗോഡ്സ് മസ്റ്റ് ബീ ക്രേസി' എന്ന തന്‍റെ പുസ്തകത്തില്‍ തന്‍റെ യാത്രയുടെ അനുഭവങ്ങളവരെഴുതിയിട്ടുണ്ട്. ഒരുപാട് പ്രാന്തപ്രദേശങ്ങളിലടക്കം അവര്‍ യാത്ര ചെയ്യുകയും ഒരുപാട് അനുഭവങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. യുവാക്കളായ യാത്രക്കാരോടും സുധയ്ക്ക് പറയാനുണ്ട്. 'നിങ്ങളൊരു ടൂറിസ്റ്റാവരുത് പകരം ഒരു യാത്രക്കാരനാവുക. ഒരുപാട് കാണാനും പഠിക്കാനുമുണ്ട് ഈ ലോകത്ത്. യാത്രകള്‍ ചെയ്യുന്നവര്‍ക്ക് അത് കാണാനും അറിയാനും സാധിക്കും. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് സമയമില്ല എന്ന് തോന്നുകയാണെങ്കില്‍ പോലും ഒന്നിനും വേണ്ടി കാത്തുനില്‍ക്കാതെ ഇപ്പോള്‍ തന്നെ യാത്ര ചെയ്ത് തുടങ്ങൂ' എന്നാണ് സുധ പറയുന്നത്. 

തന്‍റെ പ്രായത്തിലുള്ള പലരും വിശ്രമിക്കുമ്പോഴും സുധ യാത്ര തുടരുകയായിരുന്നു. അങ്ങനെയാണവര്‍ 66 രാജ്യങ്ങളും സന്ദര്‍ശിച്ചത്. ഇനിയും അവരുടെ ബക്ക്റ്റ് ലിസ്റ്റില്‍ ഒരുപാട് സ്ഥലങ്ങളുണ്ട്. ആ സ്ഥലങ്ങളെല്ലാം സന്ദർശിക്കുക എന്നത് തന്നെയാണ് അവരുടെ ഏറ്റവും വലിയ മോഹവും. പ്രായമൊന്നും യാത്രകൾക്ക് ഒരു തടസമേയല്ല എന്ന് അനുഭവത്തിലൂടെ കാണിച്ചു തരികയാണ് സുധ.