27,000 ടൺ ഭാരം വലിക്കും. 11 മണിക്കൂറും 20 മിനിറ്റും നീളുന്ന യാത്ര, ആറ് എഞ്ചിന്‍... തുങ്ങിയ പ്രത്യേകതകളുള്ള ഈ ട്രെയിനാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിന്‍.
പ്രാദേശിക ഷട്ടിൽ സർവീസുകൾ മുതൽ വന്ദേഭാരത് എക്സ്പ്രസ് പോലുള്ള ആധുനിക ട്രെയിനുകൾ വരെ ഉൾപ്പെടുന്ന ഇന്ത്യൻ റെയിൽവേ ശൃംഖല വിശാലവും വൈവിധ്യപൂർണ്ണവുമാണ്. ഒരു ജനപ്രിയ ഗതാഗത മാർഗ്ഗം മാത്രമല്ല ട്രെയിൻ സർവീസുകൾ. അത് ചരക്ക് നീക്കത്തിലും നിർണായക പങ്കു വഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഡ്സ് ട്രെയിൻ ഏതാണെന്നും അത് ഏത് റൂട്ടിലാണ് ഓടുന്നതെന്നും നിങ്ങൾക്കറിയാമോ?
'സൂപ്പർ വാസുകി' എന്നാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിനിന്‍റെ പേര്. ഇതൊരു യാത്രാ ട്രെയിൻ അല്ല എന്നതാണ് മറ്റൊരു വസ്തുത. കൽക്കരി കൊണ്ട് പോകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ചരക്ക് ട്രെയിനിന് 295 വാഗണുകളാണ് ഉളളത്. ആറ് എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ഈ ട്രെയിന്‍ വലിക്കുന്നത്. സൂപ്പർ വാസുകിയുടെ ആകെ നീളം അതിന്‍റെ എഞ്ചിനുകൾ ഉൾപ്പെടെ ഏകദേശം 3.5 കിലോമീറ്ററാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിച്ച, ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് 2022 ഓഗസ്റ്റ് 15 -ന് ഇന്ത്യൻ റെയിൽവേ ഈ കൂറ്റൻ ചരക്ക് തീവണ്ടി പുറത്തിറക്കിയത്.
വൈദ്യുതി നിലയങ്ങളിലേക്ക് സ്ഥിരമായി കൽക്കരി വിതരണം ഉറപ്പാക്കുകയെന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് സൂപ്പർ വാസുകി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒറ്റയടിക്ക് 27,000 ടൺ കൽക്കരി വഹിക്കാൻ ഇതിന് കഴിയും. ഛത്തീസ്ഗഢിലെ കോർബ മുതൽ മഹാരാഷ്ട്രയിലെ രാജ്നന്ദ്ഗാവ് വരെയുള്ള റൂട്ടിലാണ് സൂപ്പർ വാസുകി സർവീസ് നടത്തുന്നത്. അഞ്ച് സ്റ്റാൻഡേർഡ് ചരക്ക് ട്രെയിനുകൾ സംയോജിപ്പിച്ചാണ് ഈ മെഗാ ട്രെയിൻ നിർമ്മിച്ചത്. ഏകദേശം 11 മണിക്കൂറും 20 മിനിറ്റും നീണ്ടുനിൽക്കുന്നതാണ് ഒരു ദിവസത്തെ സൂപ്പർ വാസുകിയുടെ യാത്ര.
സൂപ്പർ വാസുകി ഒരു റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ, അത് പോയി തീരാൻ ഏകദേശം 4 മിനിറ്റ് സമയം എടുക്കും. ഒരാൾ ട്രെയിനിന്‍റെ ഒരു അറ്റത്ത് നിന്ന് കോച്ചുകൾ എണ്ണി മറ്റേ അറ്റത്തേക്ക് നടന്നാൽ, ഏകദേശം ഒരു മണിക്കൂർ എടുക്കുമത്രേ എണ്ണി തീരാൻ. ഒരു സാധാരണ ചരക്ക് ട്രെയിനിനേക്കാൾ മൂന്നിരട്ടി ഭാരം വഹിക്കാനുള്ള ശേഷി ഇതിനുണ്ടെന്നതാണ് സൂപ്പർ വാസുകിയുടെ മറ്റൊരു പ്രത്യേകത.


