'സൂപ്പർ വുമൺ', അഭിനന്ദിക്കുക തന്നെ വേണം, വിമാനത്തിൽ നടന്ന സംഭവമിങ്ങനെ, വൈറലായി പോസ്റ്റ്
ഇത്രത്തോളം മഹത്തരമായ ഒരു പ്രവൃത്തി ചെയ്തിട്ടും യാത്രക്കാരിൽ ആരും അവരെ അഭിനന്ദിക്കാൻ തയ്യാറാകാതിരുന്നത് തന്നെ നിരാശനാക്കിയെന്നും വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി താനവരെ ഹൃദയപൂർവ്വം അഭിനന്ദിച്ചു എന്നും അദ്ദേഹം പറയുന്നു.

ജനുവരി 12 -ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ വിമാനം അസാധാരണമായ ചില സംഭവങ്ങൾക്ക് വേദിയായി. സ്‌പോട്ട്‌ലൈറ്റ് സ്‌കൗട്ട്‌സ് & ഓറിയോൺ ഹോസ്റ്റല്‍സ് സഹസ്ഥാപകനായ സഞ്ചിത് മഹാജനാണ് ഈ സംഭവം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. അതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്.
വിമാനത്തിനുള്ളിൽ വച്ച് ഒരു വൃദ്ധന് ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ എയർലൈൻ ജീവനക്കാർ നടത്തിയ പ്രവർത്തനങ്ങളാണ് ഇദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.
2025 ജനുവരി 12 -ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ (ഇൻ്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്) 6E 353 വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് താൻ അസാധാരണമായ ചില കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. അനുകമ്പയുടെയും സഹിഷ്ണുതയുടെയും പാഠങ്ങൾ ആ സംഭവം തനിക്ക് പകർന്നു നൽകി എന്നും മഹാജൻ പോസ്റ്റിൽ പറയുന്നു.
യാത്രക്കിടയിൽ 70 വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധരഹിതനാവുകയും ചെയ്തു. മെഡിക്കൽ പ്രൊഫഷണലുകളില്ലാത്തതിനാൽ, ഗുരുതരമായ സാഹചര്യം നിയന്ത്രിക്കാൻ ക്യാബിൻ ക്രൂ പെട്ടെന്ന് സജീവമായി. എന്നാൽ, അവർക്കിടയിൽ ഒരു അംഗം തൻറെ ശാന്തതയും ധൈര്യവും കൈവിടാതെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്രഥമ ശുശ്രൂഷ നൽകി ആ മനുഷ്യൻറെ ജീവൻ കൈവിട്ടു പോകാതിരിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. ഏകദേശം 40 മിനിറ്റോളം അതിനായി അവർ അശ്രാന്ത പരിശ്രമം നടത്തി. തനിക്ക് ആ എയർലൈൻ ജീവനക്കാരിയുടെ പേര് അറിയാമെങ്കിലും സൂപ്പർ വുമൺ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടമെന്നും മഹാജൻ പറയുന്നു.
എന്നാൽ ഇത്രത്തോളം മഹത്തരമായ ഒരു പ്രവൃത്തി ചെയ്തിട്ടും യാത്രക്കാരിൽ ആരും അവരെ അഭിനന്ദിക്കാൻ തയ്യാറാകാതിരുന്നത് തന്നെ നിരാശനാക്കിയെന്നും വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി താനവരെ ഹൃദയപൂർവ്വം അഭിനന്ദിച്ചു എന്നും അദ്ദേഹം പറയുന്നു. ഇത്രയും കഴിവും അനുകമ്പയും ഉള്ള ടീമിനെ വളർത്തിയതിന് ഇൻഡിഗോയെയും മഹാജൻ പ്രശംസിച്ചു.
മഹാജൻ്റെ പോസ്റ്റ് ഓൺലൈനിൽ കാര്യമായ ശ്രദ്ധ നേടിയതോടെ ആ 'സൂപ്പർ വുമൺ' കൊൽക്കത്തയിൽ നിന്നുള്ള ഖുശ്ബു സിംഗ് ആണെന്ന് തിരിച്ചറിഞ്ഞു. പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേരാണ് ഖുശ്ബു സിംഗിന് അഭിനന്ദനങ്ങൾ അറിയിക്കുന്നത്.