എല്ലാം പൂച്ചകൾക്ക് വേണ്ടി മാത്രം. സൂപ്പർമാർക്കറ്റ്, സ്പാ, സബ്‍വേ അങ്ങനെ ഒരു നഗരത്തിലെ എല്ലാ സൗകര്യങ്ങളും ഈ പൂച്ചകളുടെ നഗരത്തിലുണ്ട്.
നിങ്ങളൊരു പക്ഷേ, മക്ഡൊണാൾഡ്‌സ് സന്ദർശിച്ചിട്ടുണ്ടായിരിക്കും, എന്നാൽ മിയോ ഡൊണാൾഡ്സ് സന്ദർശിച്ചിട്ടുണ്ടോ? ഉണ്ടാകാൻ വഴിയില്ല, കാരണം, അത് പൂച്ചകൾക്ക് വേണ്ടി മാത്രമായി നിർമ്മിച്ചിരിക്കുന്ന ഒരു ടൗണ്‍ഷിപ്പാണ്. കൗതുകകരമായ ഈ വാർത്ത സത്യമാണ്. ഒരു ചൈനീസ് യൂട്യൂബർ തന്‍റെ പൂച്ചകൾക്കായി ഒരു മിനിയേച്ചർ പട്ടണം തന്നെ പൂർണമായി ഒരുക്കിയിരിക്കുകയാണ്.
മനുഷ്യർ ആസ്വദിക്കുന്ന എല്ലാ നഗര സൗകര്യങ്ങളും ഈ മിനിയേച്ചർ പട്ടണത്തിലുണ്ട്. സൂപ്പർമാർക്കറ്റ്, ജിം മുതൽ സൈബർ ട്രക്കുകൾ വരെ. യൂട്യൂബർ സിംഗ് ഷിലിയാണ് തന്‍റെ പൂച്ചകൾക്കായി ഇത്തരത്തിലൊരു പട്ടണം നിർമ്മിച്ച് മാധ്യമ ശ്രദ്ധ നേടിയതി. മുൻപ് തന്‍റെ പൂച്ചകൾക്കായി പ്രവർത്തനക്ഷമമായ ഒരു മിനിയേച്ചർ മെട്രോ സബ്‌വേ സ്റ്റേഷൻ നിർമ്മിച്ച് ഇദ്ദേഹം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എഐ വീഡിയോയാണ് എന്ന ആരോപണങ്ങൾ ഇല്ലാതാക്കാൻ ഷിലി തന്‍റെ പൂച്ച പട്ടണത്തിലെ ഒരു ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിന്‍റെ തത്സമയ നിർമ്മാണം തന്‍റെ യൂട്യൂബ് അക്കൗണ്ടില്‍ പങ്കുവച്ചു.
സമൂഹ മാധ്യമങ്ങളിൽ സിംഗ്സ് വേൾഡ് എന്നറിയപ്പെടുന്ന സിംഗ് ഷിലി, തന്‍റെ പൂച്ചകൾക്കായി രൂപകൽപ്പന ചെയ്യുന്ന മിനിയേച്ചർ രൂപങ്ങളിലൂടെയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. വിശാലമായ ഗാരേജുകൾ മുതൽ ചെറിയ സിനിമാ തിയേറ്ററുകൾ വരെ, മിനിയേച്ചർ രൂപത്തിൽ ഇദ്ദേഹം സൃഷ്ടിക്കുന്നത് കൃത്യതയുള്ള എഞ്ചിനീയറിംഗും ശുദ്ധമായ ഭാവനയും സംയോജിപ്പിച്ചു കൊണ്ടാണ്. വളർത്തുമൃഗങ്ങൾക്ക് അവരുടേതായ അളവിൽ "മനുഷ്യലോകം അനുഭവിക്കാൻ" അവസരം നൽകുകയെന്നതാണ് തന്‍റെ ആഗ്രഹമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന പൂച്ച പട്ടണത്തിന്‍റെ വീഡിയോയിൽ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയത് മിയോഡൊണാൾഡ്സ് എന്ന് വിളിപ്പേരുള്ള ഫാസ്റ്റ്ഫുഡ് കേന്ദ്രമാണ്. നിയോൺ സൈനേജുകൾ, ഭക്ഷണങ്ങൾ, ചെറിയ ഇരിപ്പിടങ്ങൾ എന്നിവയാൽ, പൂച്ചകൾക്ക് മാത്രമായി നിർമ്മിച്ച ഒരു യഥാർത്ഥ ഫാസ്റ്റ്ഫുഡ് ശൃംഖല പോലെയാണ് റെസ്റ്റോറന്‍റ് തോന്നുക. മിനിയേച്ചർ പൂച്ചപ്പട്ടണത്തിലെ എല്ലാ ഭാഗങ്ങളും താൻ സ്വയം കൈകൊണ്ട് നിർമ്മിച്ചതാണെന്നാണ് ഷിലി വ്യക്തമാക്കുന്നത്. എഐ സാങ്കേതിവിധിയുടെ യാതൊരു സാധ്യതയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മാസം സമയമെടുത്ത് പൂർണ്ണമായും മനുഷ്യ പ്രയത്നം കൊണ്ട് മാത്രം തയ്യാറാക്കി എടുത്തതാണ് ഇതൊന്നും ഷിലി വീഡിയോയിൽ വ്യക്തമാക്കുന്നു.


