പാക് സൈനിക ടാങ്കുകളുമായി പോകുന്ന താലിബാന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാക് - അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ്, ഏറ്റുമുട്ടലിൽ പാകിസ്ഥാന്‍റെ ടാങ്കുകൾ പിടിച്ചെടുത്തുവെന്ന അവകാശവാദത്തോടെ താലിബാൻ വീഡിയോ പങ്കുവച്ചത്.

'അഫ്ഗാനിസ്ഥാൻ അണ്ടർ താലിബാൻ റൂൾ' എന്ന എക്സ് അക്കൗണ്ടിൽ നിന്നും പങ്കുവച്ച വൈറൽ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ആണവായുധം പോലും കൈയിലുണ്ടെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന്‍റെ സൈനിക ടാങ്കുകൾ അടക്കമുള്ള വാഹനങ്ങളുമായി പോകുന്ന അഫ്ഗാന്‍ - താലിബാന്‍ സൈന്യത്തിന്‍റെ വീഡിയോയായിരുന്നു അത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘര്‍ഷത്തിലാണ് പാക് - അഫ്ഗാന്‍ അതിര്‍ത്തി. ഇരുപക്ഷവും സംഘര്‍ത്തിലെ മേധാവിത്വത്തെ ചൊല്ലി വാക് പോര് തുടരുന്നതിനിടെയാണ് താലിബാന്‍ പാക് സൈനിക ടാങ്ക് അടക്കമുള്ള വാഹനങ്ങളുമായി പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയക്കപ്പെട്ടത്. പിന്നാലെ, വീഡിയോ വൈറലായി.

പാക് സൈനിക ടാങ്കുകൾ

ഒരു വാഹനത്തിൽ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളില്‍ റോഡിന്‍റെ ഒരു വശത്ത് കൂടി നിരനിരയായി പോകുന്ന സൈനിക വാഹനങ്ങൾ കാണാം. ടാങ്കുകൾ അടക്കമുള്ള സൈനിക വാഹനങ്ങളുടെ പിന്നില്‍ പാക് പതാക പതിച്ചിട്ടുണ്ട്. അതേസമയം വാഹനത്തില്‍ താലിബാന്‍റെ കൊടികളാണ് പറക്കുന്നത്. സൈനിക വാഹനത്തിന് മുകളില്‍ താലിബാനികൾ ആയുധങ്ങളുമായി ഇരിക്കുന്നതും കാണാം. ചൊവ്വാഴ്ച രാത്രി ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അതിർത്തിയിൽ പാകിസ്ഥാൻ സുരക്ഷാ സേനയും താലിബാനും തമ്മിൽ വീണ്ടും ശക്തമായ ഏറ്റുമുട്ടലാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെയാണ് താലിബാൻ പിടികൂടിയ പാകിസ്ഥാൻ സൈനികരുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ ഏറ്റുമുട്ടലിനിടെ അഫ്ഗാൻ പാകിസ്ഥാൻ സൈനിക ടാങ്കുകൾ പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ടുന്ന വീഡിയോകളും പങ്കുവയ്ക്കപ്പെട്ടു.

Scroll to load tweet…

പ്രതികരണം

സോവിയറ്റ് കാലഘട്ടത്തിലെ ടി-55 ടാങ്ക് ആണെന്നും, കുറച്ച് വർഷങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ സെർബിയയിൽ നിന്ന് വാങ്ങിയതാണ് ഈ ടാങ്കുകളെന്നും ചില റിപ്പോര്‍ട്ടുകൾ അവകാശപ്പെട്ടു. താലിബാൻ ഈ ടി-55 ടാങ്ക് പാകിസ്ഥാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത് അഫ്ഗാൻ പ്രദേശത്തേക്ക് കൊണ്ടു പോവുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പാക് സൈന്യം അതിര്‍ത്തിയില്‍ താലിബാനെതിരെ ഉപയോഗിക്കുന്ന ടാങ്കുകളാണിവയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അവർ യുദ്ധത്തിൽ നിന്ന് മടങ്ങിവരുന്നു, പൊടിപിടിച്ചും ക്ഷീണിച്ചും. ഒപ്പം പാകിസ്ഥാൻ ടാങ്കും കൊണ്ടുവന്നു. ദൈവം അനുഗ്രഹിച്ചാൽ അവരെല്ലാം കാന്ദറിലേക്ക് മടങ്ങുന്നുവെന്ന് വാഹനം ഓടിച്ചിരുന്നയാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. അതേസമയം വീഡിയോ വ്യാജമാണോയെന്നും ചിലര്‍ സമൂഹ മാധ്യങ്ങളില്‍ സംശയം ഉന്നയിച്ചു.

പാക് - അഫ്ഗാന്‍ സംഘര്‍ഷം

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലും കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു മാർക്കറ്റിലും പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് താലിബാൻ കഴിഞ്ഞ ആഴ്ച മുതൽ പാകിസ്ഥാൻ അതിര്‍ത്തിയിൽ സംഘര്‍ഷം ആരംഭിച്ചത്. തീവ്രവാദികളുടെ ഒളിത്താവളമാണെന്ന് ആരോപിച്ച് പാകിസ്ഥാന്‍ നേരത്തെയും അതിര്‍ത്തികടന്ന് അഫ്ഗാനിസ്ഥാനില്‍ അക്രമണങ്ങൾ നടത്തിയിരുന്നു.