അഫ്ഗാന്‍ അതിര്‍ത്തിയില്‍ സുരക്ഷാ മതില്‍ സ്ഥാപിക്കാനുള്ള പാക്കിസ്താന്‍ സൈന്യത്തിന്റെ ശ്രമം താലിബാന്‍ തകര്‍ത്തു. 2600 കിലോ മീറ്റര്‍ നീണ്ട അതിര്‍ത്തിയില്‍ പരമാവധി സ്ഥലത്ത് മതില്‍ പണിയാനായിരുന്നു പാക് സൈന്യത്തിന്റെ ശ്രമം.

അഫ്ഗാന്‍ അതിര്‍ത്തിയില്‍ സുരക്ഷാ മതില്‍ സ്ഥാപിക്കാനുള്ള പാക്കിസ്താന്‍ സൈന്യത്തിന്റെ ശ്രമം താലിബാന്‍ തകര്‍ത്തു. 2600 കിലോ മീറ്റര്‍ നീണ്ട അതിര്‍ത്തിയില്‍ പരമാവധി സ്ഥലത്ത് മതില്‍ പണിയാനായിരുന്നു പാക് സൈന്യത്തിന്റെ ശ്രമം. താലിബാന്‍ ആദ്യം മുതലേ പാക് ശ്രമത്തെ എതിര്‍ത്തിരുന്നു. എതിര്‍പ്പ് വകവെയ്ക്കാതെ മതില്‍ നിര്‍മിക്കാനുള്ള ശ്രമമാണ് താലിബാന്‍ സൈനികര്‍ തടസ്സപ്പെടുത്തിയത്. ബ്രിട്ടീഷ് കാലത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥാപിച്ച അതിര്‍ത്തി സ്വീകാര്യമല്ലെന്ന് താലിബാന്‍ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. 

കിഴക്കന്‍ പ്രവിശ്യയിലെ നന്‍ഗറാറില്‍ അനധികൃതമായി മതില്‍ സ്ഥാപിക്കാന്‍ പാക് സൈന്യം നടത്തുന്ന ശ്രമം തടഞ്ഞതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുല്ല ഖവാര്‍സ്മി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അദ്ദഹം വെളിപ്പെടുത്തിയില്ല. കാര്യങ്ങള്‍ സാധാരണ നിലയിലായെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പാക് സൈന്യം പ്രതികരിച്ചിട്ടില്ല. മതില്‍ നിര്‍മാണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താലിബാന്‍ വക്താവ് ബിലാല്‍ കരീമി പറഞ്ഞു. 

YouTube video player

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആയുധങ്ങളുമായി എത്തിയ താലിബാന്‍ സൈനികര്‍ മതില്‍ നിര്‍മാണത്തിനുള്ള സാധനങ്ങള്‍ പിടിച്ചെടുക്കുന്നതായാണ് വീഡിയോയിലുള്ളത്. സുരക്ഷാ പോസ്റ്റില്‍ ജോലി ചെയ്യുന്ന പാക് സൈനികരോട് ഇനി ഈ പണിയുമായി വരരുതെന്ന് താലിബാന്‍ സൈനികര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

താലിബാനും പാക് സൈന്യവും മുഖാമുഖം നിന്ന് വാക്കുതര്‍ക്കമുണ്ടായതായി ഓപ്പറേഷനില്‍ പങ്കെടുത്ത താലിബാന്‍ സൈനികരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് കനത്ത സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന്, കുനാര്‍ പ്രവിശ്യയിലെ അതിര്‍ത്തിക്കപ്പുറത്തുനിന്നും പാക് സൈന്യം മോര്‍ട്ടാര്‍ ആക്രമണം നടത്തിയതായും സൈനികര്‍ പറഞ്ഞു. സംഭവസ്ഥലത്ത് അഫ്മാന്‍ സൈനികര്‍ വ്യോമനിരീക്ഷണം തുടരുന്നതായി താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു. 

നേരത്തെ തന്നെ മതിലുമായി ബന്ധപ്പെട്ട് അഫ്ഗാനും പാക്കിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇപ്പോഴും അതേ അവസ്ഥയാണെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.