ചൈനീസ് സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റ് സോംഗ് ജിയായിൻ ആണ് ഇത്തരത്തിൽ തൻറെ കലയെ സ്ത്രീശാക്തീകരണത്തിനായി ഉപയോഗിക്കുന്നത്. തൻറെ അരികിൽ ടാറ്റൂ ചെയ്യാനായി എത്തുന്ന സ്ത്രീകളെയെല്ലാം വിശദമായി ഇൻറർവ്യൂ ചെയ്ത് അവരുടെ ഉള്ളിലെ വിഷമങ്ങളും സ്വപ്നങ്ങളും പ്രതിസന്ധികളും ലക്ഷ്യങ്ങളും ഒക്കെ അറിഞ്ഞതിനുശേഷം ആണ് അവർ ടാറ്റൂ ചെയ്യുക.
നമ്മളിൽ പലരും ടാറ്റൂ ഇഷ്ടപ്പെടുന്നവരും ശരീരത്തിൽ എവിടെയെങ്കിലും ഒക്കെ ടാറ്റൂ ചെയ്തിട്ടുള്ളവരുമായിരിക്കും. സാധാരണഗതിയിൽ എല്ലാവരും ടാറ്റൂ ചെയ്യുന്നത് തങ്ങൾക്ക് ഇഷ്ടപ്പെട്ട സിംബലുകളും വാചകങ്ങളോ വ്യക്തികളുടെ പേരുകളോ ചിത്രങ്ങളോ ഒക്കെയായിരിക്കും. എന്നാൽ, ചൈനയിലെ ഈ ടാറ്റൂ ആർട്ടിസ്റ്റിന്റെ അരികിലാണ് നിങ്ങൾ ടാറ്റൂ ചെയ്യാൻ ചെല്ലുന്നതെങ്കിൽ കഥയാകെ മാറും. കാരണം അവർ തന്റെ ടാറ്റൂവിലൂടെ കഥ പറയുന്ന കലാകാരിയാണ്. അതിലുപരി തൻറെ ടാറ്റൂവിലൂടെ സ്ത്രീകളെ ശാക്തീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
ചൈനീസ് സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റ് സോംഗ് ജിയായിൻ ആണ് ഇത്തരത്തിൽ തൻറെ കലയെ സ്ത്രീശാക്തീകരണത്തിനായി ഉപയോഗിക്കുന്നത്. തൻറെ അരികിൽ ടാറ്റൂ ചെയ്യാനായി എത്തുന്ന സ്ത്രീകളെയെല്ലാം വിശദമായി ഇൻറർവ്യൂ ചെയ്ത് അവരുടെ ഉള്ളിലെ വിഷമങ്ങളും സ്വപ്നങ്ങളും പ്രതിസന്ധികളും ലക്ഷ്യങ്ങളും ഒക്കെ അറിഞ്ഞതിനുശേഷം ആണ് അവർ ടാറ്റൂ ചെയ്യുക. കാരണം താൻ അവരുടെ ശരീരത്തിൽ കുത്തുന്ന ടാറ്റൂ എക്കാലവും അവരെ പ്രചോദിപ്പിക്കുന്ന ഒന്നായിരിക്കണം എന്ന് അവർക്ക് നിർബന്ധമുണ്ട്. കൂടാതെ ഇത്തരത്തിൽ താൻ എടുക്കുന്ന അഭിമുഖങ്ങൾ അവർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പബ്ലിഷ് ചെയ്യുകയും ചെയ്യും. സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്വപ്നവും ചുരുങ്ങിപ്പോയ ഒരു രാജ്യത്ത് എങ്ങനെ ഒരു പ്രവൃത്തിയിലൂടെയെങ്കിലും അവരെ ശാക്തീകരിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നാണ് ഇവർ പറയുന്നത്.
പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ കീഴിൽ, സ്ത്രീ സ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ എല്ലാവിധ ഫെമിനിസ്റ്റ് ആക്ടിവിസത്തെയും അടിച്ചമർത്തുകയും എൻജിഒകളെ നിയന്ത്രിക്കുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തുന്നതും അടക്കമുള്ള നടപടികൾ ചൈനയിൽ ഇപ്പോൾ വ്യാപകമാണ്. ഒരു ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സോംഗ്, തന്റെ ഈ പ്രവൃത്തിയെ ഒരു തുറന്ന ഡോക്യുമെന്ററിയായാണ് കാണുന്നത്, അത് സ്ത്രീകളുടെ ശബ്ദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്നതിനും സഹായിക്കും എന്നാണ് അവരുടെ പ്രതീക്ഷ.
