ആഞ്ചെലിക്ക കരാസ്‌കില്ലൊ-ടോറസ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് പ്രസ്തുത അധ്യാപിക. വിദ്യാർത്ഥിയോട് ഈ അധ്യാപിക 'നീ ഞാൻ കൊല്ലുന്നവരുടെ ലിസ്റ്റിൽ ഏറ്റവും താഴെയാണ്' എന്ന് പറയുകയായിരുന്നുവെന്ന് ഈസ്റ്റ് ചിക്കാഗോ പൊലീസ് ഡിപാർട്മെന്റ് പറയുന്നു.
ഇന്ത്യാനയിലെ ഒരു അധ്യാപിക വളരെ വിചിത്രമായ ഒരു കാര്യത്തിന് ഇപ്പോൾ അന്വേഷണം നേരിടുകയാണ്. എന്തിനാണ് എന്നല്ലേ? അവർ അവർക്ക് കൊല്ലാനുള്ള ആളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി പോലും. ആ ലിസ്റ്റിൽ സ്കൂളിലെ വിദ്യാർത്ഥികളും മറ്റ് ചില സ്റ്റാഫും എല്ലാം പെടുന്നു.
ഈ വിവരം പുറത്തറിഞ്ഞത് ഒരു വിദ്യാർത്ഥി വഴിയാണ്. ഈസ്റ്റ് ചിക്കാഗോയിലെ സെന്റ് സ്റ്റാനിസ്ലാസ് സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം ഒരു അഞ്ചാം ക്ലാസുകാരൻ നേരെ കൗൺസിലറുടെ അടുത്തേക്ക് പോയി ഈ അധ്യാപികയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. അധ്യാപിക, ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചും വിദ്യാർത്ഥികളെയും അധ്യാപകരെയും കൊല്ലുന്നതിനെയും കുറിച്ചും പറഞ്ഞു കേട്ടു എന്ന് കൗൺസിലറോട് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.
ആഞ്ചെലിക്ക കരാസ്‌കില്ലൊ-ടോറസ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് പ്രസ്തുത അധ്യാപിക. വിദ്യാർത്ഥിയോട് ഈ അധ്യാപിക 'നീ ഞാൻ കൊല്ലുന്നവരുടെ ലിസ്റ്റിൽ ഏറ്റവും താഴെയാണ്' എന്ന് പറയുകയായിരുന്നുവെന്ന് ഈസ്റ്റ് ചിക്കാഗോ പൊലീസ് ഡിപാർട്മെന്റ് പറയുന്നു.
പിന്നാലെ, മറ്റ് ജീവനക്കാർ അധ്യാപികയെ പ്രിൻസിപ്പലിന്റെ മുറിയിലെത്തിച്ചു. അവിടെ വച്ച് സംഭവം സത്യമാണ് എന്നും തന്റെ കയ്യിൽ തനിക്ക് കൊല്ലേണ്ടുന്നവരുടെ ഒരു പട്ടിക താൻ തയ്യാറാക്കി വച്ചതുണ്ട് എന്നും അധ്യാപിക സമ്മതിച്ചു. എന്നാൽ, ആ ലിസ്റ്റ് അവർ കാണിക്കുകയോ കൈമാറുകയോ ചെയ്തില്ല.
പിന്നാലെ, പ്രിൻസിപ്പൽ അധ്യാപികയോട് 'സ്കൂളിൽ നിന്നും ഇറങ്ങിപ്പോയ്ക്കൊള്ളൂ, ഇനി തിരിച്ച് വരികയും വേണ്ട' എന്ന് പറഞ്ഞു. ശേഷം, സ്കൂൾ സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ 11. 30 -ന് അധ്യാപികയെ അവരുടെ വീട്ടിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, നിലവിൽ അധ്യാപികയ്ക്കെതിരെ ഏത് കുറ്റവും ചുമത്തിയിട്ടില്ല. പകരം സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.
