അമ്പതുകളിൽ തന്നെ തുടങ്ങിയ തെലങ്കാന മുറവിളി ഇടക്കു മാത്രം ഒന്ന് ചെറുതായി എന്നാൽ ഒരിക്കൽ പോലും അണ മുറിയാതെ തുടർന്നു കൊണ്ടേയിരുന്നു. ഇന്ദിരാഗാന്ധിയുടെ ആറിനഫോർമുല, എൻ ടി രാമറാവുവിന്റെ ചില ശ്രമങ്ങൾ, തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയുടേയും കോൺഗ്രസിന്റേയും വാദ്ഗാനങ്ങൾ... രാഷ്ട്രീയത്തിന് നല്ല വളമായിരുന്നു തെലങ്കാന പ്രക്ഷോഭം.

ഇന്ന് കേരളത്തിലും മുഖ്യധാരാ വർത്തമാനപത്രങ്ങളെല്ലാം ഒരേ പരസ്യവുമായിട്ടാണ് ഇറങ്ങിയത്. ഒന്നിലധികം പേജിൽ. തെലങ്കാന (Telangana) എന്ന ഇന്ത്യയിലെ ഇരുപത്തിയൊമ്പതാം സംസ്ഥാനത്തിന്റെ പിറന്നാൾ ആണിന്ന്. എട്ടുവയസ്സായ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും എല്ലാം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്‍റെ ചിത്രവുമായിട്ട്. എട്ട് വർഷം മുമ്പ് കെ. ചന്ദ്രശേഖർറാവു (K. Chandrashekar Rao) തെലങ്കാനയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് തെലങ്കാന എന്ന ആവശ്യത്തിന് വേണ്ടി പോരാടി ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലി അർപിച്ചായിരുന്നു. അദ്ദേഹത്തിന്‍റെ പാർട്ടി ടിആർഎസിന്‍റെ അണികൾ ആർത്തിരമ്പിയ സത്യപ്രതിജ്ഞാചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത് സമരത്തിൽ രക്തസാക്ഷികളായ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ.

വർഷങ്ങൾ നീണ്ട പോരാട്ടത്തിനും പ്രക്ഷോഭത്തിനും ശേഷമാണ് തെലങ്കാന പിറക്കുന്നത്. ആ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ടത് മേഖലയുടെ പിന്നാക്കാവസ്ഥ. പിന്നെ ജനങ്ങളുടെ അവസ്ഥയും ആവശ്യവും മുതലെടുത്ത് വിജയം നേടാനുള്ള രാഷ്ട്രീയപാർട്ടികളുടെ ദുര. നിരവധി പേരുടെ ചോര വീണാണ് തെലങ്കാന രൂപീകരിക്കപ്പെട്ടത്. പത്ത് ജില്ലകൾ, മൂന്നരക്കോടി ജനം. രാജ്യത്ത് ഭൂവിസ്താരത്തിൽ പന്ത്രണ്ടാമതും ജനസംഖ്യയിൽ ആറാമതും സമ്പദ് വ്യവസ്ഥയിൽ ഏഴാമതും. പ്രധാനവരുമാനം കൃഷി. ഐടി, വ്യവസായം, സേവനമേഖലകളിൽ കുതിച്ചുയരുന്ന സംഭാവനകൾ, ഉയർന്നുപൊങ്ങുന്ന വളർച്ചാനിരക്ക്. പ്രക്ഷോഭകാലത്തെയും അതിനുമുമ്പുള്ള ദാരിദ്രകാലത്തെയും ഇരുളിച്ചയിൽ നിന്ന് നടന്നുതുടങ്ങിയിട്ടുണ്ട് തെലങ്കാന. 

നിസാമിന്‍റെ കാലം മുതൽക്ക് തന്നേ അവഗണനയുടേയും അടിച്ചമർത്തലിന്റേയും നാളുകളാണ് തെലങ്കാനക്കുണ്ടായിരുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാംസ്കാരികമായുമെല്ലാം വളരെ പിന്നാക്കാവസ്ഥയിലായിരുന്നു മേഖലയിലെ കർഷകർ. ഭൂവുടമകൾ അവരെ പലവിധം ചൂഷണം ചെയ്തു. അതേ സമയം തീരദേശആന്ധ്രയുടെ സ്ഥിതി മെച്ചമായിരുന്നു. മിഷണറി പ്രവർത്തനങ്ങൾ അവിടെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ ഭേദമാക്കിയിരുന്നു. തുറമുഖങ്ങൾ സാമ്പത്തികസ്ഥിതിക്ക് ഗുണം ചെയ്തിരുന്നു. ജീവിതം ദുസ്സഹമായപ്പോൾ നാൽപതുകളുടെ മധ്യത്തിൽ കർഷകർ സംഘടിച്ചിരുന്നു. പിന്നീട് നക്സലിസത്തിന് തെലങ്കാനയുടെ മണ്ണ് പ്രോത്സാഹനം നൽകിയതിന് പിന്നിലും അടിച്ചമർത്തലിന്‍റെ ആധിക്യം കൊണ്ടുവന്ന നിരാശയായിരുന്നു. 

സ്വാതന്ത്ര്യവും സംസ്ഥാന രൂപീകരണവുമെല്ലാം വലിയ വ്യത്യാസങ്ങൾ കൊണ്ടുവന്നു. തെലങ്കാന മേഖലയോടുള്ള അവഗണനയിലൊഴികെ. ആന്ധ്ര രൂപീകരണത്തിന് വേണ്ടി പോറ്റി ശ്രീമാമുലു 53 ദിവസം നിരാഹാരസമരം നടത്തിയതും മരിച്ചതുമാണ് തെലുങ്ക് സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. ആന്ധ്രയും തെലങ്കാനയും എല്ലാം ഒന്നായി. അന്നുമുതൽക്ക് തന്നെയുണ്ട് പ്രത്യേക തെലങ്കാനക്ക് വേണ്ടിയുള്ള മുറവിളി. ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റു പറഞ്ഞത് ആന്ധ്ര വികൃതിപ്പയ്യനെ പോലെയും തെലങ്കാന നിഷ്കളങ്കയുവതിയെ പോലെയും ആണെന്ന്.

അമ്പതുകളിൽ തന്നെ തുടങ്ങിയ തെലങ്കാന മുറവിളി ഇടക്കു മാത്രം ഒന്ന് ചെറുതായി എന്നാൽ ഒരിക്കൽ പോലും അണ മുറിയാതെ തുടർന്നു കൊണ്ടേയിരുന്നു. ഇന്ദിരാഗാന്ധിയുടെ ആറിനഫോർമുല, എൻ ടി രാമറാവുവിന്റെ ചില ശ്രമങ്ങൾ, തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയുടേയും കോൺഗ്രസിന്റേയും വാദ്ഗാനങ്ങൾ... രാഷ്ട്രീയത്തിന് നല്ല വളമായിരുന്നു തെലങ്കാന പ്രക്ഷോഭം. ഓരോ തവണയും പറ്റിക്കപ്പെട്ടപ്പോൾ ആവശ്യമുന്നയിച്ച് തെരുവിലിറങ്ങിയവർക്ക് ആവേശവും പ്രതിഷേധവും കൂടി. തെരുവുയുദ്ധങ്ങളായി പലപ്പോഴും സമരം. അക്രമങ്ങളും ആത്മാഹുതിയും പതിവായി. വിദ്യാർത്ഥികൾ തെരുവിലിറങ്ങി. നിരവധി പേർ മരിച്ചു. ശ്രീകൃഷ്ണ കമ്മീഷൻ ഇടപെടൽ റിപ്പോർട്ട് സമർപ്പിക്കലിൽ തീർന്നു. ജാതിയും സമ്പത്തും ഒക്കെയുണ്ടാക്കിയ തർക്കങ്ങളും പ്രശ്നപരിഹാരത്തിന് വിഘാതമായ ഘടകങ്ങളായി.
തെലുങ്കുദേശം പാ‍ർട്ടിയിൽ നിന്ന് രാജിവെച്ച കെ ചന്ദ്രശേഖരറാവു തെലങ്കാന രാഷ്ട്രസമിതി രൂപീകരിച്ചതോടെ തെലങ്കാന വാദത്തിന്‍റെ രാഷ്ട്രീപ്പോര് വീണ്ടും ശക്തമായി. വിവിധ കേന്ദ്രസർക്കാരുകളുടെ വാഗ്ദാനം, അതിനുള്ള കാത്തിരിപ്പ്.... ഇടക്ക് പ്രതീക്ഷയുടെ ഇടവേളയെടുത്ത പ്രക്ഷോഭം തുർന്നു കൊണ്ടിരുന്നു. ഒടുവിൽ വർഷങ്ങളുടെ സമരത്തിനൊടുവിൽ ഒരുപാടുപേരുടെ ചോരവീണ പാതയിലൂടെ ആന്ധ്രാപ്രദേശിൽ നിന്ന് തെലങ്കാന വേറിട്ടു.

2013 ജൂലൈ 31ന് തെലങ്കാന രൂപീകരണത്തിന് ശുപാർശ ചെയ്ത് കോൺഗ്രസ് പ്രവ‍ർത്തകസമിതി ഏകകണ്ഠേന പ്രമേയം പാസാക്കി. ഓഗസ്തിൽ തെലങ്കാന രൂപീകരണം പഠിക്കാൻ കേന്ദ്രം എ കെ ആന്‍റണിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഒക്ടോബർ 3ന് തെലങ്കാന രൂപീകരണത്തിന് കേന്ദ്രസർക്കാർ അംഗീകാരം. തൊട്ടടുത്ത കൊല്ലം, 2014 -ൽ ഫെബ്രുവരി മാസം ആന്ധ്രപ്രദേശ് പുന:സംഘടനാബില്ല് പാർലമെന്റ് പാസാക്കി. ആന്ധ്രപ്രദേശിന്‍റെ വടക്കുപടിഞ്ഞാറൻമേഖലയിലെ പത്ത് ജില്ലകൾ ഉൾപെടുത്തിയുള്ള പുതിയ സംസ്ഥാനത്തിനായുള്ള തീരുമാനം രാഷ്ട്രപതിയുടെ അംഗീകാരത്തിന് ശേഷം 2014 മാർച്ച് ഒന്നിന് ഔദ്യോഗികവിജ്ഞാപനമായി ഇറങ്ങി. ജൂൺ രണ്ടിന് പുതിയ സംസ്ഥാനം നിലവിൽ വന്നു. സംസ്ഥാനത്തിന്‍റെ പേരുള്ള പാർട്ടി, TRSന് ഭൂരിപക്ഷം കിട്ടിയതിന് പിന്നാലെ കെ ചന്ദ്രശേഖരറാവു ആദ്യമുഖ്യമന്ത്രി. രണ്ട് ഉപമുഖ്യമന്ത്രിമാരുൾപ്പെട്ട പതിനൊന്നംഗമന്ത്രിസഭ പുതിയ സംസ്ഥാനത്തിന്‍റെ ചുവടുവെയ്പുകളുടെ ഏകോപനം ഏറ്റെടുത്തു. 

പ്രക്ഷോഭത്തിന്‍റേയും പ്രതിഷേധങ്ങളുടേയും അടിച്ചമർത്തലുകളുടേയും അവഗണനയുടേയുമെല്ലാം ഭൂതകാലം പിന്നിലാക്കി പ്രതീക്ഷകളുടെ പുതിയ പാതയിലൂടെയുള്ള തെലങ്കാനയുടെ നടപ്പിന് എട്ടുവയസ്സേ ആയിട്ടുള്ളു. രാഷ്ട്രീയസമവാക്യങ്ങളുടെ പോരുവിളിയുടെ ഇരുളിച്ചക്ക് അപ്പുറമുള്ള ഒരു പാതയാണത്. ഭൂതകാലം നൽകുന്ന വീര്യത്തിൽ വർത്തമാനകാലത്തിന്‍റെ മാത്സര്യത്തിൽ സ്വപ്നസാക്ഷാത്കാരങ്ങളുടെ ഭാവിയിലേക്ക് നടക്കുകയാണ് തെലങ്കാന. 

(ചിത്രം By fraboof - ST831213, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=15083541)