ഈ ലോക്ക് ഡൗൺ കാലം എങ്ങനെ കഴിഞ്ഞു കൂടും എന്നുള്ള ആശങ്കകൾ പലരുടെ മനസ്സിലും കലശലായുണ്ട്. അവരിൽ പലരും അത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുമുണ്ട്. 

ഇന്നുരാവിലെ ഇന്ത്യയിലെ 130 കോടി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തന്റെ വീഡിയോ സന്ദേശം പുറപ്പെടുവിക്കുകയുണ്ടായി. അതിൽ അദ്ദേഹം, ഏപ്രിൽ അഞ്ചാം തീയതി ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക്, ഒമ്പതുമിനിറ്റുനേരം, കൊറോണാ വൈറസിനോടുള്ള പോരാട്ടത്തിന്റെ പ്രതീകമെന്നോണം ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് ടോർച്ചോ, മെഴുകുതിരിയോ, മൊബൈൽ ഫ്ലാഷോ ഒക്കെ കത്തിച്ചുപിടിക്കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ, ജനതാ കര്‍‌ഫ്യൂ പ്രഖ്യാപിച്ച സമയത്ത്, അദ്ദേഹം ആവശ്യപ്പെട്ടതും പ്രതീകാത്മകമായ മറ്റൊരു കാര്യം ചെയ്യാനായിരുന്നു. ആരോഗ്യപ്രവർത്തകരോടുള്ള പാത്രങ്ങൾ കൂട്ടിമുട്ടിച്ചോ, കയ്യടിച്ചോ ഒക്കെ നന്ദി പ്രകടിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ, അത് രാജ്യത്ത് വ്യാപകമായി പാലിക്കപ്പെട്ടിരുന്നു. അതിനു ശേഷമാണ്, തൊട്ടടുത്ത ദിവസം പകൽ അദ്ദേഹം അടുത്ത നാൾ മുതൽ 21 ദിവസം നീണ്ടുനിൽക്കുന്ന ലോക്ക് ഡൗണിലേക്ക് രാജ്യം പോവുകയാണ് എന്ന് പ്രഖ്യാപിച്ചത്. 

ഈ ലോക്ക് ഡൗൺ കാലം എങ്ങനെ കഴിഞ്ഞു കൂടും എന്നുള്ള ആശങ്കകൾ പലരുടെ മനസ്സിലും കലശലായുണ്ട്. അവരിൽ പലരും അത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുമുണ്ട്. രാജ്യം പൂർണ്ണമായ ലോക്ക് ഡൗണിലേക്ക് കടന്നിട്ട് ഇന്നേക്ക് പത്ത് നാൾ പിന്നിടുന്നു. ഈ അവസരത്തിൽ നടത്തിയ ഈ വീഡിയോ സമ്പർക്കത്തിൽ പ്രധാനമന്ത്രി പരാമർശിക്കാതെ വിട്ടുപോയ, എന്നാൽ പൊതുജനങ്ങളുടെ മനസ്സിനെ മഥിക്കുന്ന പത്ത് ആശങ്കകളാണ് ഇനി. 

1. അടുത്തടുത്ത് നടന്ന പല സംഭവങ്ങളിലും, ഉദാ. ഇൻഡോറിൽ, കൊറോണാ വൈറസ് ബാധയുണ്ടോ എന്ന് സംശയിക്കുന്നവരെ ക്വാറന്റൈനിൽ ആക്കാൻ വേണ്ടി പുറപ്പെട്ടുചെന്ന ഡോക്ടർമാരെ പൊതുജനം ആക്രമിക്കുന്നതായി കാണപ്പെട്ടിരുന്നു. അതിന് പ്രദേശവാസികളെ പ്രേരിപ്പിച്ചത് അവിടത്തെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളിലൂടെ വന്ന ചില നിർദേശങ്ങളും, വാട്ട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിച്ച അഭ്യൂഹങ്ങളുമാണ്. 

Scroll to load tweet…

ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് ഇന്നലെയാണ് ജനക്കൂട്ടം ആരോഗ്യപ്രവർത്തകരെ ആക്രമിച്ചത്. ഡോക്റ്റർമാർ, നഴ്സുമാർ ആശാവർക്കർമാർ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് വനിതാ ഡോക്ടർമാർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രദേശത്ത് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയത്. ഇതില്‍ ഒരു സംഘത്തിന് നേരെ ജനങ്ങൾ സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇത്തരത്തിൽ, രോഗത്തിന്റെ മുന്നിൽ സ്വന്തം ആരോഗ്യം വകവെക്കാതെ പൊരുതാൻ സന്നദ്ധരായി ഇറങ്ങിത്തിരിക്കുന്ന ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് തടയാൻ, അവർക്ക് സംരക്ഷണം നൽകാൻ എന്താണ് സർക്കാരിന് ചെയ്യാനാവുക ?

2. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ ആഹ്വനം നടപ്പിലാക്കുന്നതിന്റെ പേരും പറഞ്ഞുകൊണ്ട് വളരെ കർശനമായ നടപടികളാണ് ലോക്കൽ പൊലീസ് പലയിടത്തും. പലപ്പോഴും ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുകയും അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നടപടികൾ. കയ്യിലിരിക്കുന്ന ലാത്തിയെടുത്ത് കണ്മുന്നിൽ കാണുന്നവന്റെ നടുമ്പുറത്ത് പതിപ്പിച്ചുകൊണ്ടാണ് പല പൊലീസുകാരും തങ്ങളുടെ അമർഷം തീർത്തത്. 

Scroll to load tweet…

ചിലയിടത്ത് പൊലീസ് യുവാവെന്നോ വൃദ്ധനെന്നോ നോട്ടമില്ലാതെ കണ്മുന്നിൽ പെട്ട സകലരെയും പിടിച്ചു നിർത്തി നൂറ് ഏത്തം വീതം ഇടിച്ചു ചിലരെ പൊലീസ് റോഡിലൂടെ ഉരുളാനും, ഇഴഞ്ഞുനീങ്ങാനും, തവളച്ചാട്ടം ചാടാനും, സൈക്കിൾ തലക്കുമീതെ എടുത്തുകൊണ്ട് ഇരുന്നു നീങ്ങാനും ഒക്കെ പ്രേരിപ്പിച്ചു. ഇങ്ങനെ ഒരു മനുഷ്യപ്പറ്റുമില്ലാതെ മനുഷ്യരോട് പെരുമാറുന്ന പൊലീസുകാർക്ക് ഒരു സന്ദേശവും നല്കാത്തതെന്താണ് ?

3. കൊറോണാ ജിഹാദ്, തബ്‌ലീഗ് കോവിഡ് തുടങ്ങിയ പല പദങ്ങളും ഈയടുത്ത് പറഞ്ഞുകേട്ടു. രാജ്യം ഒറ്റക്കെട്ടായി ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് ചിലർ മാത്രം അതിനിടെ വർഗീയമായ വിളവെടുപ്പ് നടത്താനും വിഷം വമിപ്പിക്കാനും ശ്രമിക്കുന്നതായി കാണുന്നു. ഇങ്ങനെ വളരെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ വർഗീയവിഷം പടർത്തുന്നവരെ അഭിസംബോധന ചെയ്ത്, അവരെ അതിൽ നിന്ന് വിലക്കാത്തതെന്തുകൊണ്ടാണ്?

Scroll to load tweet…

4. നാട്ടിൽ ആവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാവില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടും, സ്വന്തം വീടുകളിലും ഗോഡൗണുകളിലുമൊക്കെ അനാവശ്യമായി അവശ്യസാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്നവരെ പിന്തിരിപ്പിക്കാൻ, അവർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം മടിക്കുന്നത് എന്തുകൊണ്ടാണ്?

Scroll to load tweet…

5. ദില്ലി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം, ബംഗാളിൽ രാമാനവമിയുടെ പേരിൽ ഭക്തർ ഒന്നിച്ചത്, പല പള്ളികളിലും ലോക്ക് ഡൗണിനെ ലംഘിച്ചുകൊണ്ട് പ്ലാൻ ചെയ്യപ്പെടുന്ന പ്രാർത്ഥനയോഗങ്ങൾ എന്നിങ്ങനെ മതവുമായി ബന്ധപ്പെട്ട് വിശ്വാസികൾ സാമൂഹിക അകലം പാലിക്കാതെ ഒത്തുചേരുന്നത് എങ്ങനെ തടയാം എന്നതിനെപ്പറ്റി ഒരു നിർദേശവും പുറപ്പെടുവിക്കാത്തത് എന്തുകൊണ്ടാണ്?

Scroll to load tweet…

6. മഹാനഗരങ്ങളിൽ കൂലിത്തൊഴിൽ ചെയ്തു ജീവിക്കുന്ന കുടിയേറ്റ തൊഴിലാളികളിൽ പലരും കരിമ്പട്ടിണിയിലാണ്. ഒരുഗതിയും പരഗതിയുമില്ലാതെ അവർ നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിച്ചും വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു. ചിലർ വഴിയിൽ വെച്ച് റോഡപകടത്തിൽ പെട്ട് മരിച്ചു പോകുന്നു. ചിലർ ഹൃദയാഘാതം വന്നും കുഴഞ്ഞു വീണുമെല്ലാം മരിക്കുന്നു. ഇങ്ങനെ, കുടിയേറ്റ തൊഴിലാളികൾക്കുണ്ടാകുന്ന ആശങ്കകൾ ദൂരീകരിച്ചുകൊണ്ട് അവർക്ക് വേണ്ടത് ചെയ്തുകൊടുക്കാൻ അതാത് സംസ്ഥാനങ്ങൾക്കുള്ള നിർദേശങ്ങളെപ്പറ്റി ഒന്നും തന്നെ പ്രധാനമന്ത്രിയുടെ സന്ദേശങ്ങളിൽ കാണാത്തത് എന്തുകൊണ്ടാണ്?

7. ലോക്ക് ഡൗൺ എന്ന് തീരും. അതുകഴിഞ്ഞാൽ എന്താണ് പ്ലാൻ എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ജനങ്ങളോട് ഒന്നും പറയാത്തതെന്താണ് പ്രധാനമന്ത്രി. ലോക്ക് ഡൗൺ കാലത്തെപ്പറ്റിയും, അതെന്നു തീരും എന്നതിനെപ്പറ്റിയും, അത് അനിശ്ചിതമായി നീളുമോ എന്നതിനെപ്പറ്റിയുമൊക്കെ നിരവധി ആശങ്കകൾ ജനത്തിനുണ്ട്. അതൊന്നും പ്രസംഗത്തിൽ പരാമർശിക്കാത്തത് എന്തുകൊണ്ടാണ് ?

Scroll to load tweet…

8. അന്നന്നത്തേക്കുള്ള വക അന്നന്ന് അധ്വാനിച്ച് കണ്ടെത്തുന്നവർ, പൊതുജനങ്ങളുമായി ഇടപെട്ടു കൊണ്ട് ബിസിനസ്സ് ചെയ്തിരുന്നവർ അങ്ങനെ പലർക്കും ഈ ലോക്ക് ഡൗൺ കാലം വല്ലാത്ത സാമ്പത്തിക ബാധ്യതകൾ സമ്മാനിക്കുന്ന ഒന്നാണ്. അതിനെ എങ്ങനെ മറികടക്കാനാകും എന്നതിനെപ്പറ്റി യാതൊന്നും തന്നെ ഇതുവരെ പറയാത്തത് എന്തുകൊണ്ടാണ്?

Scroll to load tweet…

9. പി എം കെയർ എന്ന പേരിൽ ഒരു ഫണ്ടിന് പ്രധാന മന്ത്രി രൂപം കൊടുത്തിട്ടുണ്ടല്ലോ. അതിന്റെ വിനിയോഗം ഏത് ദിശയിലായിരിക്കും എന്നതിനെപ്പറ്റിയും ഒരു വിശദീകരണവും ഇന്നോളം ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?

Scroll to load tweet…

10. നാട്ടിൽ പലരും പട്ടിണി അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ട് ലോക്ക് ഡൗൺ ആയതുകൊണ്ട്. അവരിൽ പലർക്കും ഫ്രീ റേഷൻ സംഘടിപ്പിക്കാൻ വേണ്ടത്ര പ്രാപ്തിയില്ല. അങ്ങനെ ചില സംസ്ഥാനങ്ങൾ കമ്യൂണിറ്റി കിച്ചൻ തുടങ്ങിയ പോലെ, സമൂഹത്തിൽ ഭക്ഷണം ആവശ്യമുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്തി, അവർക്കൊക്കെ ഭക്ഷണമെത്തുന്നുണ്ട് എന്നുറപ്പിക്കാത്ത എന്താണ്? ജനങ്ങളുടെ പട്ടിണിക്ക് പരിഹാരം കാണാനുള്ള മാർഗ്ഗത്തെപ്പറ്റി ഒന്നും തന്നെ പറയാത്തത് എന്തുകൊണ്ടാണ്?

Scroll to load tweet…

ഇങ്ങനെ പൊള്ളുന്ന ചോദ്യങ്ങൾ ആശങ്കകളുടെ രൂപത്തിൽ മനസ്സിൽ കൊണ്ടുനടക്കുന്ന ജനങ്ങൾക്ക് എങ്ങനെയാണ് അതെല്ലാം മറന്നുകൊണ്ട് പ്രതീകാത്മകമായ വെളിച്ചം തെളിയിക്കലുകളുടെ രൂപത്തിൽ പ്രതീക്ഷ നേടാൻ സാധിക്കുന്നത്? വയറു വിശക്കുന്നവന് എങ്ങനെയാണ് ഒരു മെഴുകുതിരിവെട്ടം വിശപ്പടക്കുന്നത്? ലോക്ക് ഡൗൺ തീരുമ്പോഴേക്കും കൊറോണ വന്നു മരിച്ചില്ലെങ്കിലും, താൻ പട്ടിണി കിടന്നു മരിച്ചുകൊള്ളും എന്ന് നിരാശ നിറഞ്ഞ സ്വരത്തിൽ പറയുന്ന പാവപ്പെട്ടവനുള്ള ഉത്തരങ്ങൾ എന്നാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശങ്ങളുടെ ഭാഗമാവുക?