200 വർഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിതയായ ക്രിസ്റ്റ പൈക്കിന്‍റെ വധശിക്ഷ 2026-ൽ നടപ്പാക്കാൻ തീരുമാനിച്ചു. സഹപാഠിയായ കോളിൻ സ്ലെമ്മറിനെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നതാണ് ക്രിസ്റ്റയുടെ പേരിലുള്ള കുറ്റം.
ടെന്നസി സംസ്ഥാനത്ത് കഴിഞ്ഞ 200 വര്‍ഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിതയായ ക്രിസ്റ്റ ഗെയിൽ പൈക്കിന്‍റെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിച്ചു. 2026 സെപ്റ്റംബർ 30 -ന് പൈക്കിന്‍റെ വധശിക്ഷ നടപ്പാക്കണമെന്നാണ് ടെന്നസി സംസ്ഥാന സുപ്രീം കോടതി ഉത്തരവിട്ടത്. ഈ വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ 200 വർഷത്തിന് ശേഷം ആദ്യമായി യുഎസിലെ ടെന്നസി സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യത്തെ സ്ത്രീയായി 49 കാരിയായ പൈക്ക് മാറുമെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു.
ക്രിസ്റ്റ ഗെയിൽ പൈക്കിന്‍റെ കുറ്റം
18 -ാം വയസിൽ സഹപാഠിയായ കോളിൻ സ്ലെമ്മറിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നതാണ് ക്രിസ്റ്റ ഗെയിൽ പൈക്കിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ക്രിസ്റ്റയും സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികളും ചേര്‍ന്ന് ടെന്നസിയിലെ നോക്സ്‌വില്ലെയിലെ കാട്ടിലേക്ക് സ്ലെമ്മറിനെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുകയും അവിടെ വച്ച് മൂന്ന് പേരും ചേര്‍ന്ന് കോളിനെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.
ഏതാണ്ട് അര മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ കോളിനെ മൂന്ന് പേരും ചേര്‍ന്ന് തല്ലിയും വെട്ടിയും പീഡിപ്പിച്ചും അതിക്രൂരമായ അക്രമണത്തിന് വിധേയയാക്കി കൊലപ്പെടുത്തുകയായിരുന്നു. പോലീസ് മൃതദേഹം കണ്ടെത്തുമ്പോൾ നെഞ്ചില്‍ ഒരു പെന്‍റഗ്രാം (Pentagram) ചിഹ്നം കൊത്തിവച്ചിരുന്നു. കോളിന്‍റെ തലയില്‍ ആസ്ഫാൽറ്റിന്‍റെ (Asphalt - വിദേശ രാജ്യങ്ങളിലെ റോഡ് ടാറിംഗ്) കഷ്ണം കൊണ്ട് തല അടിച്ച് തകർത്ത നിലയിലായിരുന്നു. ഇത് ചെയ്തത് ക്രസ്റ്റയാണെന്ന് പോലീസ് പിന്നീട് കണ്ടെത്തി.
കൊലപാതകത്തിന് പ്രേരണ
സഹപാഠിയുടെ അതിക്രൂരമായ കൊലപാതകത്തിന് നയിച്ചത് പ്രണയ വൈരാഗ്യമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ക്രിസ്റ്റയും കോളിനും 1995-ൽ ഒരു കരിയർ പരിശീലന പരിപാടിയായ നോക്‌സ്‌വില്ലെ ജോബ് കോർപ്‌സിലെ വിദ്യാർത്ഥികളായിരുന്നു. അന്ന് 18 വയസ്സുള്ള ക്രിസ്റ്റ പൈക്ക്, 19 വയസ്സുള്ള കോളിന്‍ തന്‍റെ കാമുകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ചു. ഇത് സംബന്ധിച്ച് സംസാരിക്കാനായാണ് ക്രിസ്റ്റ പൈക്ക്, കോളിൻ സ്ലെമ്മറിനെ സമീപത്തെ കാട്ടിലേക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ കൂട്ടിക്കൊണ്ട് പോയതെന്നും പോലീസ് പറയുന്നു.
മൂന്ന് ദിവസത്തിനുള്ളിൽ അറസ്റ്റ്
കൊലപാതകത്തിന് പിന്നാലെ കോളിൻ സ്ലെമ്മറിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം സൂക്ഷിച്ച ക്രിസ്റ്റ ഇത് സ്കൂളിലേക്ക് കൊണ്ട് പോവുകയും തന്‍റെ മറ്റ് സഹപാഠികളെ കാണിക്കുകയും ചെയ്തു. ഇതോടെ കൊലപാതകം നടന്ന് മൂന്നാം ദിവസം തന്നെ ക്രിസ്റ്റയെ പോലീസ് അറസ്റ്റ് ചെയ്തു. 1996 ല്‍ തന്നെ കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ ക്രിസ്റ്റ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പിന്നാലെ വധശിക്ഷയ്ക്ക് വിധിച്ചു. സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക സ്ത്രീ ക്രിസ്റ്റി. ഇത് മൂലം ആദ്യത്തെ 27 വർഷം അവര്‍ ഏകാന്ത തടവിലായിരുന്നു. അതിനിടെ പരോൾ പോലും നിഷേധിക്കപ്പെട്ടു. ക്രിസ്റ്റ കുട്ടിക്കാലത്ത് ശാരീരികവും ലൈംഗികവുമായ പീഡനങ്ങളും അവഗണനകളും നേരിട്ടിരുന്നെന്നും അവര്‍ക്ക് ബൈപോളാർ, പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ രോഗങ്ങളുണ്ടായിരുന്നെന്നും അവരുടെ അഭിഭാഷകന്‍ പറയുന്നു.


