ഒന്നിലധികം തവണ മയക്കുമരുന്നുമായി പിടികൂടുകയും അതിന് ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തയാളാണ് ടെറിൻ. എന്നാൽ, ഇപ്പോൾ വീണ്ടും ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
'ഈ ബാഗിൽ നിറയെ മയക്കുമരുന്നില്ല' എന്നെഴുതിയ ഒരു ബാഗുമായി പുറത്ത് പോകാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്തിനാണ് പേടിക്കുന്നത് അല്ലേ? ആ ബാഗിൽ മയക്കുമരുന്ന് ഇല്ലാതിരുന്നാൽ മതിയല്ലോ? എന്നാൽ, അങ്ങനെയൊരു ബാഗുമായി ഒരു യുവതി അറസ്റ്റ് ചെയ്യപ്പെട്ടു.
ഫ്ലോറിഡയിൽ നിന്നുള്ള യുവതിയാണ് 'ഉറപ്പായും ഈ ബാഗ് നിറയെ മയക്കുമരുന്ന് അല്ല' എന്ന് എഴുതിയ ബാഗുമായി അറസ്റ്റിലായത്. അതിലും വിചിത്രമായ കാര്യം ഈ ബാഗിൽ മയക്കുമരുന്നുണ്ടായിരുന്നു എന്നതാണ്. ബാഗിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതോടെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ടെറിൻ അക്രി എന്ന യുവതിയെയാണ് മയക്കുമരുന്നുമായി എത്തിയതിന് ഇപ്പോൾ ബ്രെവാർഡ് കൗണ്ടി ജയിലിൽ അടച്ചിരിക്കുന്നത് എന്ന് ഫോക്സ് 35 ഒർലാൻഡോയിലെ റിപ്പോർട്ട് പറയുന്നു. സമാനമായ കുറ്റങ്ങൾക്ക് ഇവർ നേരത്തെയും ജയിലിൽ ആയിരുന്നു. ഒന്നിലധികം തവണ മയക്കുമരുന്നുമായി പിടികൂടുകയും അതിന് ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തയാളാണ് ടെറിൻ. എന്നാൽ, ഇപ്പോൾ വീണ്ടും ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബ്രെവാർഡ് കൗണ്ടി ഷെരീഫിൻ്റെ ഓഫീസ് സംഭവത്തെ കുറിച്ച് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. അതിൽ വിശദമായി തന്നെ നേരത്തെ എവിടെ നിന്നൊക്കെയാണ് ടെറിനെ അറസ്റ്റ് ചെയ്തത് എന്നതും ശിക്ഷയെ കുറിച്ചും എല്ലാം എഴുതിയിട്ടുണ്ട്.
എന്തായാലും, ഇത്തവണ പട്രോളിംഗ് സംഘമാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ പരിശോധന നടത്തിയത്. അവരുടെ കയ്യിലുള്ള 'തീർച്ചയായും ഒരു ബാഗ് നിറയെ മയക്കുമരുന്ന് അല്ല' എന്ന് എഴുതിയ ബാഗും പൊലീസ് പരിശോധിച്ചു. അപ്പോഴാണ് അതിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുന്നതും വീണ്ടും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും. എന്തായാലും ടെറിൻ ഇപ്പോൾ വീണ്ടും ജയിലിലാണ്.
