സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മൂ ഡേംഗിന്റെ കഥ തായ് രാജകുമാരിയായ സിരിഭയുടെ ശ്രദ്ധയിലും പെടുകയായിരുന്നു. അങ്ങനെയാണ് നായയെ ദത്തെടുക്കാൻ അവർ തീരുമാനിക്കുന്നത്.
ഉടമകളോടുള്ള വിശ്വാസ്യതയ്ക്കും ഉപാധികളില്ലാത്ത സ്നേഹത്തിനും പേരുകേട്ട മൃഗങ്ങളാണ് നായകൾ. അത് തെളിയിക്കുന്ന അനേകം വാർത്തകൾ നാം കണ്ടുകാണും. അങ്ങനെയൊരു നായയായിരുന്നു മൂ ഡേംഗും. എന്നാൽ, അവന്റെ ദുഃഖത്തിന് ഒരു അന്ത്യമാവുകയാണ്. വജിറലോങ്‌കോൺ രാജാവിൻ്റെ അനന്തരവളും തായ്‌ലൻഡിലെ രാജകുമാരിയുമായ സിരിഭ ചുഡാബോൺ മൂ ഡേംഗിനെ ദത്തെടുത്തിരിക്കുകയാണ്.
മൂ ഡേംഗിന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. ഉടമ മരിച്ചുപോയതറിയാതെ ഒരു 7-Eleven സ്റ്റോറിന് മുന്നിൽ കാത്തുനിൽക്കുകയായിരുന്നു മൂ ഡേംഗ്. ഉടമ വരുമെന്ന പ്രതീക്ഷയിൽ അവൻ അവിടെ തന്നെ നിന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ മൂ ഡേംഗിന്റെ കഥ അറിഞ്ഞ ആളുകൾ അവന് വേണ്ടുന്ന പരിചരണം നൽകി. ഭക്ഷണം നൽകിയത് 7-Eleven സ്റ്റോറിലെ ജീവനക്കാരാണ്. അതുപോലെ ടോയ്സടക്കം പലതും ആളുകൾ അവനായി നൽകി. എന്നാൽ, ഉടമ വരാത്തതിന്റെ ദുഃഖം അവനെ വിട്ട് പോയില്ല.
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മൂ ഡേംഗിന്റെ കഥ തായ് രാജകുമാരിയായ സിരിഭയുടെ ശ്രദ്ധയിലും പെടുകയായിരുന്നു. അങ്ങനെയാണ് നായയെ ദത്തെടുക്കാൻ അവർ തീരുമാനിക്കുന്നത്. സിരിഭ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടതും. മൂ ഡേംഗിന്റെ ആരാധകരോട് അവനെ കുറിച്ചോർത്ത് വിഷമിക്കണ്ട എന്നും സിരിഭ പറഞ്ഞു. മാത്രമല്ല, അവന്റെ ശാരീരികാവസ്ഥ മാത്രമല്ല, അവന്റെ മാനസികമായ അവസ്ഥയും തന്നെ സ്പർശിച്ചു എന്ന് സിരിഭ പറഞ്ഞു.
ഇവിടുത്തെ 'ഹാച്ചിക്കോ' ആയിട്ടാണ് മൂ ഡേംഗ് അറിയപ്പെടുന്നത്. ഉടമ മരിച്ചതറിയാതെ അയാളുടെ തിരിച്ചു വരവിനായി പത്ത് വർഷത്തോളം കാത്തിരുന്ന വിശ്വസ്തനായ നായയാണ് 'ഹാച്ചിക്കോ'. ജപ്പാനിൽ നിന്നുള്ള ഹാച്ചിക്കോയുടെ കഥ ഏറെ പ്രശസ്തമാണ്.
