Asianet News MalayalamAsianet News Malayalam

Cannabis : ഈ രാജ്യത്ത് കഞ്ചാവ് ഇനി മയക്കുമരുന്നല്ല, വീടുകളില്‍ വളര്‍ത്താം

മെഡിക്കല്‍ ഉപയോഗത്തിനും ഗവേഷണങ്ങള്‍ക്കുമായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്റ്. 2018-ലാണ് തായ്‌ലാന്റില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്. 

Thailand removes cannabis from its drugs list
Author
Thailand, First Published Jan 28, 2022, 6:03 PM IST

കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയില്‍നിന്ന് ഒഴിവാക്കി തായ്‌ലാന്റ് സര്‍ക്കാര്‍ ഉത്തരവ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ വീടുകളില്‍ കഞ്ചാവ് വളര്‍ത്താമെന്നും സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നിയമത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ ഉപയോഗത്തിനും ഗവേഷണങ്ങള്‍ക്കുമായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്റ്. 2018-ലാണ് തായ്‌ലാന്റില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്. 

പുതിയ നിയമപ്രകാരം, വീടുകളില്‍ ആവശ്യത്തിനുള്ള കഞ്ചാവ് തൈകള്‍ വളര്‍ത്താനാനാവും. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇക്കാര്യം അറിയിച്ചിരിക്കണം. ഇങ്ങനെ വളര്‍ത്തുന്ന കഞ്ചാവ് വാണിജ്യാവശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും തായ്‌ലാന്റ് ആരോഗ്യ മന്ത്രി ആനുറ്റിന്‍ ഷാന്‍വിറാകുല്‍ പറഞ്ഞു. 

പുതിയ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. കഞ്ചാവിന്റെ നിയമപ്രകാരമുള്ള ഉപയോഗം, അവയുടെ ഉല്‍പ്പാദനം, വാണിജ്യ ഉപയോഗം, സാധാരണ ഉപയോഗം എന്നിവയെക്കുറിച്ചും കരടില്‍ വിശദമായ വ്യവസ്ഥകളുണ്ടാവും. അതിനു ശേഷം ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കണം. അതു കഴിഞ്ഞ് 120 ദിവസം കഴിഞ്ഞാലാണ് കഞ്ചാവ് വളര്‍ത്തല്‍ നിയമവിധേയമാവുകയെന്നും മന്ത്രി അറിയിച്ചു. 

പരമ്പരാഗത ഔഷധവ്യവസായം അടക്കമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ കഞ്ചാവ് ഉപയോഗിക്കാവൂ എന്ന് ഭക്ഷണ, മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റി കഴിഞ്ഞ ആഴ്ച വ്യ്ക്തമാക്കിയിരുന്നു. ഇക്കാര്യം ഉറപ്പു വരുത്തുന്നതിന് ഇടക്കിടെ പരിശോധനകള്‍ ഉണ്ടായിരിക്കും. 

സര്‍ക്കാറിനെയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളയോ അറിയിക്കാതെ കഞ്ചാവ് വളര്‍ത്തുന്നത് കുറ്റകരമായിരിക്കും. കുറ്റം തെളിയിക്കപ്പെട്ടാല്‍ പിഴ ശിക്ഷയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും. അതുപോലെ, ലൈസന്‍സില്ലാതെ കഞ്ചാവു വില്‍പ്പന നടത്തുന്നവരും ശിക്ഷിക്കപ്പെടുമെന്ന് കരട് രേഖ പറയുന്നു. 

കഞ്ചാവിനെ വാണിജ്യ വിളയാക്കി മാറ്റുന്നതിനുള്ള തായ്‌ലാന്റ് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. തായ്‌ലാന്റിലെ മൂന്നിലൊന്ന് തൊഴിലാളികളും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്.  

അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പേ യുഎന്‍ നാര്‍ക്കോട്ടിക്സ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ആ നടപടിയെ ഇന്ത്യ അടക്കം അന്ന് പിന്തുണച്ചിരുന്നു. ചൈന, പാകിസ്ഥാന്‍ തുടങ്ങി ഇന്ത്യയുടെ അയല്‍ രാജ്യങ്ങളടക്കമുള്ള നിരവധി രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോളാണ് അന്ന് ഇന്ത്യ യുഎന്‍ നടപടിയെ പിന്തുണച്ചത്. 

1961 മുതല്‍ മാരകമായ ലഹരിമരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിന്റെ സ്ഥാനം. കഞ്ചാവിനെ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റി ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തണമെന്ന് ലോക ആരോഗ്യ സംഘടന നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് യുഎന്‍ നാര്‍ക്കോട്ടിക്സ് കമ്മീഷന്റെ നടപടി വന്നത്.
 

Follow Us:
Download App:
  • android
  • ios