കണ്ടാൽ ഒരു പതുപതുപ്പുള്ള ബോൾ പോലെ ഇരിക്കുന്ന ചാരനിറത്തിലുള്ള ഒരു ഗോളം. അതിൽ നിന്ന് ചെറിയ അകലത്തിൽ ആ ഗോളത്തിന്റെ ഉടലാസകലം എറിച്ചു നിൽക്കുന്ന ചുവപ്പുനിറത്തിലുള്ള തൊങ്ങലുകൾ. പഞ്ചാരത്തരികളുടെ വലിപ്പത്തിലും ആകാരത്തിലും പ്രതലത്തിൽ തങ്ങി നിൽക്കുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചിലതും. ഇത്രയുമായാൽ കൊറോണാ വൈറസിന്റെ രൂപമായി. ഈ ചിത്രമാണ് നമ്മൾ കൊറോണാവൈറസുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാ കഥകളിലും വാർത്തകളിലും ഒക്കെ കണ്ടുപരിചയിച്ചിട്ടുള്ളത്. ഈ ചിത്രം ഏതെങ്കിലുമൊരു പത്രത്തിലെ കാർട്ടൂണിസ്റ്റിന്റെയോ ഇല്ലസ്ട്രേറ്ററുടെയോ മനോധർമത്തിനനുസരിച്ച് കോറിയിട്ട ഒന്നല്ല. മറിച്ച് ചിത്രകലാവൈദഗ്ധ്യവും ശാസ്ത്രജ്ഞാനവും ഒരുപോലെ പ്രാപിച്ചിട്ടുള്ള ഒരു ചില ആർട്ടിസ്റ്റുകൾ ചേർന്നു നടത്തിയിട്ടുള്ള വളരെ കൃത്യമായ ഒരു രൂപചിത്രണമാണ്. ശാസ്ത്രത്തിൽ ഇതിനു പറയുന്ന പേര്, 'ബയോമെഡിക്കൽ ആർട്ട്' എന്നാണ്. 

ഈ ചിത്രം കണ്ടാൽ ഇന്ന് ലോകത്തിന്റെ ഏതുഭാഗത്തുള്ള, ഏത് ഭാഷ സംസാരിക്കുന്ന എത്ര ചെറിയ നഴ്സറിക്കുട്ടിയും ഉടനടി ' ദാ കൊറോണാവൈറസ്' എന്ന് വിളിച്ചു കൂവും. അത്രയ്ക്കുണ്ട് ഈ ചിത്രത്തിന്റെ പ്രസിദ്ധി. അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഥവാ സിഡിസിയിലെ ബയോമെഡിക്കൽ ആർട്ടിസ്റ്റുകളായ അലീസ്സ എക്കേർട്ട്, ഡാൻ ഹിഗ്ഗിൻസ് എന്നിവർ ചേർന്നു വിഭാവനം ചെയ്തെടുത്ത നോവൽ കൊറോണാവൈറസ് അഥവാ സാർസ് കൊറോണ വൈറസ് 2 എന്ന സൂക്ഷ്മാണുവിന്റെ ചിത്രമാണിത്. ഈ രോഗാണുവാണ് ഇന്ന് ലോകത്തെമ്പാടും സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്ന 'കൊവിഡ് 19' എന്ന മഹാമാരിക്ക് കാരണം.  

നോവൽ കൊറോണ വൈറസ് 2019 അഥവാ SARS CoV - 2 എന്ന ഒരു പേരിൽ നിന്ന് ഇങ്ങനെയൊരു ചിത്രത്തിലേക്ക് ആർട്ടിസ്റ്റുകൾ എത്തിച്ചേർന്ന പ്രക്രിയയുടെ നാൾവഴികൾ പഠനവിധേയമാക്കപ്പെടേണ്ട ഒന്നാണ്. അത്, ഇങ്ങനെയൊരു പകർച്ചവ്യാധി പരത്തുന്ന ഭീതിയിൽ നിന്ന് മനസ്സിനെ വേർപെടുത്തി, കൃത്യമായ ഇല്ലസ്ട്രേഷൻ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് എങ്ങനെ ഒരു ആർട്ടിസ്റ്റിന്, രോഗാണുവിന്റെ ചിത്രീകരണത്തിലൂടെ ലോകത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനാകും എന്നതിന്റെ ക്‌ളാസിക് ഉദാഹരണമാണിത്. 

'CDC ബയോമെഡിക്കൽ  ആർട്ടിസ്റ്റ് ടീം '

സിഡിസിയിലെ മെഡിക്കൽ ആർട്ടിസ്റ്റുകളായ അലീസ്സ എക്കേർട്ട്, ഡാൻ ഹിഗ്ഗിൻസ് എന്നിവരെ കൊറോണാവൈറസിന്റെ ഒരു ക്ളോസപ്പ് ചിത്രം വരച്ചുനൽകാനുള്ള ചുമതല ഏല്പിക്കപ്പെട്ടപ്പോൾ അവർ ഒരു നിമിഷം ആലോചിച്ചു. 'കണ്ണിൽ കാണാൻ സാധിക്കാത്ത' ഒന്നിനെ കാഴ്ചയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ദൗത്യം. 'ഓട്ടോഡെസ്ക് 3Ds മാക്സ്' എന്ന പ്രൊഫഷണൽ ഇല്ലസ്ട്രേഷൻ സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അവർ ഈ ചിത്രം വരച്ചെടുത്തത്. വെറും ഒരാഴ്ചത്തെ പരിശ്രമം കൊണ്ടാണ്, നിരവധി തവണ മാറ്റിവരച്ചിട്ടാണ് എങ്കിലും, ഈ അന്തിമരൂപത്തിലേക്ക് അവർ എത്തിച്ചേരുന്നത്. 

" എന്നും എഴുന്നേൽക്കുമ്പോൾ, ഇന്ന് ഏത് രോഗത്തെയാണ്, ഏത് രോഗാണുവിനെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നറിയാതെയാണ് ഞാൻ തയാറായി സിഡിസിയിലെക്ക് പോകുന്നത്. എന്നാൽ, ഞാൻ അവിടെ വരയ്ക്കുന്ന ചിത്രം എന്തുതന്നെ ആയാലും അത് ജനങ്ങളുടെ സുരക്ഷയ്ക്കും, ആരോഗ്യത്തിനും ഉതകുന്നതാകും എന്നെനിക്ക് ഉറപ്പുണ്ട്.താൻ സിഡിസിക്കുവേണ്ടി രോഗാണുക്കളുടെയും രോഗം പരത്തുന്ന പക്ഷി മൃഗാദികളുടെയും ഒക്കെ ചിത്രങ്ങൾ വരയ്ക്കുന്ന തൊഴിലിൽ അല്ലായിരുന്നു എങ്കിൽ വല്ല പിക്‌സാറിനും വേണ്ടി അനിമേഷൻ ചിത്രങ്ങൾ വരച്ചിരുന്നേനെ... " അലീസ്സ പറയുന്നു. 

ചിത്രത്തിലെ ഓരോ ഭാഗത്തെയും അടയാളപ്പെടുത്തിക്കൊണ്ടുള്ള ഒരു വേർഷൻ കൂടി സിഡിസി പുറത്തുവിട്ടിട്ടുണ്ട്. ചുവന്ന നിറത്തിൽ കാണുന്ന ആ മുള്ളുപോലുള്ള ഭാഗത്തെ 'സ്പൈൻ' എന്നാണ് അവർ വിളിക്കുന്നത്. അതാണ് വൈറസിലെ എസ് പ്രോട്ടീൻ. ഈ സ്പൈനുകൾക്ക് മനുഷ്യശരീരത്തിൽ കോശങ്ങളോട് മറ്റുള്ള വൈറസ് കോശങ്ങളെക്കാൾ പത്തിരട്ടി അധികം ബലത്തിൽ ചേർന്നു നിൽക്കാനുള്ള ശേഷിയുണ്ട്. അതാണ് കൊറോണാ വൈറസിനെ കൂടുതൽ മാരകമാക്കുന്ന ഒരു കാര്യം. ചാരനിറത്തിലുള്ള ഗോളപ്രതലത്തിൽ കിടക്കുന്ന മഞ്ഞത്തരികളാണ് ഇ പ്രോട്ടീനുകൾ. ഓറഞ്ചു തരികൾ എം പ്രോട്ടീനുകളും. 

കൊവിഡ് 19 പരത്തുന്ന സാർസ് കൊറോണവൈറസ് 2 -നെ റോക്കി മൗണ്ടൻ ലാബ്സ് എന്നൊരു സ്ഥാപനവും ചിത്രത്തിൽ പകർത്തിയിരുന്നു. എന്നാൽ, ഈ ചിത്രം, സിഡിസിയുടെ ചിത്രത്തിന്റെ അത്ര സ്പഷ്ടമല്ല. എന്നുമാത്രമല്ല, ആ ചിത്രണത്തിന് മറ്റു പല കൊറോണാ വൈറസുകളുമായി രൂപസാദൃശ്യമുണ്ട് എന്ന് അവർതന്നെ സമ്മതിക്കുന്നുമുണ്ട്. ആ ചിത്രം ഒരു ഓർബിറ്റിൽ കറങ്ങുന്ന 3D രൂപമായി അനുഭവപ്പെടും. ചിത്രത്തിൽ തെരഞ്ഞെടുത്തിരിക്കുന്നു വർണ്ണങ്ങളുടെ വിന്യാസം പോലും, പാംഫ്‌ലെറ്റുകളിലും മറ്റും പ്രിന്റ് ചെയ്തു വരുമ്പോൾ എളുപ്പത്തിൽ ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ കണക്കാക്കിയുള്ളതാണ്. 

രണ്ടു കാര്യങ്ങളാണ് ഈ  ചിത്രീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒന്ന്, ഈ വൈറസ് വളരെ ഗൗരവമായി കണക്കാക്കേണ്ട ഒന്നാണ്. അതിന്റെ ഭീകരത, അത് പടർത്തുന്ന മരണത്തിന്റെ ദുരന്തം ഒക്കെ ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ, അതേ സമയം, ആജ്ഞേയമായ ഒന്നല്ല ഈ വൈറസ് എന്നും, കൃത്യമായ ഒരു ചിത്രത്തിലേക്ക് അതിനെ ഒതുക്കാൻ ശാസ്ത്രത്തിനായി എന്നതും ചിത്രം മുന്നോട്ടുവെക്കുന്ന ഒരു സന്ദേശമാണ്. "നിങ്ങളുടെ പരിപൂർണ്ണ ശ്രദ്ധ ഞങ്ങൾ ആവശ്യപ്പെടുന്നു", "നിങ്ങളെ കാര്യം മനസ്സിലാക്കാൻ ഞങ്ങൾ സഹായിക്കാം " എന്നീ രണ്ടു സമീപനങ്ങൾക്കിടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെയാണ് ഈ ചിത്രണം സഞ്ചരിക്കുന്നത്. എന്താണോ ഈ സമയത്ത് ഒരു മെഡിക്കൽ ഇല്ലസ്ട്രേറ്ററിൽ നിന്ന് പ്രതീക്ഷിക്കുന്നത് ആ ധർമ്മം നൂറുശതമാനം നിറവേറ്റുന്ന ഒന്നാണ് കൊറോണാ വൈറസിന്റെ ഈ ചിത്രാവിഷ്‌കാരം.