മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്‍തത് കഴിഞ്ഞ ദിവസമാണ്. ഈ യുവാക്കളുടെ വീട്ടില്‍നിന്നും ലഘുലേഖകളും പുസ്‍തകങ്ങളും കണ്ടെത്തി എന്നും പൊലീസും മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിക്കുകയും ചെയ്‍തു. എന്നാല്‍, വായിക്കുന്നതെങ്ങനെയാണ് അറസ്റ്റിനുള്ള കാരണമാകുന്നതെന്ന ചോദ്യം പുറത്ത് ശക്തമാവുന്നു. ഇരുവരുടെയും അറസ്റ്റില്‍ പ്രതിഷേധവും ശക്തി പ്രാപിക്കുന്നു. താഹയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി എന്നുപറഞ്ഞ് പൊലീസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന പുസ്‍തകം പ്രഭാഷകനും മതപണ്ഡിതനും മാധ്യമം ഗ്രൂപ്പ് എഡിറ്ററുമായ ഒ. അബ്‍ദുറഹ്മാന്‍ രചിച്ച 'മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങള്‍ക്ക് മറുപടി' ആണ്. എന്താണ് ഈ പുസ്‍തകത്തിന്‍റെ ഉള്ളടക്കം? അത്  മാവോയിസ്റ്റ് സാഹിത്യമാണോ? എന്തുകൊണ്ടാണ് ഈ പുസ്‍തകത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്? ഈ യുവാക്കളുടെ അറസ്റ്റിനെ ന്യായീകരിക്കുന്നുണ്ടോ? ഒ. അബ്‍ദുറഹ്മാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

'മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങള്‍ക്ക് മറുപടി' എന്ന താങ്കളുടെ പുസ്തകം കൈയില്‍വെച്ചുവെന്ന് പറഞ്ഞാണ് താഹ എന്ന യുവാവിനെ കേരള പൊലീസ് യു എ പി എ പ്രകാരം അറസ്റ്റ് ചെയ്തത്. എന്ത് തോന്നുന്നു?

2011 -ല്‍ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ചതാണ് ഈ സമാഹാരം (മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങള്‍ക്ക് മറുപടി). അതൊരു സമാഹാരമാണ്. അതുവരെ 'പ്രബോധനം' വാരികയിലൂടെ നല്‍കിയ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. ഏതാണ്ട് 400 പേജുള്ള ആ പുസ്‍തകം അന്നുമുതല്‍ ഇന്നുവരെ ആളുകള്‍ വായിക്കുന്നുണ്ട്. അത് അന്നുമുതല്‍ പ്രചാരത്തിലുള്ള പുസ്‍തകമാണ്. നിരോധിക്കപ്പെട്ടതല്ല ഒന്നുമല്ല ഇതാണ് അതിന്‍റെ വസ്‍തുത. ഇതുവരെ ആ പുസ്‍തകത്തെ കുറിച്ച് ഒരു പരാതിയും വന്നിട്ടില്ല. പുസ്‍തകത്തോട് ചിലപ്പോള്‍ വിയോജിപ്പുണ്ടായേക്കാം. അതല്ലാതെ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും ഉയര്‍ന്നു വന്നിട്ടില്ല.

താഹയുടെ വീട്ടില്‍നിന്ന് പിടികൂടിയത് മാവോയിസ്റ്റ് സാഹിത്യം ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. അത് മാവോയിസ്റ്റ് പുസ്തകമാണോ?

അതേ, മാവോയിസവുമായ ബന്ധപ്പെട്ട യാതൊന്നും തന്നെ ഈ പുസ്‍തകത്തിലില്ല. പൊലീസ് കൊടുത്ത വിവരം അതുപോലെ തന്നെ പറഞ്ഞതാണ് മുഖ്യമന്ത്രി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പൊലീസുകാരാണെങ്കില്‍ ആ പുസ്‍തകം വായിച്ചുനോക്കുകയോ അതിന്‍റെ ഉള്ളടക്കമെന്താണ് എന്ന് മനസിലാക്കുകയോ ഒന്നും ചെയ്യാതെയാണ് ഓരോന്ന് പറയുന്നത്. ആ പൊലീസ് പറഞ്ഞിരിക്കുന്ന വിവരം അപ്പാടെ മുഖ്യമന്ത്രി മുഖവിലക്കെടുത്തുവെന്ന് പറയുന്നത് ദൗര്‍ഭാഗ്യകരം എന്നേ പറയാനാവൂ. 

മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങള്‍ക്ക് മറുപടി എന്ന സത്യത്തില്‍, എന്താണ് പറയുന്നത്? അതിന്റെ ഉള്ളടക്കമെന്താണ്?

ഇസ്ലാമിനെക്കുറിച്ചും മൊത്തം ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ചും ലോകവ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. അത് തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്ന മട്ടില്‍. പ്രത്യേകിച്ച് സപ്‍തംബര്‍ 11 -ന്‍റെ ആക്രമണത്തിന് ശേഷം, അമേരിക്കയുടെ നേതൃതത്തില്‍ നടക്കുന്ന ആ പ്രചരണം ശക്തമായി. അതേത്തുടര്‍ന്ന് പല ആളുകള്‍ക്കും പലതരം സംശയങ്ങളുണ്ടായി. ആ സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഈ പുസ്‍തകത്തിലെ ഏറെ ഭാഗവും. താത്വികമായിട്ടുള്ളതാണ് അത്. അടിസ്ഥാനപരമായി ഇസ്ലാം തീവ്രവാദത്തെ നിരാകരിക്കുന്നു. അത് സമാധാനത്തിന്‍റെ മതമാണ് എന്നാണ് അതിലെ ഒരു വശം. മറ്റൊന്ന് സാമ്രാജ്യത്വത്തിനെതിരായ കാര്യങ്ങളാണ്. മൂന്നാമതൊന്ന്, മാര്‍ക്സിസം ഇസ്ലാമിനെ എതിര്‍ക്കുമ്പോള്‍ മാര്‍ക്സിസം എന്താണ് യഥാര്‍ത്ഥത്തില്‍ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്. എന്നാല്‍, മാവോയിസത്തെ പറ്റി ഒന്നും ഇല്ലായെന്ന് മാത്രമല്ല, എല്ലാതരം തീവ്രവാദത്തെയും മുസ്ലിം തീവ്രവാദത്തെ അടക്കം നിരാകരിക്കുന്നതാണ് ഈ പുസ്‍തകത്തിന്‍റെ ഉള്ളടക്കം. 

ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്ന യുവാക്കളെ അറസ്റ്റ് ചെയ്യുകയും, പുസ്തകങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്ന സംഭവമാണിത്. എങ്ങനെയാണ് ഇതിനെ കാണുന്നത്?

ഈ തീവ്രവാദത്തെ നേരിടേണ്ടത് ആശയപരമായിട്ടാണ്. അത് പൊലീസ് നടപടികളിലൂടെ ഇല്ലാതെയാക്കാന്‍ കഴിയുന്ന ഒന്നേയല്ല. അതേ അവസരത്തില്‍ ഭീകരവാദത്തിലേക്ക് പോയാല്‍ ആയുധമെടുക്കലടക്കമുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യേണ്ടി വന്നേക്കാം. അതിനിത്തരം പൊലീസ് നടപടികളുമൊക്കെത്തന്നെ വേണ്ടിവരും. അതിനെ ഞാനും അനുകൂലിക്കുന്നു. എന്നാല്‍, ടെററിസവും മാവോയിസവും തുല്യമല്ലല്ലോ? ഇപ്പോള്‍ മാവോയിസം എന്ന് പറയുന്നത് ആശയതലത്തില്‍ നടക്കുന്ന ഒരു പ്രചരണമാണ്. മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മാവോയിസത്തോട് നൂറ് ശതമാനവും വിയോജിക്കുന്ന ആളാണ് ഞാന്‍. പക്ഷേ, അത് സംബന്ധിച്ച പുസ്‍തകങ്ങള്‍ വായിച്ചൂടാ, അതുസംബന്ധിച്ച ലഘുലേഖകള്‍ കൊണ്ടുനടന്നൂടാ, എന്നൊക്കെ പറഞ്ഞാല്‍ ജനാധിപത്യത്തിന്‍റെ നിഷേധമാണ്. തീര്‍ച്ചയായും അതിനെ അനുകൂലിക്കാന്‍ വയ്യ. ഈ കുട്ടികളെ അതിന്‍റെ പേരില്‍ മാത്രം UAPA ഉപയോഗിച്ചുകൊണ്ട് അറസ്റ്റ് ചെയ്യുന്നതില്‍ ഒരു ന്യായീകരണവും ഇല്ല. UAPA എന്നതുതന്നെ ഒരുതരത്തില്‍ സ്റ്റേറ്റ് ഭീകരതയുടെ ഒരു ആയുധം മാത്രമാണ്. തുടക്കം മുതല്‍ക്കുതന്നെ ഞാനതിനെ എതിര്‍ത്തുവന്നിട്ടുണ്ട്. സിപിഎമ്മും അതിനെ എതിര്‍ത്തിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. 

ഈ സംഭവം കേരള സര്‍ക്കാറിന്റെയും പൊലീസിന്റെയും മാവോയിസ്റ്റ് വേട്ടയുടെ തനിസ്വഭാവം പുറത്ത് കാണിക്കുന്നുണ്ടോ?

UAPA പോലുള്ള നിയമങ്ങളുപയോഗിച്ചുകൊണ്ട് ഇന്ത്യയില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കുക എന്നുള്ള പാതയിലേക്കാണ് കേന്ദ്ര ഗവണ്‍മെന്‍റും സംസ്ഥാന ഗവണ്‍മെന്‍റും നീങ്ങുന്നത്. സത്യത്തില്‍ ആദിവാസികളിലൊക്കെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ഈ മാവോയിസ്റ്റ് പ്രസ്ഥാനം വളരാന്‍ തന്നെ കാരണമായത് ആദിവാസികളുടെ വളരെ ദയനീയമായ ജീവിതമാണ്. ആ ജീവിതസാഹചര്യങ്ങളെ മാറ്റാന്‍ കഴിയാതെ അതിന്‍റെ പേരില്‍ ആളുകളെ പിടികൂടുകയോ, പിടികൂടാതെ വെടിവെക്കുകയോ ഒക്കെ ചെയ്യുന്ന സംഭവങ്ങള്‍ അത്തരം പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയല്ലാതെ നശിപ്പിക്കും എന്ന് ഞാന്‍ കരുതുന്നില്ല. ഇതിനെതിരായി വേണ്ടത് ശക്തമായ ബോധവല്‍ക്കരണമാണ്. ശക്തമായ പ്രചാരണമാണ്. ആശയതലത്തില്‍... മറുഭാഗത്ത്, ആയുധങ്ങളെടുത്തുകൊണ്ട് സായുധപ്രസ്ഥാനങ്ങളിലേക്ക് ആ ചെറുപ്പക്കാര്‍ പോകുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും തടയപ്പെടേണ്ടത് തന്നെയാണ്. അതുപക്ഷേ, ഇങ്ങനെ എന്തെങ്കിലും പുസ്‍തകം വായിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന തരത്തിലേക്ക് നീങ്ങേണ്ടതാണെന്ന് എനിക്ക് അഭിപ്രായമില്ല. 

താങ്കള്‍ എഴുതിയ പുസ്തകം മാവോയിസ്റ്റ് സാഹിത്യമായി കണ്ടെടുത്ത പൊലീസ് നടപടിയെ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?

അവര്‍ക്ക് ആ യുവാവിന്‍റെ വീട്ടില്‍നിന്നും കിട്ടിയ പുസ്‍തകം അതായത് കൊണ്ടാണ് അതിനെ മാവോയിസ്റ്റ് സാഹിത്യം എന്ന് വിശേഷിപ്പിച്ചിട്ടുണ്ടാവുക. അതിനെ അപ്പോള്‍ അങ്ങനെ വിശേഷിപ്പിക്കുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗങ്ങളുണ്ടായിക്കാണില്ലല്ലോ. അതവിടെ യാദൃച്ഛികമായി കണ്ട പുസ്‍തകമാണ്. അവരത് നോക്കുകയോ, വായിക്കുകയോ ഒന്നും ചെയ്‍തിട്ടുണ്ടാവില്ല. കിട്ടിയപ്പോള്‍, എന്തെങ്കിലുമൊന്ന് കിട്ടി എന്ന് പറഞ്ഞിട്ടുവേണ്ടേ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍. അതിനുവേണ്ടി തല്‍ക്കാലം കണ്ടെത്തിയ മാര്‍ഗ്ഗമായിരിക്കണം. അല്ലാതെ, ഇത് ഒരുതരത്തിലും അങ്ങനെയൊരു പുസ്‍തകമേയല്ല. ആണെങ്കില്‍ ആ പുസ്‍തകത്തിനെതിരെ തന്നെ നടപടിയുണ്ടാവുമായിരുന്നില്ലേ? എട്ട് വര്‍ഷത്തോളമായി അങ്ങനെയൊരു പുസ്‍തകം ഉണ്ടെങ്കില്‍ കണ്ടെത്താനോ നിരോധിക്കാനോ കഴിയാത്തത് ആരുടെ പരാജയമാണ്?

ഇങ്ങനെയൊക്കെ ചെറുപ്പക്കാര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ തുടങ്ങിയാല്‍ കേരളത്തിന്റെ ചിന്തിക്കുന്ന തലമുറയുടെ അവസ്ഥ എന്താവും?

വായിക്കാത്ത, പ്രതികരിക്കാത്ത രീതിയിലേക്ക് ഒരു തലമുറ മാറുമോ എന്ന് ഭയക്കേണ്ടതുണ്ട്. പക്ഷേ, അപ്പോഴും എനിക്ക് ശുഭപ്രതീക്ഷയുണ്ട്, കാരണം യുവാക്കളില്‍ വായനാബോധം വളരുക തന്നെ ചെയ്യും. ഇങ്ങനെയുള്ള നടപടികള്‍ കൊണ്ടൊന്നും അവരുടെ വികാരം അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നേയില്ല. പ്രത്യേകിച്ച്, സോഷ്യല്‍ മീഡിയ വളരെ സജീവമായി നിലനില്‍ക്കുന്നൊരു സമയത്ത് ഇത്തരം നടപടികളൊക്കെ ഉണ്ടാക്കുക അവര്‍ പ്രതീക്ഷിക്കുന്നതിന്‍റെ വിപരീതഫലമാണ്. തീര്‍ച്ചയായും ഇത്തരം അറസ്റ്റുകളെയും നടപടികളെയും വെല്ലുവിളിക്കുന്നൊരു തലമുറ തന്നെ ഇവിടെയുണ്ടാകും എന്നുതന്നെ ഞാന്‍ കരുതുന്നു.