ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് കയ്യിൽ യന്ത്രത്തോക്കുമേന്തി തലങ്ങും വിലങ്ങും പായുന്ന സ്‌പെഷൽ ടാസ്ക് ഫോഴ്‌സ് കമാൻഡോകൾ സാധാരണ തീവ്രവാദി അക്രമണങ്ങളിൽ പതിവുള്ള തത്സമയകാഴ്ചയാണ്. എന്നാൽ, 2019 ജനുവരി 15 -ന് അൽശബാബ് എന്ന തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ നെയ്‌റോബിയിലെ Dustit  D2 ഹോട്ടലിൽ കടന്നുകയറി നടത്തിയ അക്രമണത്തെക്കുറിച്ചുള്ള വിവരം പുറംലോകമറിഞ്ഞുതുടങ്ങിയ ഉടനെ ടെലിവിഷൻ ചാനലുകളിൽ പ്രക്ഷേപണം ചെയ്യപ്പെട്ട ദൃശ്യങ്ങളിൽ കണ്ടത് അതൊന്നുമല്ലായിരുന്നു.

അവിടെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് തീർത്തും യാദൃച്ഛികമായി അവിടെ സന്നിഹിതനായിരുന്ന ഒരാളായിരുന്നു. സംഭവവശാൽ തീവ്രവാദികളെ നിർവീര്യമാക്കാനുള്ള പരിശീലനം സിദ്ധിച്ച ഒരാളും. ബാക്ക് അപ്പ് ഫോഴ്‌സ് വരുന്നതുവരെ കാക്കാൻ  അയാൾക്ക് മനസ്സുവന്നില്ല. കയ്യിലുണ്ടായിരുന്ന പ്രൊട്ടക്ഷൻ ഗിയർ ധരിച്ച്, ആകെയുണ്ടായിരുന്ന ഒരു അസാൾട്ട് റൈഫിൾ കയ്യിലെടുത്ത് അയാൾ ഇറങ്ങി. സ്വന്തം രാജ്യത്തല്ല എന്ന കാര്യം പോലും മറന്ന് അയാൾ, കേവലം മനുഷ്യത്വത്തിന്റെ പുറത്ത്, ആ പ്രശ്നത്തിൽ ഇടപെട്ട്, തന്റെ ദീർഘകാലത്തെ രഹസ്യസേനാ പ്രവൃത്തിപരിചയം പ്രയോജനപ്പെടുത്തി, നാലിൽ രണ്ടു ഭീകരരന്മാരെ വെടിവെച്ചു കൊല്ലുകയും, ഒപ്പം എഴുനൂറോളം കെനിയൻ പൗരന്മാരെ സുരക്ഷിതമായി പുറത്തിറക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു.  സുരക്ഷാകാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ സാധിക്കാത്തതുകൊണ്ട് നമുക്ക് ആ കമാൻഡോയെ മൈക്ക് എന്ന് വിളിക്കാം. 

ബ്രിട്ടന്റെ വിശ്വപ്രസിദ്ധമായ കമാൻഡോ സേനകളിൽ ഒന്നാണ് SAS അഥവാ സ്‌പെഷ്യൽ എയർ സർവീസസ്. 22 SAS -ന്റെ ഭാഗമായി  18 വർഷത്തോളം ബാൽക്കൻസിലും, ഇറാഖിലും, അഫ്‌ഗാനിസ്ഥാനിലും, വടക്കൻ അയർലൻഡിലും ഒക്കെ സേവനമനുഷ്ഠിച്ചിട്ടുള മൈക്ക്, ആ ആക്രമണം നടക്കുന്ന ദിവസം അവിടെ നെയ്‌റോബിയിൽ തീവ്രവാദികൾ ലക്ഷ്യമിട്ട ഹോട്ടലിന് തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നത് തികച്ചും യാദൃച്ഛികം മാത്രമായിരുന്നു. രാജ്യത്തെ തദ്ദേശീയരായ സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡോകൾക്ക് SAS ലെവൽ പരിശീലനം നല്കാൻ വേണ്ടി മാത്രം കെനിയൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് നെയ്‌റോബിയിലേക്ക് പറന്നെത്തിയതായിരുന്നു മൈക്ക്. 

ഹോട്ടലിന്റെ ലോബിയിലേക്ക് സിവിൽ ഡ്രസ്സിൽ കടന്നുവന്ന അഞ്ച്  തീവ്രവാദികളിൽ ഒരാൾ ദേഹത്ത് ധരിച്ചിരുന്ന സൂയിസൈഡ് വെസ്റ്റ് പ്രവർത്തിപ്പിച്ച് സ്വയം പൊട്ടിത്തെറിക്കുന്നതോടെയാണ് ആക്രമണം തുടങ്ങുന്നത്.  കാർപാർക്കിങ്ങിൽ രണ്ടാമത്തെ സ്ഫോടനം. നാലു തീവ്രവാദികൾ യന്ത്രത്തോക്കുകളും കയ്യിലേന്തി കണ്ണിൽ കാണുന്നവരെയൊക്കെ വെടിവെച്ചുകൊന്നുകൊണ്ട് ഹോട്ടലിന്റെ ലോബിയുടെ നടന്നുനീങ്ങുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ അതേ പാറ്റേൺ. ഹോട്ടലിന് പുറമെ ആ കെട്ടിടത്തിൽ ഒരു ബാങ്കും ഉണ്ടായിരുന്നതുകൊണ്ട് വിദേശികൾ സ്ഥിരമായി വന്നുപോയിരുന്നു. അതുതന്നെയാണ് തീവ്രവാദികൾ ആ  ഹോട്ടൽ തന്നെ തെരഞ്ഞെടുക്കാൻ കാരണം. 
 


ആരുടെയും നിർദ്ദേശപ്രകാരമല്ല മൈക്ക്  ആ സംഘർഷത്തിനിടെയിലേക്ക് എടുത്തുചാടിയത്. അടിസ്ഥാന സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നു എങ്കിലും, ആ ഇടപെടലിൽ അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാകാനുള്ള സാധ്യത വളരെ അധികമായിരുന്നു. വെടിയൊച്ചകൾ ഉയർന്നു കേട്ടപ്പോൾ അത് തീവ്രവാദ ആക്രമണമാണ് എന്ന് മനസ്സിലാക്കാൻ നിമിഷനേരം മാത്രമേ അദ്ദേഹമെടുത്തുള്ളൂ. തീവ്രവാദികൾ കയറിയ ഹോട്ടലിൽ നിന്ന് പരമാവധി ദൂരത്തേക്ക്, കിട്ടിയ വാഹനത്തിൽ കയറി രക്ഷപ്പെടുക എന്നതാകും സ്വാഭാവികമായും അഭികാമ്യമായ പ്രവൃത്തി. എന്നാൽ, സഹജീവികളുടെ പ്രാണൻ അപകടത്തിലായ ആ അവസരത്തിൽ തനിക്ക് സിദ്ധിച്ചിരുന്ന തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ ട്രെയിനിങ് അവരെ രക്ഷപ്പെടുത്താൻ ഉപയോഗിക്കാതിരിക്കാൻ മൈക്കിന് സാധിച്ചില്ല. രണ്ടും കൽപ്പിച്ച് അദ്ദേഹം തന്റെ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് എടുത്തണിഞ്ഞു. കയ്യിലുണ്ടായിരുന്നത് ഒരു കോൾട്ട് കാനഡ C8  സ്‌പെഷ്യൽ ഫോഴ്സസ് വെപ്പൺ ആണ് അതും കയ്യിലേന്തി അദ്ദേഹം നേരെ അക്രമികൾ അതിക്രമിച്ചു കയറിയിരുന്ന  DustiD2 ഹോട്ടലിലേക്ക് പാഞ്ഞുചെന്നു മൈക്ക്. റൈഫിൾ കൂടാതെ ഒരു ഗ്ളോക്ക് 17 പിസ്റ്റളും, ഒരു കഠാരയും മൈക്കിന്റെ ഡിഫൻസ് കിറ്റിൽ ഉണ്ടായിരുന്നു. 
 


 

അകത്തുചെന്ന് അവിടെ കുടുങ്ങിക്കിടന്നിരുന്ന നിരവധി അതിഥികളെ സ്വന്തം ജീവൻ പണയപ്പെടുത്തിത്തന്നെ  മൈക്ക് രക്ഷപ്പെടുത്തി. അതിനിടെ, രണ്ടു തീവ്രവാദികളുമായി നേരിട്ട് പോരാടേണ്ടി വന്നു. അവർ ആ രണ്ട് അൽ ശബാബ് തീവ്രവാദികളും മൈക്കിന്റെ തോക്കിനിരയായി. തന്റെ മുഖം തിരിച്ചറിയാതിരിക്കാൻ ഒരു മാസ്കും ധരിച്ചുകൊണ്ടാണ് മൈക്ക് തന്റെ ഇടപെടലുകൾ നടത്തിയത്. മൈക്ക് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി അരമണിക്കൂറിനകം, മൈക്കിന്റെ ട്രെയിനികൾ അടങ്ങുന്ന കെനിയൻ പോലീസിന്റെ കൗണ്ടർ ടെററിസ്റ്റ് വാർഫെയർ ടീം രംഗത്തെത്തി. അവരുടെ ഓപ്പറേഷന് നേതൃത്വം നൽകിയതും മൈക്ക് തന്നെയായിരുന്നു.  മൂന്നുമണിയോടെ തുടങ്ങിയ ഏറ്റുമുട്ടൽ 19 മണിക്കൂർ നേരത്തോളം നീണ്ടുനിന്നു.  ബ്രിട്ടീഷ് പൗരനായ ലൂക്ക് പോട്ടർ അടക്കം 21 പേർക്ക് ആ തീവ്രവാദി ആക്രമണത്തിൽ ജീവനാശമുണ്ടായി. 
 അന്നത്തെ തീരെ അപ്രതീക്ഷിതമായുണ്ടായ ആ ആക്രമണത്തിനിടെ, തന്റെ ഉത്തരവാദിത്തമല്ലാതിരുന്നിട്ടുകൂടി, സ്വന്തം ജീവൻ പണയപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ, മൈക്കിനെത്തേടി ധീരതയ്ക്കുള്ള പുരസ്കാരം വന്നെത്തിയിരിക്കുകയാണിപ്പോൾ.  ബ്രിട്ടനിലെ വിക്ടോറിയ ക്രോസ്സ് എന്ന പരമോന്നത ധീരതാ പുരസ്‌കാരത്തിന് തൊട്ടുതാഴെയുള്ള ഗാലൻട്രി ക്രോസ്സ് ആണ് മൈക്കിനെ തേടിയെത്തിയിരിക്കുന്നത്.