2016 ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. മെക്സിക്കോയിൽ നിന്ന് ടെക്‌സസിലേക്കുള്ള പാലത്തിലൂടെ അതിവേഗം ഓടിക്കൊണ്ടിരിക്കെ, മിറിയം റോഡ്രിഗസിന് ഇടയ്ക്കിടെ വീർപ്പുമുട്ടി. അപ്പോഴൊക്കെ അവർ നിമിഷനേരത്തേക്ക് ഒന്നു നിന്ന് കിതപ്പാറ്റി. ആ ഇടവേളകളിൽ തന്റെ അടുത്ത ഇരയുടെ ചിത്രത്തിലേക്ക് അവർ വീണ്ടും വീണ്ടും ഉറ്റുനോക്കി. അവരുടെ കയ്യിലുണ്ടായിരുന്നത് ആ പൂക്കടക്കാരന്റെ ചിത്രമായിരുന്നു. 

ഒരു വർഷത്തിലേറെയായി മിറിയം അയാളെ ഓൺലൈനിൽ പിന്തുടരാൻ തുടങ്ങിയിട്ട്. മുമ്പായാളുടെ കൂട്ടാളികളായിരുന്നിട്ടുള്ള നിരവധി ക്രിമിനലുകളെ അവർ നേരിൽ ബന്ധപ്പെട്ടു. അയാളുടെ ബന്ധുക്കളിൽ പലരോടും കാരണങ്ങളുണ്ടാക്കി സൗഹൃദം സ്ഥാപിച്ചെടുത്തു. അയാൾ എവിടെയാണ് എന്ന് എങ്ങനെയും അറിയണം. അതായിരുന്നു മിറിയത്തിന്റെ ആവശ്യം. അങ്ങനെ ഏറെ നാൾ നടന്നു നടന്നു ചെരിപ്പുതേഞ്ഞൊടുവിൽ ഒരുനാൾ അവർ അന്വേഷിച്ച ആ വിവരം അവർക്ക് കിട്ടി. നേരത്തെ കണ്ടു പരിചയപ്പെട്ടു നമ്പർ കൊടുത്തു പിരിഞ്ഞ ഒരു മധ്യവയസ്കയായ വിധവയുടെ ഫോൺ അവരെ തേടിയെത്തി. അയാൾ അതിർത്തിയിലെ റോഡരികിൽ പൂക്കൾ വിൽക്കുകയാണ് ഇപ്പോൾ എന്ന വിവരം അവർ മിറിയത്തിന് കൈമാറി. 

മിറിയം മെക്സിക്കോയിലെ തമൗലി പാസ് പ്രവിശ്യയിലെ സെന്റ്  ഫെർണാണ്ടോ നിവാസിയാണ്. അവർ ഇങ്ങനെ അപരിചിതനായ ഒരു പുരുഷന്റെ പിന്നലെ അയാളെ ലക്ഷ്യമിട്ടുകൊണ്ട് തോക്കുമായി പോകുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. സത്യത്തിൽ, 2014 മുതൽക്ക് മിറിയം ഇതേ പാച്ചിലാണ്. ഇരുപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവരുടെ മകൾ കാരനെ തട്ടിക്കൊണ്ടു പോയി കൊന്നുകളഞ്ഞവർക്കെതിരെ അവർ ഇറങ്ങിത്തിരിച്ചിട്ട് കാലം കുറച്ചായിരുന്നു. ആ പ്രതികളിൽ ഭൂരിഭാഗവും അപ്പോഴേക്കും ജയിലിൽ ആയിക്കഴിഞ്ഞിരുന്നു. പൊലീസിന്റെ മിടുക്കുകൊണ്ടല്ല, തന്റെ മകളെ കൊന്നവരെ നീതിക്കു മുന്നിൽ എത്തിക്കണം എന്ന മിറിയത്തിന്റെ ഒരൊറ്റ വാശിപ്പുറത്തു മാത്രം. 

മിറിയത്തിന്റെ മകൾ കാരൻ ഒരു ദിവസം തന്റെ കാറിൽ പൊയ്ക്കൊണ്ടിരിക്കെ രണ്ടു കാറുകളിലായി വന്ന ഒരു സംഘം ആയുധ ധാരികൾ അവരെ തോക്കുകാണിച്ച് ഭയപ്പെടുത്തി വണ്ടി നിർത്തിച്ചു. പിന്നെ, വണ്ടിയോടൊപ്പം കാരനെ തട്ടിക്കൊണ്ടു പോയി. ഇവർ തങ്ങളുടെ ഗൂഢ സങ്കേതത്തിലേക്ക് കാരനെ കൊണ്ടുപോയ ശേഷം, അവിടെ നിന്ന് മിറിയത്തിനെ ഫോൺ ചെയ്ത് മോചന ദ്രവ്യം ആവശ്യപ്പെട്ടു.  ഒരു വട്ടമല്ല പലവട്ടം. അവർ ബാങ്കിൽ നിന്ന് ലോൺ വരെ എടുത്ത് ചോദിച്ചപ്പോഴൊക്കെ, ചോദിച്ച തുക കൊടുത്തുകൊണ്ടിരുന്നു. ഇങ്ങനെ പലവട്ടം പണം നൽകിയിട്ടും മകൾ തിരികെ വരാഞ്ഞപ്പോൾ, ഒടുവിൽ മറിയത്തിന് ഒരു കാര്യം ഉറപ്പായി. തന്റെ മകളെ അവർ കൊന്നുകളഞ്ഞിരിക്കുന്നു. 

ഒരു സാധാരണ പൗരൻ ഈ അവസ്ഥയിൽ എന്താണ് ചെയ്യുക? പൊലീസിൽ പരാതിപ്പെടും. അല്ലാതെ എന്തുചെയ്യും ? എന്നാൽ മെക്സിക്കോയിൽ സംഗതികൾ ഏറെ സങ്കീർണ്ണമാണ്. തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം തേടുന്ന കേസുകളിൽ പൊലീസിനെ സമീപിച്ചാലും ഒരു വിശേഷവും ഉണ്ടാകാൻ പോവുന്നില്ല. കുറ്റവാളി കാർട്ടലുകളുടെ സമാന്തരമായ സംവിധാനങ്ങൾ പോലീസിന്റേതിനേക്കാൾ ശക്തമാണ്. അവയെ ഒരു ചുക്കും ചെയ്യാൻ പൊലീസിന് ശേഷിയില്ല, അവർ അതിനോടു മിനക്കെടുകയുമില്ല. എന്നാൽ അങ്ങനെ തോറ്റുപിന്മാറാൻ മിറിയം തയ്യാറായിരുന്നില്ല. തന്റെ മകളെ കൊന്നവരെ കണ്ടെത്താൻ രണ്ടും കല്പിച്ച് ഇറങ്ങിത്തിരിച്ച മിറിയം തന്റെ മുടി പറ്റെ വെട്ടി, കളർ ചെയ്തു.  വ്യാജ ഐഡി കാർഡുകളുടെ സാഹത്തോടെ പലപ്പോഴും, പോൾ ഏജന്റ്, ആരോഗ്യപ്രവർത്തക എന്നിങ്ങനെ പലവേഷങ്ങളും എടുത്തണിഞ്ഞ്, അടങ്ങാത്ത ഊർജത്തോടെ അവരെ പിന്തുടർന്നു ചെന്നു. വളരെ നിഷ്കളങ്കമായി, അത്രമേൽ സ്വാഭാവികമായി എന്ന് തോന്നിപ്പിക്കുന്ന മട്ടിൽ അവർ, പ്രതികളെന്ന് സംശയിച്ചിരുന്നവരുടെ അമ്മമാരെയും, അമ്മൂമ്മമാരെയും, സഹോദരീ സഹോദരന്മാരെയും ഒക്കെ പിന്തുടർന്ന് ചെന്നു. അവരുമായി സംഭാഷണങ്ങളിൽ ഏർപ്പെട്ടു. സാന്ദർഭികമായി ഈ പ്രതികളെപ്പറ്റിയും ചോദിച്ചു. പലരും, മിറിയത്തിന്റെ ഉദ്ദേശ്യം തിരിച്ചറിയാതെ അവരോട് പലതും വെളിപ്പെടുത്തിക്കൊണ്ടിരുന്നു. 

മിറിയത്തിന്റെ മകൾ കാരനെ തട്ടിക്കൊണ്ടു പോയത് സീറ്റ കാർട്ടൽ എന്ന മെക്സിക്കോയിലെ കുപ്രസിദ്ധമായ അധോലോക സംഘത്തിലെ അംഗങ്ങളായ ചിലർ ചേർന്നാണ്. ഇപ്പോൾ അവർ പിന്തുടർന്നുവന്ന യുവാവിന് കാർട്ടലിൽ അംഗമാവും മുമ്പ് പൂവില്പനയായിരുന്നു പണി എന്നും, ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷിച്ചു തുടങ്ങിയപ്പോൾ ഇയാൾ പണിയൊക്കെ നിർത്തി പൂവില്പന വീണ്ടും തുടങ്ങുകയാണുണ്ടായത് എന്നുമൊക്കെ മിറിയം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. എന്നയാൾ വിട്ടുകൊണ്ടിരുന്നത് കൂളിംഗ് ഗ്ലാസുകൾ ആയിരുന്നു. അതുകൊണ്ട് തൊട്ടടുത്ത് എത്തിയ ശേഷം മാത്രമാണ് മിറിയത്തതിന് അയാളെ മനസ്സിലായത്. അതുകൊണ്ട് മുഖത്തു പെട്ടന്നുണർന്ന വികാര സ്തോഭം മറച്ചു പിടിക്കാൻ അവർക്ക് സാധിച്ചില്ല.  കണ്ടതും ആളെ തിരിച്ചറിഞ്ഞത് കൊണ്ട് അയാൾ ഓട്ടം തുടങ്ങി. പിന്നാലെ ഓടിച്ചെന്നു മിറിയം അയാളെ കുപ്പായത്തിനു പിടിച്ച് വലിച്ച് താഴെ മറിച്ചിട്ട ശേഷം, അയാൾക്കുനേരെ തോക്കു ചൂണ്ടി. "അനങ്ങിപ്പോകരുത്, ചുട്ടുകളയും" അവർ അയാളോട് ആക്രോശിച്ചു. പൊലീസ് വരുന്നത് വരെയുള്ള അരമണിക്കൂർ നേരം അവർ അയാളെ കണ്ണിമ വെട്ടാതെ തോക്കും ചൂണ്ടി തടഞ്ഞുവെച്ചു. ഒടുവിൽ പൊലീസെത്തി അയാളെ അറസ്റ്റു ചെയ്തു. അങ്ങനെ തുടർച്ചയായ മൂന്നു വർഷത്തെ പരിശ്രമം കൊണ്ട് മിറിയം അഴിക്കുള്ളിൽ എത്തിച്ചത് സീറ്റ കാർട്ടലിലെ പത്തു ക്രിമിനലുകളെയാണ്. അവർ ഓരോരുത്തർക്കും കാരന്റെ തട്ടിക്കൊണ്ടു പോകലിലും കൊലപാതകത്തിലും കൃത്യമായ പങ്കുണ്ടായിരുന്നു. 

മകളെ തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞ സംഘത്തെ പിടികൂടാനുള്ള മിറിയത്തിന്റെ ഈ അടങ്ങാത്ത ത്വരയിൽ നിന്ന് സെന്റ്  ഫെർണാണ്ടോ നഗരത്തിനും ചിലത് പഠിക്കാനുണ്ടായിരുന്നു. കുറ്റകൃത്യങ്ങൾ ചെയ്ത് രക്ഷപെടാൻ ശ്രമിക്കുന്നവരെ വെളിച്ചത്തു കൊണ്ടുവരാൻ സാധാരണ പൗരന്മാർക്കും പറ്റും എന്ന് അവർ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. 

എന്നാൽ, അതിന്റെ പേരിൽ വലിയ വില കൊടുക്കേണ്ടിത് മിറിയത്തിന് തന്നെ ആയിരുന്നു.  2017 മാർച്ച് 23 നു തമൗലി പാസിലെ ജയിലിൽ നിന്ന് കുറെ അക്രമികൾ ജയിലിൽ നിന്ന് ഒരു തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടു. അക്കൂട്ടത്തിൽ മറിയം പിടിച്ച് ജയിൽ അടച്ച സംഘത്തിലെ ചിലരുമുണ്ടായിരുന്നു. അവർ ജയിൽ ചാടിയപ്പോൾ ഏത് നിമിഷവും തന്റെ നേർക്ക് അവരുടെ പ്രതികാര ആക്രമണം ഉണ്ടാകാം എന്ന് ഭയപ്പെട്ട അവർ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു എങ്കിലും, അവർ അർഹിക്കുന്ന സുരക്ഷാ അവർക്ക് കിട്ടിയില്ല. 

ഒടുവിൽ 2017 മെയ് 14 -ന് രാത്രി പത്തരയോടെ വീട്ടിലേക്ക് നടന്നു വന്നുകൊണ്ടിരുന്ന മിറിയത്തിന്റെ പിന്നിൽ ഒരു വെളുത്ത നിറത്തിലുള്ള എസ്‌യുവി വന്നു നിന്നു. അതിലുണ്ടായിരുന്നത് ഈ ജയിൽ ചാടിയ ക്രിമിനലുകളായിരുന്നു. മിറിയത്തോട് പ്രതികാരം ചെയ്യാൻ തോക്കും കൊണ്ട് വന്നെത്തിയ അവർ അന്ന് അവരുടെ ദേഹത്ത് നിക്ഷേപിച്ചത് പതിമൂന്നു വെടിയുണ്ടകളായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ അവർ കൊല്ലപ്പെട്ടു. വീടിനു തൊട്ടുമുമ്പിൽ വെച്ചാണ് അവർ കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ട് പുറത്തേക്കോടിയെത്തിയ ഭർത്താവ് കണ്ടത് വെടിയുണ്ടകൾ അരിപ്പയാക്കി മാറ്റിയ ഭാര്യയുടെ മൃതദേഹമാണ്. അവരുടെ വലത്തേകൈ കയ്യിലുള്ള കറുത്ത ലെതർ ബാഗിനുള്ളിലാണ് ഉണ്ടായിരുന്നത്. അതിനുള്ളിൽ പ്രാണരക്ഷാർത്ഥം അവർ സൂക്ഷിച്ചിരുന്ന പിസ്റ്റലിനു തൊട്ടടുത്തെത്തി നിൽക്കുന്ന അവസ്ഥയിലായിരുന്നു അത്. 

മറിയത്തിന്റെ കഥ, ന്യൂയോർക്ക് ടൈംസ് പത്രത്തിലെ തന്റെ വിശദമായ ലേഖനത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചത് ആസം അഹമ്മദ് ആയിരുന്നു. കൊടും ക്രിമിനലുകളുടെ ഒരു കാർട്ടലിനെതിരെ സധൈര്യം ഇറങ്ങിത്തിരിച്ച്, തന്റെ മകളുടെ കൊലപാതകത്തിന് കാരണക്കാരായ പത്തോളം പേരെ അകത്താക്കാൻ വേണ്ടി അവർ പ്രവർത്തിച്ച സാഹസിക കൃത്യങ്ങൾ ഒക്കെയും മെക്സിക്കോ ഗവണ്മെന്റിനെ തന്നെ പ്രചോദിപ്പിച്ചു. ആ വഴിയിൽ ജീവത്യാങ്ങൾ ചെയ്ത മിറിയം പിന്നീട് രാജ്യത്ത് അപഹരണത്തെയും, മോചനദ്രവ്യം ആവശ്യപ്പെടലിനെയും ഒക്കെ പ്രതിരോധിക്കാൻ വേണ്ടി ഒരു പ്രത്യേക സേനയ്ക്ക് തന്നെ രൂപം നൽകി. മകളുടെ കൊലപാതകികളെ നീതിക്കുമുന്നിൽ എത്തിക്കാൻ വേണ്ടി എല്ലാ മറന്നു പോരാടിയ മിറിയം എന്ന അമ്മ കൊല്ലപ്പെട്ടത് ഒരു മദേഴ്‌സ് ഡേയ്ക്ക് തന്നെയായിരുന്നു എന്നതും തികച്ചും ആകസ്മികമായ ഒരു വസ്തുതയാണ്.