മാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാണിച്ച് സിദ്ദിഖ് കാപ്പന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നല്ലോ. ഗവണ്മെന്റിനു വേണ്ടി വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയും, കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ് എന്ന പത്രപ്രവർത്തകരുടെ സംഘടനയുടെ വക്കാലത്തിൽ കാപ്പന് വേണ്ടി വാദിച്ച സീനിയർ അഭിഭാഷകൻ കപിൽ സിബലും, തമ്മിൽ ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബെഞ്ചിനുമുന്നിൽ വിധിക്കു മുമ്പ് നടന്നത് ഏറെ നിർണായകമായ വാദപ്രതിവാദങ്ങളായിരുന്നു. 

കഴിഞ്ഞ ജനുവരി 28 ന്, സിദ്ദിഖ് കാപ്പനും അദ്ദേഹത്തിന്റെ മാതാവുമായി ഒരു വീഡിയോ കോൾ നടത്താൻ വേണ്ടി ശ്രമിച്ചിരുന്നു എങ്കിലും, മുഖമുയർത്തി സ്ക്രീനിലേക്ക് ഒന്ന് നോക്കാൻ പോലുമാവാത്തത്ര അവശയായിരുന്നു അമ്മ എന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു. ഇനി ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞതായും അമ്മയെ ചെന്ന് കണ്ടു വരാൻ വേണ്ടി അഞ്ചു ദിവസത്തെ സോപാധികമായ ഇടക്കാല ജാമ്യമെങ്കിലും തന്റെ കക്ഷിക്ക് തന്റെ കക്ഷിക്ക് അനുവദിക്കണം എന്നും സിബൽ അപേക്ഷിച്ചു. 

എന്നാൽ, സോളിസിറ്റർ തുഷാർ മെഹ്ത ഈ ആവശ്യത്തോട് ഒട്ടും അനുഭാവത്തോടു കൂടിയല്ല പ്രതികരിച്ചത്. "കാപ്പനെ ഒരു രക്തസാക്ഷി ആയൊക്കെ ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ട്രയൽ നാളേക്ക് നീക്കി വെക്കാൻ അപേക്ഷിക്കുന്നു..." എന്നായി മെഹ്ത. 

എന്നാൽ അപ്പോൾ തന്നെ അതിനെ ക്രോസ്സ് ചെയ്തുകൊണ്ട് കപിൽ സിബൽ, "എന്റെ കക്ഷിയുടെ മാതാവ് പരമാവധി ഒന്നു രണ്ടു ദിവസം കൂടിയേ ജീവിച്ചിരിക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്."എന്ന് കോടതി സമക്ഷം ബോധിപ്പിച്ചു. ജാമ്യാപേക്ഷ ഇനിയും നീട്ടിവെച്ചാൽ ഒരു പക്ഷെ അതിൽ തീരുമാനമാകും മുമ്പേ കാപ്പന്റെ മാതാവ് മരണപ്പെട്ടേക്കാം എന്ന ആശങ്കയും സിബൽ വ്യക്തമാക്കി. 

എന്നാൽ, വീണ്ടും തന്റെ എതിർപ്പ് തുടർന്ന സോളിസിറ്റർ ജനറൽ, കാപ്പന്റെ ജാമ്യാപേക്ഷയിൽ പറയുന്ന മെഡിക്കൽ കാരണങ്ങൾ വസ്തുതാവിരുദ്ധമാകാൻ വരെ സാധ്യതയുണ്ട് എന്നും അറിയിക്കുന്നു. " കുറ്റാരോപിതൻ പോപ്പുലർ ഫ്രണ്ട് എന്ന, പലയിടത്തും നിരോധിക്കപ്പെട്ടിട്ടുള്ള, വർഗീയ കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകനാണ്. എന്താണ് കേരളത്തിൽ നടക്കുന്നത്? ഇയാൾ എന്തോ സ്വാതന്ത്ര്യ സമര സേനാനിയാണ് എന്നമട്ടിലുള്ള പ്രചാരണങ്ങളാണ് അവിടെ നടക്കുന്നത്. അയാൾക്ക്‌ വേണ്ടി ഭാര്യ പണപ്പിരിവും നടത്തുന്നുണ്ട് ഇപ്പോൾ. ജേർണലിസവുമായി അയാൾക്ക് യാതൊരു ബന്ധവുമില്ല. അയാൾ പ്രവർത്തിച്ചിരുന്നു എന്ന് പറയപ്പെടുന്ന പത്രം ഇപ്പോൾ അച്ചടിക്കുന്ന ഒന്നല്ല." എന്ന് തുഷാർ മെഹ്ത വീണ്ടും തന്റെ എതിർപ്പുകൾ പുറത്തെടുക്കുന്നു. 

എന്നാൽ, സോളിസിറ്റർ ജനറലിന്റെ ആ വാദത്തോട് ജഡ്ജ് എസ് എ ബോബ്‌ഡെക്ക് യോജിക്കാനാകുന്നില്ല. "നിങ്ങൾ പറയുന്നത് ശരിയല്ല മിസ്റ്റർ മെഹ്ത. നമ്മൾ ഒരാളുടെ അമ്മയുടെ അസുഖത്തെപ്പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരാളും, എത്ര തന്നെ പ്രശ്നത്തിലാണെങ്കിലും സ്വന്തം അമ്മയ്ക്ക് ഇല്ലാത്ത അസുഖമുണ്ട്, അതും മരണാസന്നയാണ് എന്നൊന്നും കള്ളം പറയില്ല." എന്ന് അദ്ദേഹം പറയുന്നു. 

എന്നാൽ, സ്വന്തം മാതാവിന്റെ മാരകമായ രോഗാവസ്ഥ എന്നത് നിലവിലെ ചട്ടങ്ങളെ മറികടക്കാൻ വേണ്ടി കുറ്റാരോപിതൻ നടത്തുന്ന മനഃപൂർവമായ ഗൂഢാലോചനയാണ് എന്ന് സോളിസിറ്റർ ജനറൽ തുടർന്നും വാദിക്കുന്നു. "ഇവിടെ നിന്നിറങ്ങിയാൽ ഇയാളെ പരസ്യമായി ഘോഷയാത്രയായി കൊണ്ടുപോയി ഇയാളുടെ പേരിൽ ഇനിയും ഫണ്ട് സ്വരൂപിക്കപ്പെടും. ഞാനിതിനു സമ്മതിച്ചാൽ അത് നീതികരിക്കത്തക്കതാകുമോ? " എന്നായി മേഹ്തയുടെ ചോദ്യം.

എന്നാൽ, അങ്ങനെ ഒന്നുണ്ടാകാതിരിക്കാനുള്ള ഉപാധികൾ ജാമ്യത്തിൽ കോടതി ചേർത്തുകൊള്ളാം എന്ന് കോടതി സോളിസിറ്റർ ജനറലിനെ അറിയിക്കുന്നു. ഒടുവില്‍, കോടതിയിൽ നിന്ന് നേരിട്ട് വീട്ടിലേക്ക് മാത്രമെ പോകാവൂ, ഘോഷയാത്രകളിൽ പങ്കെടുക്കരുത്, അഭിമുഖങ്ങൾ നൽകരുത് എന്നിങ്ങനെയുള്ള കർശനമായ ഉപാധികളോടെയാണ് ഒടുവിൽ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുന്നത്. ജാമ്യത്തിലുള്ള സമയമത്രയും സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശ് പൊലീസ് അകമ്പടി സേവിക്കുമെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലുണ്ട്.

തൊണ്ണൂറു വയസ്സായ, സിദ്ദിഖ് കാപ്പന്റെ അമ്മയ്ക്ക് രോഗം മൂർച്ഛിച്ചിരിക്കുകയാണ് എന്നും മരിക്കും മുമ്പ് അമ്മയെ കാണണം എന്ന് അവർ അറിയിച്ചിട്ടുണ്ട് എന്നും കാണിച്ചു കൊണ്ട് കെയുഡബ്ള്യുജെ ആണ് സിദ്ദിഖ് കാപ്പന് ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.