Asianet News MalayalamAsianet News Malayalam

മലയാളി കൂട്ടായ്മയുടെ 'കൊവിഡ് ട്രാക്കർ ഡാഷ് ബോർഡി'ന് അന്താരാഷ്ട്ര അംഗീകാരം

അറുപതോളം വളണ്ടിയർമാരുടെ അഹോരാത്രമുള്ള പ്രവർത്തനങ്ങളാൽ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഡാറ്റാ സങ്കലന ഏകോപന വിശകലന വെബ്‌സൈറ്റ് ആണ് ഇന്നിത്.

The Covid Tracker dash board by malayali  collective gets recognition internationally
Author
Trivandrum, First Published Aug 17, 2020, 5:23 PM IST

കൊവിഡ് കാലമെന്നത് ഭീതികളുടെ, ആശങ്കകളുടെ കാലം കൂടിയാണല്ലോ. ഡാറ്റ എന്ന വാക്കും അതിന്റെ സുരക്ഷിതത്വവും ഒക്കെ ഈ കൊറോണക്കാലത്ത് പൊതുജനം ഏറെ ചർച്ച ചെയ്ത വാക്കുകളാണ്. പോസിറ്റീവ് ആയ രോഗികളുടെ എണ്ണം, സമ്പർക്ക രോഗികൾ, രോഗമുക്തി എന്നിങ്ങനെ ദിവസവും എന്തൊക്കെ കണക്കുകളാണ് കേരളത്തിലെ സാധാരണക്കാരന് മുന്നിലെത്തുന്നത്? ഈ കണക്കുകൾ എന്നും വൈകുന്നേരമിങ്ങനെ കേൾക്കുമ്പോൾ ആർക്കും ഉള്ള ആശങ്കകൾ ഏറാനുള്ള സാധ്യത ചെറുതല്ല.

രോഗസംബന്ധിയായ ഒട്ടനവധി കണക്കുകളിങ്ങനെ നമ്മുടെ കണ്മുന്നിലൂടെ കടന്നുപോകുമ്പോൾ, അവയെ ക്രോഡീകരിക്കാനോ, അവയുടെ അടിസ്ഥാനത്തിൽ വിശകലനങ്ങൾ നടത്താനോ ഒന്നും സാധാരണക്കാരനായ മലയാളിക്ക് ചിലപ്പോൾ സാധിച്ചെന്നു വരില്ല. എന്നാൽ, അതേസമയം കൊവിഡ് എന്ന ഈ മഹാമാരിയെപ്പറ്റിയുള്ള സ്വാഭാവികമായ ജിജ്ഞാസകളും കൗതുകങ്ങളും ഏതൊരു ശരാശരി മലയാളിക്കും കാണുകയും ചെയ്യും. അതൊക്കെ അധികം പ്രയാസപ്പെടാതെ മനസ്സിലാക്കിയെടുക്കുന്ന കാര്യത്തിൽ മലയാളികളെ സഹായിക്കാൻ വേണ്ടി CODD-K എന്ന മലയാളി കൂട്ടായ്മ തുടങ്ങിയ കൊവിഡ് ട്രാക്കർ ഡാഷ്ബോർഡിനെത്തേടി അടുത്തിടെ ഒരു അന്താരാഷ്ട്ര അംഗീകാരമെത്തി.  അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ ഇൻഫോമാറ്റിക്സ് അസോസിയേഷനി'ൽ (JAMIA) ആ കൊവിഡ് ട്രാക്കർ വെബ്സൈറ്റിനെപ്പറ്റി എഴുതി സമർപ്പിച്ച ഒരു പ്രബന്ധം തന്നെ പ്രസിദ്ധീകരിച്ചു വന്നിരിക്കുകയാണ്.  അറുപതോളം പൊതുജനങ്ങളുടെ ഒരുമയിൽ ഇങ്ങനെ ഒരു 'ക്രൈസിസ് ഡാറ്റ അനാലിസിസ് ഡാഷ്ബോർഡ്' സംഘടിപ്പിക്കപ്പെടുന്നതുതന്നെ, ഒരു പക്ഷേ ലോകത്തിൽ ഇതാദ്യമായിട്ടാവും.

CODD-K എന്നത് മലയാളികളായ ഡാറ്റാ തത്പരരുടെ ഒരു കൂട്ടായ്മയാണ്. CODD-K എന്നുവെച്ചാൽ 'Collective for  Open Data Distribution - Keralam'. അവലോകനങ്ങളിൽ തത്പരനായ മലയാളിക്ക് വേണ്ടി ഈ സമൂഹത്തെ ബാധിക്കുന്ന കെടുതികളുടെ ഡാറ്റ, വളരെ കൃത്യമായി ക്രോഡീകരിച്ച് മലയാളിക്ക് മുന്നിൽ എത്തിക്കാൻ അവർ ശ്രമിക്കുന്നു. 2018 -ലെ പ്രളയകാലത്താണ്, ദുരന്തകാലത്തെ ഡാറ്റ മാനേജ് ചെയ്യാൻ വേണ്ടി തങ്ങളാൽ കഴിയുന്ന സഹായം ചെയ്യേണ്ടതുണ്ട് എന്ന് കേരളത്തിലെ സോഫ്റ്റ്‌വെയർ, ഡാറ്റ സയൻസ് രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരിൽ ചിലർക്ക് തോന്നുന്നതും അവർ അതിനായി ഒരു കൂട്ടായ്മ തന്നെ ആരംഭിക്കുന്നതും. 

ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിക്കപ്പെട്ട അന്നുതൊട്ടുതന്നെ CODD-K -യുടെ ഉത്സാഹത്തിൽ ഡാറ്റാ അനാലിസിസ് നടക്കുന്നുണ്ടായിരുന്നു എങ്കിലും, അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ഇങ്ങനെയൊരു ഡാഷ്‌ബോർഡുണ്ടാക്കുന്നതിനെപ്പറ്റി ആലോചന പോയത് പിന്നീടാണ്. ആ ഒരു സാധ്യതയിലേക്കാണ് CODD-K എന്ന മലയാളി ടെക്‌നോളജി വളണ്ടിയർമാരുടെ കൂട്ടായ്മ തങ്ങളുടെ പ്രവർത്തന വൈദദ്ധ്യങ്ങളെ ഏകോപിപ്പിച്ചത്. അതോടെ പിറന്നു വീണത്, നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരായ ഏതൊരു പൗരനും മനസ്സിലാകുന്ന തരത്തിലുള്ള ഒരു കൊവിഡ് ദൃശ്യാവിഷ്കാരമായിരുന്നു എന്ന് പറയാം.  തങ്ങളുടെ ഡാഷ് ബോർഡിലൂടെ ആ ഡാറ്റയിലെ വളരെ പ്രാഥമികവും അതേസമയം ഏറെ രസകരവുമായ ചില ട്രെൻഡുകൾ മാപ്പുകളുടെയും, കർവുകളുടെയും, പട്ടികകളുടെയും രൂപത്തിൽ  അവതരിപ്പിക്കാനും അവർക്കാകുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ ഡാഷ്ബോർഡ് ലോഞ്ച് ചെയ്യപ്പെടുന്നതിനു പോലും മുന്നെയാണ് ഈയൊരുകൂട്ടം ഡിജിറ്റൽ-സന്നദ്ധപ്രവർത്തകർ ഇതിനു തുടക്കം കുറിച്ചത് എന്നത് ശ്രദ്ധേയമാണ്. 
 

The Covid Tracker dash board by malayali  collective gets recognition internationally

കേരളത്തിൽ വിവിധ ജില്ലകളുടെ കൊവിഡ് സംബന്ധിച്ചുള്ള അന്നന്നത്തെ സ്ഥിതിവിവരക്കണക്കുകൾ അതാതിടങ്ങളിലെ ആരോഗ്യ വകുപ്പ്, പബ്ലിക് റിലേഷൻ ഡിപ്പാർട്ടുമെന്റുകളാണ് പുറത്തിറക്കുന്നത്. ഇങ്ങനെ പുറപ്പെടുവിക്കപ്പെടുന്ന പത്രക്കുറിപ്പ്, ബുള്ളറ്റിൻ എന്നിവയെ  ആസ്പദമാക്കിയാണ് വിവിധ മാധ്യമങ്ങൾ തങ്ങളുടെ വിശകലനങ്ങളും അവലോകങ്ങളുമൊക്കെ നടത്തുന്നത്. ഇതേ ഡാറ്റ തന്നെയാണ് ഈ ട്രാക്കർ വെബ്‌സൈറ്റിലെ വിവരങ്ങൾക്കും ആധാരം. എന്നാൽ ഈ ഡാറ്റ പലയിടത്തായി പരന്നു കിടന്നിരുന്നതിനാൽ ഇതൊക്കെ ഏകോപിപ്പിച്ചു കൊണ്ടൊരു ചിന്ത, വിശകലനം ഒന്നും നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് സാധ്യമായിരുന്നില്ല. 

കേരളത്തിനുവേണ്ടി മാത്രമായി ഇങ്ങനെയൊരു ഡാഷ്ബോർഡ് വിഭാവനം ചെയ്തതും സാക്ഷാത്‌കരിച്ചതും കാസർഗോഡ് ഗവണ്മെന്റ് കോളേജിലെ ഫിസിക്സ് വിഭാഗം തലവൻ ജിജോ ഉലഹന്നാനും ജപ്പാനിലെ ത്സു‌കൂബാ സർവകലാശാലയിൽ മെറ്റാഡാറ്റ ഗവേഷകനും അറിയപ്പെടുന്ന നെറ്റ്‌വർക്ക് സെക്യൂരിറ്റി വിദഗ്ധനുമായ നിഷാദ് തല്ഹത്തും ചേർന്നാണ്. ജപ്പാനിൽ ഗവേഷകനായ നിഷാദ് തൽഹത്ത് ആണ്, കുസാറ്റിലെ തന്റെ  സീനിയറായിരുന്ന ജിജോ ഉലഹന്നാനെ ബന്ധപ്പെടുന്നതും, എന്തുകൊണ്ട് covid19japan.com മാതൃകയിൽ കേരളത്തിനായി ഒരു  ട്രാക്കർ വെബ്‌സൈറ്റ് തുടങ്ങിക്കൂടാ എന്ന് ചോദിക്കുന്നത്.  അതിനു പിന്നാലെ തൊട്ടടുത്ത ദിവസം തൊട്ടുതന്നെ നിഖിൽ നാരായണൻ, അഖിൽ ബാലകൃഷ്ണൻ, മുസ്‌ഫിര്‍, ജീവൻ യു എന്നിവരും സൈറ്റ് നിർമാണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കി. പിന്നാലെ എ വി പ്രദീപ്, ശ്രീഹരി, സനീഷ് ചെങ്ങമനാട്, പ്രേം പ്രഭാകർ, സൂരജ് പി സുരേഷ്, ശ്രീകാന്ത് സി, ഷബീഷ് ബാലൻ, നീത നാനോത്, മനോജ് കരിങ്ങാമഠത്തിൽ, സിന്ധു ജോസഫ്, അനുപമ ആർ എന്നിങ്ങനെയുള്ള പല മേഖലകളിലും വ്യാപരിക്കുന്ന പല ഡാറ്റാ സയൻസ് തത്പരർ ഈ ഉദ്യമത്തിൽ വളണ്ടിയേഴ്‌സായി സഹകരിക്കാൻ തയ്യാറായി മുന്നോട്ടുവന്നു. അങ്ങനെ പിറന്നുവീണതാണ് covid19kerala.info എന്ന ട്രാക്കർ വെബ്‌സൈറ്റ്.  കേരളത്തിലെ കേസുകൾ ക്രമാതീതമായി വർദ്ധിച്ചപ്പോൾ നിരവധിയാളുകൾ സഹായിക്കാനായി മുന്നോട്ട് വന്നു. ഇപ്പോൾ ഓരൊ ജില്ലയ്ക്കും വിവരശേഖരണത്തിനായി വോളന്റിയർമാർ പ്രവർത്തിക്കുന്നു. ലൈബ്രേറിയനായ ജാസിമിന്റെ ആഹ്വ്വാനം സീകരിച്ച് കേരളത്തിലങ്ങോളമുള്ള ലൈബറി ആന്റ് ഇൻഫോർമേഷൻ സയൻസ് പ്രൊഫഷണലുകളുടെ ഒരു കൂട്ടയ്മ ഇതിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഈ കൂട്ടായ്മയിലെ അംഗങ്ങളിൽ മിക്കവരുടെയും പേർ ഇവിടെ കാണാം. 

The Covid Tracker dash board by malayali  collective gets recognition internationally

കേരളത്തിലെ എല്ലാ കൊവിഡ് കേസുകളെയും പറ്റിയുള്ള വിവരങ്ങളെല്ലാം തന്നെ ഒരൊറ്റ ക്ലിക്കിൽ, ഒരു മിനിറ്റിൽ താഴെ നേരം കൊണ്ട് മനസ്സിലാക്കാവുന്നവിധത്തിൽ ലഭ്യമാകുന്ന ഒരിടം എന്ന മട്ടിൽ തികച്ചും അക്കാദമികമായ പരിഗണനകളോടെയാണ് ജിജോ ഉലഹന്നാനും സംഘവും ചേർന്ന് ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നത് എങ്കിലും, ഇന്നത് അറുപതോളം വളണ്ടിയർമാരുടെ അഹോരാത്രമുള്ള പ്രവർത്തനങ്ങളാൽ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഡാറ്റാ സങ്കലന ഏകോപന വിശകലന വെബ്‌സൈറ്റ് ആണ്.

 

The Covid Tracker dash board by malayali  collective gets recognition internationally

 

ഒരു സമൂഹത്തിലെ വ്യത്യസ്ത അംഗങ്ങൾ ചേർന്ന് ശാസ്ത്രീയത ചോരാതെ വിവരങ്ങൾ അവതരിപ്പിക്കുന്നു നമ്മുടെ നാട്ടിൽ അപൂർവ്വമാണ് എന്ന കാര്യം ഈ ഉദ്യമത്തെ അംഗീകരിക്കാൻ ഓക്സ്ഫോർഡ് സർവ്വകലാശാല പ്രസ്സ് പ്രസിദ്ധീകരിക്കുന്ന ജേർണലിന് പ്രേരണയായി. കേരളത്തിലെ കോവിഡുമായി ബന്ധപ്പെട്ട ഒരുപക്ഷെ ആദ്യത്തെ 'പിയർ റിവ്യൂഡ് ' പ്രബന്ധമാണ് ഇവരുടേത്. സർക്കാരുകൾ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ ന്യൂനതകളും അതിനെ തരണം ചെയ്യാനുള്ള ചില വഴികളും ഇവർ തങ്ങളുടെ പ്രബന്ധത്തിൽ നിർദ്ദേശിക്കുന്നുണ്ട്.

JAMIA പ്രബന്ധം ഇവിടെ വായിക്കാം. 

Follow Us:
Download App:
  • android
  • ios