Asianet News MalayalamAsianet News Malayalam

'മോദിയുടെ കവിതകൾ പ്രകൃതീമാതാവുമായി കവിക്കുള്ള ആത്മബന്ധത്താൽ വിശിഷ്ടം' എന്ന് വിവർത്തക

കവിതകളുടെ എഴുത്തിൽ  ഉടനീളം മോദി പ്രകടിപ്പിച്ച ആത്മാർത്ഥതയാണ് തന്നെ മൊഴിമാറ്റം പൂർത്തിയാക്കാൻ പ്രേരിപ്പിച്ചത് എന്ന് വിവർത്തക  ഭാവന സോമയ്യ പറഞ്ഞു. 

The english translation of Narendra Modis Letters to Mother the poetry collection will be released in June
Author
Ahmedabad, First Published May 30, 2020, 4:27 PM IST

നന്നേ ചെറുപ്പത്തിൽ തന്നെ താൻ 'ജഗത് ജനനി' എന്ന് വിളിച്ചിരുന്ന മാതൃദേവതാ സങ്കല്പത്തിന് കത്തെഴുതുന്ന ശീലമുണ്ടായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഒട്ടുമിക്ക ദിവസങ്ങളിലും രാത്രി കിടക്കും മുമ്പ് ഒരു കത്തെഴുതി വെച്ചിട്ടേ അദ്ദേഹം ഉറങ്ങുമായിരുന്നുള്ളൂ. ഈ കത്തുകളിൽ തന്റെ മനസ്സുതുറന്ന് കാര്യങ്ങൾ എഴുതിയിരുന്ന മോദി അതിൽ തന്റെ മനസ്സിലുദിച്ചിരുന്ന ഭാവനാവിലാസങ്ങളും പകർത്തുമായിരുന്നു. കവിതാ രൂപേണയായിരുന്നു പ്രധാനമന്ത്രിയുടെ ഈ എഴുത്തുകൾ. 

ഏതാനും മാസങ്ങൾ പിന്നിട്ടുകഴിയുമ്പോൾ, ഈ കടലാസുകളുടെ എണ്ണം കൂടുമ്പോൾ, അതെല്ലാം എടുത്ത് നാളായി വലിച്ചു കീറി, തീയിട്ടു കളയുകയും ചെയ്യുമായിരുന്നു അദ്ദേഹം. എന്നാൽ, ഇത്തരത്തിൽ അദ്ദേഹം എഴുതിയ, എന്നാൽ നശിപ്പിക്കാൻ വിട്ടുപോയ ഒരു ഡയറി അവശേഷിച്ചിരുന്നു. ഗുജറാത്തി ഭാഷയിൽ നരേന്ദ്ര മോദി ജഗത് ജനനിക്ക് എഴുതിയ ഈ കത്തുകളെ അടുത്തിടെ സുപ്രസിദ്ധ ജേർണലിസ്റ്റായ ഭാവന സോമയ്യ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ഹാർപ്പർ കോളിൻസ് അതിനെ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി. പദ്മ ശ്രീ ജേതാവായ ഭാവന സോമയ്യ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. 

'സാക്ഷി ഭാവ്' എന്നായിരുന്നു ഈ എഴുത്തുകളുടെ ഗുജറാത്തിയിലെ ശീർഷകം. 2014 മാർച്ച് എട്ടാം തീയതിയാണ് ഈ പുസ്തകം മുംബൈയിൽ വെച്ച് പ്രസിദ്ധീകരിക്കപ്പെടുന്നത്. അന്ന് മോദി പ്രധാനമന്ത്രി പദത്തിലേറിയിട്ടില്ല. ആറുവർഷം ആ പുസ്തകം വിവർത്തകയുടെ ബുക്ക് ഷെൽഫിൽ വിശ്രമിച്ചു. അടുത്തിടെയാണ് ഭാവനയോട്  അവരുടെ എഴുത്തുകാരനായ ഒരു സുഹൃത്ത് പ്രധാനമന്ത്രിയുടെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയെപ്പറ്റി സൂചിപ്പിക്കുന്നത്. അങ്ങനെയാണ് അവർ വീണ്ടും ആ പുസ്തകം കയ്യിലെടുക്കുന്നതും ഒരു തർജ്ജമയുടെ സാദ്ധ്യതകൾ പരിശോധിക്കുന്നതും. 

 

The english translation of Narendra Modis Letters to Mother the poetry collection will be released in June

 

കവിതകളുടെ എഴുത്തിൽ  ഉടനീളം മോദി പ്രകടിപ്പിച്ച ആത്മാർത്ഥതയാണ് തന്നെ മൊഴിമാറ്റം പൂർത്തിയാക്കാൻ പ്രേരിപ്പിച്ചത് എന്ന് വിവർത്തക  ഭാവന സോമയ്യ ഔട്ട് ലുക്കിനോട് പറഞ്ഞു.  കവിതയെഴുത്തിലെ പരിചയക്കുറവ് കവിതയ്ക്ക് ഒരു അസംസ്കൃത സ്വഭാവം പകരുന്നുണ്ട് എങ്കിലും, അതിലും ഒരു സൗന്ദര്യമുണ്ട് എന്ന് ഭാവന പറയുന്നുണ്ട്. എല്ലാറ്റിലും ഉപരിയായി പ്രകൃതീമാതാവുമായി നരേന്ദ്ര മോദി എന്ന കവി കാത്തുസൂക്ഷിക്കുന്ന അപാരമായ ആത്മബന്ധമാണ് ഈ പുസ്തകത്തെ അനന്യമാക്കുന്നത് എന്നും  വിവർത്തക പറഞ്ഞു.  താൻ ഒരു കവിയോ എഴുത്തുകാരനോ എന്നും അല്ലെന്നും, പുസ്തകത്തിലുള്ളത് തന്റെ ചില സങ്കല്പങ്ങളും നിരീക്ഷണങ്ങളും അതേപടി പകർത്തിയത് മാത്രമാണ് എന്നും അമ്മയ്ക്കുള്ള കത്തുകളുടെ ഗുജറാത്തി പതിപ്പിനുള്ള ആമുഖത്തിൽ മോദി പറഞ്ഞിട്ടുണ്ട്. 

പ്രസ്തുത സമാഹാരത്തിലെ മോദിയുടെ ഒരു കവിതയുടെ മലയാളവിവർത്തനം ചുവടെ, 

'കാലം ചലിക്കുന്നു' 

കാലം, ചിലപ്പോൾ 
പതുങ്ങിപ്പതുങ്ങി 
മുറിക്കു പുറത്തേക്ക്
ഇറങ്ങിപ്പോകുന്നു.
ചിലപ്പോൾ 
കരിമ്പാറ പോലെന്റെ
നെഞ്ചത്ത് അമർന്നിരിക്കുന്നു.

ഞാൻ അറിഞ്ഞിരുന്നില്ല,
കാലത്തിന് മുള്ളുകളുണ്ടെന്ന്, 
അത് കൊണ്ട് പോറുമെന്ന്,
എന്റെ ഹൃദയത്തിലുരഞ്ഞ് 
ചോര പൊടിപിക്കുമെന്നും. 

എന്തൊരു സുഗന്ധമാണ് 
കാലത്തിന് ?

എന്നിട്ടുമത് 
നിശബ്ദം, സൗമ്യമായ്, 
ഒരു ഗന്ധമോ 
സ്പർശമോ, അടയാളമോ പോലും 
അവശേഷിപ്പിക്കാതെ 
കടന്നുപോകും. 
അത് ചിലപ്പോൾ.
 
ഘടികാരസൂചികളിൽ 
കാലത്തെ
എന്നെന്നേക്കും
തടവിലിട്ട്,  
അതിനുള്ളിലെ കുഞ്ഞു കുഞ്ഞു 
യന്ത്രഭാഗങ്ങളിൽ 
അടക്കംചെയ്ത്
മനുഷ്യർ. 

ചില നിമിഷങ്ങളിൽ
അസ്വതന്ത്രം, കാലം.  
പ്രശാന്തതയിൽ,
നിശ്ചലതയിൽ, 
ഗതിവേഗത്തിൽ...


സ്പർശനമേൽക്കാത്ത
ഏതോ പ്രതിമ പോലെ 
സംരക്ഷിതമാണ്,
ആ നിമിഷങ്ങൾ, 
ചിലപ്പോൾ ദൃശ്യം
ചിലപ്പോൾ അദൃശ്യവും.

അങ്ങനെ എത്ര ക്ഷണങ്ങൾ?

ജീവിതങ്ങളിൽ,
സമൂഹത്തിൽ, 
രാഷ്ട്രത്തിൽ.
അനശ്വരമെന്ന്
വിളിക്കാനാകുമോ
അതിനെ ?

വിവരണാതീതം 
ആ ക്ഷണങ്ങൾ, എന്നും
എങ്കിലും 
അത്രമേൽ സ്പഷടം  
അതിന്റെ തീവ്രത,
ഒരു മഞ്ഞുതുള്ളി 
പൊഴിയുംപോലെ ചിലപ്പോൾ
ഹൃദയത്തിൽ.


ഒന്ന് മുങ്ങാങ്കുഴിയിട്ട് 
നിവരേണ്ടതുണ്ടാവും,
കാലത്തിനും,
ചിലപ്പോൾ. 

അമ്മേ, എനിക്കും 
കാലത്തെ ജയിക്കണമെന്നുണ്ട്...
 
കാലത്തിലെ 
ഓരോ ക്ഷണങ്ങളെയും 
കീഴടക്കണമെന്നുണ്ട്. 

എന്റെ പഥങ്ങളിൽ
യാത്ര സുകരമാക്കുന്ന 
കാലത്തിന്റെ മഞ്ഞുകണങ്ങൾ 
അമ്മ പൊഴിക്കില്ലേ? 

ഈ ജീവിതപ്രവാഹത്തിൽ 
ഒരപ്പൂപ്പൻതാടി പോലെ 
ഒഴുകി നടക്കാം 
അതുവരെ ഞാൻ.

എന്നെങ്കിലും 
എവിടെയെങ്കിലും വെച്ച്
അതിനെ കണ്ടെത്തുമെന്ന
പ്രതീക്ഷയോടെ..! 

Follow Us:
Download App:
  • android
  • ios