Asianet News MalayalamAsianet News Malayalam

ഏഴ് മുത്തശ്ശിമാര്‍, അവരുടെ യാത്ര വിഷമുള്ള കടല്‍പ്പാമ്പുകളെത്തേടി കടലിന്‍റെ അടിത്തട്ടിലേക്ക്...

ഈ മുത്തശ്ശിമാര്‍ എപ്പോഴും പാമ്പുകളില്‍നിന്നും ഒരു നിശ്ചിത അകലം സൂക്ഷിച്ചിരുന്നു. മാത്രമല്ല അവയെ സ്‍പര്‍ശിച്ചിരുന്നുമില്ല. അങ്ങനെ സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കുന്നത് കൂട്ടത്തിലെ ബോസിന്‍റെ ജോലിയായിരുന്നു. 

the fantastic grandmothers and their study
Author
Noumea, First Published Oct 24, 2019, 12:51 PM IST

60 -നും 75 -നും ഇടയില്‍ പ്രായമുള്ള ഏഴ് മുത്തശ്ശിമാര്‍. കടലിന്‍റെ ആഴങ്ങളിലേക്ക് അവര്‍ ഊളിയിട്ടിറങ്ങുന്നത് ഒരു കടിയേറ്റാല്‍ മരണം പോലും സംഭവിച്ചേക്കാവുന്ന കടല്‍പ്പാമ്പുകളെത്തേടിയാണ്. ദിവസത്തില്‍ മൂന്ന് കിലോമീറ്റര്‍ വരെ ആഴത്തില്‍ യാതൊരു മടിയും കൂടാതെ ഇവര്‍ ഇറങ്ങിച്ചെല്ലുന്നു. നൗമിയയിലെ സമുദ്രത്തിലെ കടല്‍പ്പാമ്പുകളെ കുറിച്ചുള്ള സൂക്ഷ്‍മമായ പഠനത്തിലേക്കാണ് ഇവരുടെ യാത്ര. 

ന്യൂ കാലിഡോണിയ സർവകലാശാലയിൽ നിന്നുള്ള ക്ലെയർ ഗൊയ്‌റാനും ഓസ്‌ട്രേലിയയിലെ മക്വാരി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ റിക്ക് ഷൈനുമാണ് പഠനത്തിന് തുടക്കം കുറിച്ചത്. ഇവിടെ സ്ഥിതിചെയ്യുന്ന ചില കടലാമകളെ കുറിച്ചാണ് പഠനം തുടങ്ങിയതെങ്കിലും പിന്നീടത് 1.5 മീറ്റർ നീളമുള്ള വിഷമുള്ള വലിയ കടൽ പാമ്പിലെത്തുകയായിരുന്നു. 15 വർഷത്തിനിടെ ആറ് തവണ മാത്രമാണ് ഇത്തരം പാമ്പുകളെ കണ്ടിട്ടുള്ളതായി അറിയാവുന്നത്. ഈ പാമ്പുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങളെവിടെയുമില്ല എന്ന് ക്ലെയറിനും ഷൈനും തോന്നി. അങ്ങനെ, അവയെ കുറച്ചുകൂടി നിരീക്ഷിക്കാനും പഠിക്കാനും ഇരുവരും തീരുമാനിക്കുന്നു. മാത്രവുമല്ല, ഉൾക്കടലിലെ ആവാസവ്യവസ്ഥയുടെ പ്രാധാന്യം മനസിലാക്കാന്‍ ഈ പഠനം സഹായകരമാകുമെന്നും അവര്‍ക്ക് തോന്നി. അങ്ങനെ 2013 മുതല്‍ അവര്‍ ഈ കടല്‍പ്പാമ്പുകളെ കുറിച്ചുള്ള പഠനത്തിലേക്ക് ഇറങ്ങിത്തിരിച്ചു. 

നൗമിയയില്‍ വളരെയധികം വിനോദസഞ്ചാരികളെത്തുന്ന ഇടങ്ങളാണ് ഇവര്‍ പഠനം നടത്താന്‍ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ പഠനം നടത്താന്‍ പോകുന്ന സമയത്തെല്ലാം നിരവധി വിനോദസഞ്ചാരികളെ ക്ലെയര്‍ കണ്ടുമുട്ടാറുണ്ട്. ഈ പാമ്പുകളെ കണ്ടെത്താനും പഠിക്കാനുമായി ആഴക്കടലിലേക്ക് ഊളിയിടുമ്പോഴെല്ലാം അലിനെ എന്നൊരു സുഹൃത്തിനെ ക്ലെയര്‍ കാണാറുണ്ടായിരുന്നു. അങ്ങനെ, അലിനെ ക്ലെയറിന്‍റെ പഠനത്തിന് സഹായകമാകുന്നതിനായി ആ പാമ്പുകളുടെ പടം എടുത്തുതുടങ്ങി. ശേഷം അവ മെയിലയച്ച് നല്‍കും. 

ക്ലെയറിനത് വളരെ സന്തോഷമായി. അങ്ങനെ, പഠനം ഒന്ന് വിപുലമാക്കുന്നതിനായി സുഹൃത്തും അയല്‍ക്കാരിയുമായ മോണിക്കിനോടുകൂടി സഹായമഭ്യര്‍ത്ഥിച്ചു ക്ലെയര്‍. മോണിക്ക് ആകട്ടെ വേറൊരു സുഹൃത്തിനോട് കൂടി കൂടെക്കൂടുന്നോ എന്ന് ചോദിച്ചു. അങ്ങനെ അങ്ങനെ ആളുകള്‍ കൂടിക്കൂടി അത് ഏഴ് മുത്തശ്ശിമാരുടെ ഒരു കൂട്ടായ്‍മ തന്നെയായിമാറി. അവര്‍ തന്നെ തങ്ങളുടെ സംഘത്തിന് ഒരു പേരും നല്‍കി 'ദ ഫന്‍റാസ്റ്റിക് ഗ്രാന്‍റ്മദേഴ്‍സ്' (the fantastic grandmothers). അതിലുള്ളവരെല്ലാം 60 -നും 75-നും ഇടയില്‍ പ്രായമുള്ളവരാണ്. ക്ലെയറും ഷൈനും ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് ആരും മനസിലാക്കത്തത്രയും കടല്‍പ്പാമ്പുകള്‍ ഈ സമുദ്രത്തിലുണ്ട് എന്നവര്‍ക്ക് മനസിലാകുന്നത്. ക്ലെയറും ഷൈനും ചേര്‍ന്ന് 'എക്കോസ്‍ഫിയര്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് അവിടെമാത്രം ഉള്‍ക്കടലില്‍ 250 -ലേറെ കടല്‍പ്പാമ്പുകളുണ്ട് എന്നാണ്. ''നമ്മളെല്ലാവരും ചേര്‍ന്ന് ഈ ചെറിയ ഇടത്തുതന്നെ ഇത്രയധികം മാരകവിഷമുള്ള കടൽപാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ഓരോ ദിവസവും പ്രദേശവാസികളും കപ്പൽ യാത്രക്കാരുമെല്ലാം അതുവഴി കടന്നുപോകുന്നുണ്ട്. എന്നിട്ടും അവര്‍ക്കാര്‍ക്കും കടിയേറ്റതായി രേഖപ്പെടുത്തിയിട്ടില്ല.'' എന്നും ക്ലെയര്‍ പറയുന്നു. 

the fantastic grandmothers and their study

'ദ ഫന്‍റാസ്റ്റിക് ഗ്രാന്‍റ്മദേഴ്‍സ്'

മാത്രവുമല്ല, കരുതിയതിനേക്കാള്‍ വലിയ സംഭാവനയാണ് ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതില്‍ ഈ കടല്‍പ്പാമ്പുകള്‍ വഹിക്കുന്നത് എന്നും പഠനത്തില്‍ നിന്ന് വ്യക്തമാകുന്നു. പക്ഷേ, ഇതിനെക്കുറിച്ച് കൂടുതലെന്തെങ്കിലും വ്യക്തമാക്കുന്ന ആഴത്തിലുള്ള പഠനമൊന്നും തന്നെ നേരത്തെ ഉണ്ടായിട്ടുമില്ല. തന്‍റെ കൂട്ടത്തിലുണ്ടായ ആ മുത്തശ്ശിമാരില്ലായിരുന്നുവെങ്കില്‍ തന്‍റെ പഠനം സാധ്യമാകില്ലായിരുന്നുവെന്ന് ക്ലെയര്‍ പറയുന്നു. കാരണം, സംഘത്തിലെ എല്ലാവര്‍ക്കും എപ്പോഴും കടലിലേക്കിറങ്ങാന്‍ കഴിയുമായിരുന്നില്ല. ചിലര്‍ ഹൈക്കിങ്ങിലായിരിക്കും, ചിലര്‍ ബൈക്കിങ്ങിലായിരിക്കും, ചിലര്‍ യോഗാ ക്ലാസെടുക്കുകയായിരിക്കും, ചിലര്‍ക്ക് കൊച്ചുമക്കളെ നോക്കാനുണ്ടാവും അങ്ങനെ... അങ്ങനെ...

അലിനെ പറയുന്നത്, അവര്‍ക്കൊരിക്കലും ഈ കടലിന്‍റെ അടിത്തട്ടിലോട്ടിറങ്ങിച്ചെന്നപ്പോള്‍ കടിയേറ്റാല്‍ മരണം വരെ സംഭവിച്ചേക്കാവുന്ന ആ പാമ്പുകളെ ഭയമില്ലായിരുന്നുവെന്നാണ്. ഈ മുത്തശ്ശിമാര്‍ എപ്പോഴും പാമ്പുകളില്‍നിന്നും ഒരു നിശ്ചിത അകലം സൂക്ഷിച്ചിരുന്നു. മാത്രമല്ല അവയെ സ്‍പര്‍ശിച്ചിരുന്നുമില്ല. അങ്ങനെ സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കുന്നത് കൂട്ടത്തിലെ ബോസിന്‍റെ ജോലിയായിരുന്നു. അലിനെയുടെ ജോലി ഫോട്ടോയും വീഡിയോയും എടുക്കുക എന്നതായിരുന്നു. മറ്റുള്ള സംഘാംഗങ്ങള്‍ ഓരോ പാമ്പിനെയും വേര്‍തിരിച്ചറിയാനും അവയെ സംബന്ധിച്ച പ്രത്യേക വിവരങ്ങള്‍ രേഖപ്പെടുത്താനും സഹായിച്ചു. പാമ്പുകള്‍ ചലിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍, ഫോട്ടോയെടുക്കുന്നത് വളരെ പ്രയാസമേറിയ ജോലിയായിരുന്നു. പക്ഷേ, ഇരയെത്തേടുന്ന സമയത്ത് ഈ പാമ്പുകളുടെ ചലനം വളരെ പതുക്കെയായിരിക്കുമെന്നും അലിനെ പറയുന്നു. ആ സമയത്താണ് കൃത്യമായി അവയുടെ ഫോട്ടോയെടുക്കാന്‍ സാധിക്കുക. 

the fantastic grandmothers and their study

സംഘാംഗവും അലിനെയുടെ സുഹൃത്തുമായ സില്‍വി ഷെബറ്റ് പറയുന്നത്, അവര്‍ക്ക് ആദ്യമൊക്കെ ഈ വിഷപ്പാമ്പുകളെ പേടിയായിരുന്നു. എന്നാല്‍, പതിയെ പതിയെ ആ ഭയം മാറുകയും കൗതുകം വര്‍ധിക്കുകയും ചെയ്‍തുവെന്നാണ്. പാമ്പുകളുടെ ജീവിതരീതിയും പ്രവര്‍ത്തനരീതിയും പ്രത്യേകതകളുമെല്ലാം പഠിക്കുക എന്നത് വളരെ രസകരമായിരുന്നുവെന്ന് അലിനെ പറയുന്നു. സാധാരണ നീന്തലില്‍നിന്നും കവിഞ്ഞ് ശാസ്ത്രീയമായ പഠനങ്ങളിലേക്കുള്ള യാത്രയായിരുന്നു അത്. എത്ര പാമ്പുകളുണ്ടാകും, എവിടെയൊക്കെ കാണും? ഗര്‍ഭിണിയാണോ? അത്തരം കാര്യങ്ങളെല്ലാം മനസിലാക്കുക രസകരമായിരുന്നുവെന്നും സില്‍വി പറയുന്നുണ്ട്. മോണിക്ക് പറയുന്നത്, പഠനത്തിലൊരിക്കല്‍പ്പോലും ആ പാമ്പുകള്‍ അപകടകരമായ രീതിയില്‍ ഒന്നുംതന്നെ അവര്‍ ചെയ്‍തിരുന്നില്ലായെന്നാണ്. ഒരിക്കല്‍പ്പോലും പാമ്പിനെ തൊട്ടിട്ടില്ല എന്നും മോണിക്ക് പറയുന്നുണ്ട്. 

ഏതായാലും ആ കടല്‍പ്പാമ്പുകളെ സംബന്ധിക്കുന്ന തികച്ചും ശാസ്ത്രീയമായ പഠനത്തിലേക്കുള്ള വഴി തന്നെയാണ് ക്ലെയറിലൂടെ ഈ മുത്തശ്ശിമാരിലെത്തിച്ചേര്‍ന്നത്. മാത്രവുമല്ല അത് ശാസ്ത്രലോകത്തിന് നല്‍കിയതാകട്ടെ ഈ പാമ്പുകളെക്കുറിച്ചുള്ള അതുവരെയില്ലാത്ത ചില അറിവുകളും. 

Follow Us:
Download App:
  • android
  • ios